Wednesday October 24th, 2018 - 8:37:am
topbanner
Breaking News

കമ്മ്യൂണിസ്റ്റുകാര്‍ ബിസിനസ്സ് ചെയ്യാന്‍ പാടില്ലെന്നാരാണു പറഞ്ഞത്? ബിനോയ് കോടിയേരി വിഷയത്തില്‍ പ്രതികരണവുമായി ജോയ്മാത്യു

rajani v
കമ്മ്യൂണിസ്റ്റുകാര്‍ ബിസിനസ്സ് ചെയ്യാന്‍ പാടില്ലെന്നാരാണു പറഞ്ഞത്? ബിനോയ് കോടിയേരി വിഷയത്തില്‍ പ്രതികരണവുമായി ജോയ്മാത്യു

കൊച്ചി: ബിനോയ് കോടിയേരി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ബിസിനസ്സ് ചെയ്യാന്‍ പാടില്ലെന്നാരാണു പറഞ്ഞതെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. കോടിയേരിയുടെ മകന്‍ ബിസിനസ്സ് ചെയ്താല്‍ എന്താണ് കുഴപ്പം. കമ്മ്യൂണിസ്റ്റുകാരന്‍ ബിസിനസ്സ് ചെയുമ്‌ബോള്‍ അതിനു പരിധി വെക്കണം എന്ന് പറയുന്നതിലെ യുക്തി എന്താണെന്നും ജോയ് മാത്യു ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബിസിനസ്സ് ഒരു മോശം കാര്യം എന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഡിത്തമാണ്. എല്ലാവരും ആരുടെയെങ്കിലുമൊക്കെ ജോലിക്കാരാകണം എന്ന് പറയുന്നതിന്റെ അര്‍ത്ഥം എല്ലാവരും മരണംവരെ അടിമകള്‍ ആയിരിക്കണം എന്നാണു. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവന്‍ സ്വന്തമായി എന്തെങ്കിലും ചെയ്ത് (അത് ബിസിനസ്സായാലും
കൃഷി ആയാലും)വരുമാനമുണ്ടാക്കി തലയുയര്‍ത്തി നടക്കും അല്ലാത്തവര്‍ എന്ത് വലിയ പദവിയിലിരുന്നാലും മറ്റാരുടേയൊ ആജ്ഞകള്‍ക്ക് വിധേയരായി ആയുസ്സ് പാഴാക്കി ജീവിക്കേണ്ടിവരും.

ബിസിനസ്സ് ഒരു ഞാണിന്മേല്‍ക്കളിയാണ്. അതിന്റെ നിയമങ്ങളും വേറെയാണ്. ഏത് സമയവും പ്രതീക്ഷകള്‍ തകര്‍ന്ന് പോകാം, ആത്മഹത്യയില്‍ അഭയം തേടിയ എത്രയോ ബിസിനസ്സുകാരെ നമുക്കറിയാം, എന്നാല്‍ സ്വപ്നങ്ങളെ കീഴടക്കിയര്‍ അതിലധികമാണ്. ജീവിതത്തില്‍ സാഹസികത തീരെ ഇല്ലാതെ സ്ഥിരവരുമാനം ഉറപ്പാക്കി ജീവിക്കുന്നവര്‍ ജീവിതത്തെ നേരിടാന്‍ ഭയപ്പെടുന്നവരാണ്, അവര്‍ സുക്ഷിതത്വം ജീവിതലക്ഷ്യമാക്കി ഒടുവില്‍ അസംതൃപ്തരായി ഒടുങ്ങുന്നു. അദ്ധ്വാനിച്ച് ബിസിനസ്സ് ചെയ്ത് ലാഭമുണ്ടാക്കുന്നവനെ അസൂയയോടെ നോക്കിയിരുന്ന് പല്ലിറുമ്മുന്നു, അവന്റെ വീഴ്ചക്കായി മലയാളിയുടെ സഹജ സ്വഭാവത്തോടെ കാത്തിരിക്കുന്നു.

ബിസിനസ്സുകാരന്‍ ദീര്‍ഘവീക്ഷണമുള്ളവനും സ്വപ്നം കാണുന്നവനുമായിരിക്കും. ചില സ്വപ്നങ്ങള്‍ പൂവണിയും ചിലത് കടലെടുക്കും എങ്കിലും സ്വന്തം സംരംഭങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് അവന്‍ പോരാടിക്കൊണ്ടേയിരിക്കും. കമ്മ്യൂണിസ്റ്റുകാര്‍ ബിസിനസ്സ് ചെയ്യാന്‍ പാടില്ലെന്നാരാണു പറഞ്ഞത്? കോടിയേരിയുടെ മകന്‍ ബിസിനസ്സ് ചെയ്താല്‍ എന്താ കുഴപ്പം? അത് അയാളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ആയിരങ്ങള്‍ മുടക്കി ഒരാള്‍ ഒരു പെട്ടിക്കട തുടങ്ങുന്നതും മറ്റൊരാള്‍ കോടികള്‍ കടമെടുത്ത് ബിസിനസ്സ് ചെയ്യുന്നതും രണ്ടാണെങ്കിലും രണ്ടും ബിസിനസ്സ് തന്നെ. അല്ലാതെ കമ്മ്യൂണിസ്റ്റുകാരന്‍ ബിസിനസ്സ് ചെയുമ്‌ബോള്‍ അതിനു പരിധി വെക്കണം എന്ന് പറയുന്നതിലെ യുക്തി എന്താണ്?

കൂടുതല്‍ കോപ്പികള്‍ വിറ്റുപോകാന്‍ ആഗ്രഹിക്കാത്ത ഏത് പത്രമുതലാളിയാണുള്ളത്? കോടികള്‍ വിറ്റുവരവുള്ള ബിസിനസ്സുകാരനും പാര്‍ട്ടി എംഎല്‍എയുമായ വി കെസി മമ്മത് കോയയോട് നിങ്ങള്‍ ഒരു ലക്ഷം രൂപക്കുമേല്‍ കച്ചവടം ചെയ്യരുത് എന്ന് പറയാന്‍ പറ്റുമോ? പറഞ്ഞാല്‍ത്തന്നെ അദ്ദേഹം കേള്‍ക്കുമോ? ഇനി അതൊന്നും വേണ്ട ഗവണ്‍മെന്റ് നടത്തുന്ന ലോട്ടറിയില്‍ ബംബര്‍ ആറുകോടി ലഭിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍ അയാള്‍ എന്തുചെയ്യണം? അത് മുതലിറക്കി കച്ചവടമൊന്നും ചെയ്യാന്‍ പാടില്ലേ? അതൊ അത് തിരിച്ച് സര്‍ക്കാരിന്നുതന്നെ നല്‍കി മാതൃകയാകണോ?

ജീവിതത്തില്‍ ദരിദ്രരായി ജീവിച്ചുമരിച്ച നേതാക്കാന്മാരെ ഉദാഹരണങള്‍ നിരത്തി അവതരിപ്പിച്ച് കുത്തക പത്രങ്ങള്‍ നമ്മളുടെ കണ്ണുകള്‍ കെട്ടും. (എഴുതിപ്പിടിപ്പിക്കുന്നവന്‍ തന്നെ സ്വകാര്യമായി എന്തെങ്കിലും കച്ചവടവും ചെയ്യുന്നുണ്ടാവും) രാഷ്ട്രീയം പുതിയ തലമുറക്ക് ഇഷ്ടമില്ലാതാക്കുന്നത് പോലെയാണൂ കുത്തക പത്രങ്ങള്‍ ബിസിനസ്സിനെയും മോശമാക്കി ചിത്രീകരിക്കുന്നത്. ബിസിനസ്സ്, അതെത്ര ചെറുതാണെങ്കിലും സ്വപ്നം കാണുന്നവര്‍ക്കും സാഹസികര്‍ക്കുമുള്ളതാണ്. തിരിച്ചടികള്‍ സ്വാഭാവികം അത് സാഹസികര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് അല്ലാത്തവര്‍ക്ക് ജീവിതകാലം മുഴുവന്‍ യജമാനന്മാരെ പേടിച്ചുള്ള ജീവിതവും ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയാതെപോയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വേവലാതിനിറഞ്ഞ മരണവും ബാക്കിയാകുന്നു.

ചാനലിലെ ന്യായവിസ്താരങ്ങളില്‍ ഇരുന്ന് ബബബ പറയുന്ന സഖാക്കന്മാര്‍ ആദ്യം മനസ്സിലാക്കേണ്ടത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ എഴുതിയത് കാള്‍ മാര്‍ക്ക്‌സ് മാത്രമല്ല ഫ്രെഡറിക് എംഗല്‍സും കൂടിയാണെന്നാണ്. ഏംഗല്‍സ് ജര്‍മ്മനിയിലെ ഒരു വ്യവസായിയായിരുന്നെന്നും അദ്ദേഹത്തിന്റെ സഹായമില്ലായിരുന്നെങ്കില്‍
'മൂലധനം' പൂര്‍ത്തിയാക്കാന്‍ മാര്‍ക്ക്‌സിനു കഴിയുമായിരുന്നില്ലെന്ന് ചരിത്രം പറയുന്നു. കുട്ടികള്‍ സാഹസികരാവട്ടെ സ്വപ്നങ്ങള്‍ കാണട്ടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കീഴടക്കട്ടെ.

 

Read more topics: joymathew, respond, binoy issue
English summary
joymathew respond binoy issue
topbanner

More News from this section

Subscribe by Email