-റിയാസ് കെ എം ആർ-
കേരളഓണ്ലൈന് വാര്ത്തകള് ടെലിഗ്രാമില് ലഭിക്കാന് ക്ലിക്ക് ചെയ്യുക
മലയാളത്തിലെ നടിമാരിൽ ഹാസ്യത്തിലും കാരക്ടർ വേഷത്തിലും ഒരു പോലെ തിളങ്ങാൻ സാധിച്ച അപൂർവ്വം ചിലരെയുള്ളു. അവരിൽ പ്രധാനിയാണ് നടി പൊന്നമ്മ ബാബു. നിഷ്കളങ്കമായ മനസും നന്മയാർന്ന ഹൃദയവും സദാ പുഞ്ചിരിയും സൂക്ഷിക്കുന്ന അവർ താരജാഡകളുള്ള അഭിനേതാക്കൾക്കിടയിൽ നിന്ന് തീർത്തും വ്യത്യസ്തയാണ്. പേര് പോലെ തന്നെ നന്മകളുടെ കാര്യത്തിലും പൊന്നുള്ള മനസാണ് അവരുടേത്. മലയാള സിനിമയുടെ സ്വന്തം പൊന്നമ്മ ബാബു ‘കേരള ഓൺലൈൻ ന്യൂസ്’ നോട് അവരുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സിനി വ്യൂസ് പംക്തിയിലൂടെ.
നാടകത്തിൽ നിന്നും സിനിമയിലേക്ക്. എന്തായിരുന്നു സിനിമാ മേഖലയിലേക്ക് വരാൻ കാരണമായത്?
അടിസ്ഥാനപരമായി ഭർത്താവ് ബാബുച്ചായന് അന്നും നാടകവും നാടക ട്രൂപ്പുമുണ്ടായിരുന്നു. അദ്ദേഹം നല്ല സാമ്പത്തികമുള്ള വ്യക്തിയുമായിരുന്നു. ഒരു വർഷം മാത്രമാണ് ഞാൻ ഭർത്താവിന്റെ നാടക കമ്പനിയിൽ അഭിയിച്ചത്. കല്യാണം കഴിഞ്ഞതോടെ എല്ലാം നിർത്തി. കുടുംബമായി.മക്കളായി. പിന്നീട് ബിസിനസിൽ തകർച്ച നേരിട്ടു. നാടക കമ്പനിയും നിർത്തേണ്ടി വന്നു. സാമ്പത്തികം തന്നെയായിരുന്നു സിനിമയിൽ വരാനുള്ള പ്രധാന കാരണമെന്ന് പറയാം. കുട്ടികളൊക്കെ ആയി 13 വർഷത്തിന് ശേഷമാണ് ഞാൻ വീണ്ടും നാടകത്തിൽ വന്നത്. എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നാടകം കളിക്കുന്നതിനിടെയാണ് ഒരു പ്രൊഡ്യൂസർ വന്ന് പരിചയപ്പെട്ടത്. പടനായകൻ എന്ന സിനിമയിൽ രാജൻ പി ദേവിന്റെ ഭാര്യയായാണ് എത്തിയത്. എന്നാൽ, ബ്രേക്കായി മാറിയത് ഉദ്യാന പാലകനാണ്.
സിബി മലയിൽ ലോഹിതദാസിന് പരിചയപ്പെടുത്തുന്നു.
അതിനിടെ കളിവീട് സിനിമ ചെയ്തിരുന്നു.. അപ്പോഴാണ് സിബി സാർ എന്നെക്കുറിച്ച് ലോഹി സാറിന് പരിചയപ്പെടുത്തുന്നത്. പൊന്നമ്മ എന്ന നല്ലൊരു നടിയുണ്ടെന്നൊക്കെ പറഞ്ഞ്. അത് പിന്നീട് മമ്മൂക്കയുടെ ചേച്ചിയായി അഭിനയിക്കാനുള്ള അവസരമൊരുക്കി. അത് കഴിഞ്ഞ് എം ടി സാറിന്റെ എന്ന് സ്വന്തം ജാനകിക്കുട്ടി, തീർത്ഥാടനം, സത്യൻ അന്തിക്കാട്, ജോഷി, രാജീവ് കുമാർ, രാജീവ് അഞ്ചൽ എന്നിവരുടെ പടങ്ങളിൽ വേഷം ചെയ്തു. കൂടുതലും അമ്മ വേഷമായിരുന്നു എനിക്ക് ലഭിച്ചിരുന്നത്.
ഹാസ്യവേഷങ്ങളിലേക്ക് ചുവട് വെക്കുന്നു.
ഏഷ്യാനെറ്റ് തുടങ്ങിയ സമയത്ത് കന്നഡക്കാരനായ ശ്യാം സുന്ദർ സീരിയൽ ചെയ്യാനായി കേരളത്തിൽ വന്നിരുന്നു. ഏഷ്യാനെറ്റിനെ ഏഷ്യാനെറ്റാക്കി മാറ്റിയ ‘സ്ത്രീ’ യിലേക്ക് വിളിച്ചിരുന്നു. ആ സമയത്ത് എഴുപുന്ന തരകൻ, ചന്ദാമാമ എന്നിവയിൽ അഭിനയിക്കുകയായിരുന്നു ഞാൻ. അതിനിടെ മണി ഷൊർണ്ണൂർ ആയിരുന്നു എന്നെ സീരിയലിലേക്ക് വിളിച്ചത്. എന്നാൽ എനിക്ക് സീരിയലിനോട് താത്പര്യം തോന്നാത്തതിനാൽ ആദ്യം ഞാൻ പോയിരുന്നില്ല. എന്നാൽ ‘സ്ത്രീ’ പിന്നീട് ഹിറ്റായി. അതിലെ ശ്രദ്ധേയമായ വേഷം ചെയ്യാനാവാത്തതോർത്ത് ഏറെ സങ്കടം തോന്നി. അങ്ങനെയിരിക്കെയാണ് 150 എപ്പിസോഡൊക്കെ കഴിഞ്ഞ് വീണ്ടും മണി സാർ വിളിച്ചത്. വേലക്കാരിയുടെ വേഷമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും അമ്പരന്നു. എന്നാൽ, മക്കളുമായി ആലോചിച്ചപ്പോൾ അവരാണ് പറഞ്ഞത് അമ്മ ആ വേഷം ചെയ്യണമെന്ന്. അങ്ങനെയാണ് സിദ്ദീഖിന്റെയും വിനയപ്രസാദിന്റെയും കൂടെ വേലക്കാരിയായി എത്തിയത്. പിന്നീട് ആ കഥാപാത്രം ഹ്യൂമറിൽ പിടിക്കുകയായിരുന്നു. അതാണ് ഹ്യൂമറിലേക്കുള്ള തുടക്കം.
ആ സമയത്ത് തന്നെ ശ്യാം സുന്ദറിന്റെ ‘സമയം’ സീരിയലിൽ നല്ല ഒരു അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇടക്ക് നിന്ന് മുട്ടനാടിന്റെ ചോര കുടിക്കും പോലൊരു കഥാപാത്രം. ഇവ കണ്ട് രണ്ടും രണ്ട് റേഞ്ചുള്ള കഥാപാത്രങ്ങളാണെന്നും എനിക്ക് ഗുണം ചെയ്യുമെന്നും പറഞ്ഞത് രാജൻ പി ദേവാണ്.
അത് കഴിഞ്ഞാണ് വി എം വിനുവിന്റെ കൺമഷിയിൽ ജഗതിയുടെ ഭാര്യയായിട്ട് വന്നത്. പിന്നെ മയിലാട്ടവും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ എനിക്ക് വമ്പൻ ബ്രേക്ക് നൽകിയത് ഷാഫി ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാടാണ്. എന്നാൽ, ഹ്യൂമർ മാത്രമല്ല, എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ ഭാഗ്യം ലഭിച്ചു.
അഭിനയത്തിലെ പ്രചോദനം ആരാണ്?
അങ്ങനെ ചോദിച്ചാൽ ഒരുപാട് പേരുണ്ട്. സിബി സാർ, ലോഹിസാർ, മറ്റു സംവിധായകർ, പ്രേക്ഷകർ, പിന്നെ എന്റെ ഫാമിലി. ഒരു വേഷം വന്നാൽ ഞാൻ മക്കളോടൊക്കെ ആലോചിക്കും. പലപ്പോഴും ഞാൻ ഉഴപ്പി നിന്നാലും കഥാപാത്രം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നത് ഭർത്താവും മക്കളുമാണ്. കഥാപാത്രം വരുമ്പോൾ പെർഫോം ചെയ്യാനുള്ള ഇടമുണ്ടോ എന്ന കാര്യം മാത്രമേ ഞാൻ നോക്കാറുള്ളൂ.
ചേച്ചിയുടെ ഡ്രീം കാരക്ടർ ഏതാണ്?
ഞാൻ എന്ത് വേഷം ചെയ്യും. ഏത് കഥാപാത്രത്തിന് അനുയോജ്യമാവും എന്ന് പ്രേക്ഷകർക്കും സംവിധായകർക്കും അറിയും. എങ്കിലും എന്റെ ആഗ്രഹം എന്നും ഓർമ്മിക്കപ്പെടുന്ന മികച്ച ഒരു മുഴുനീള കഥാപാത്രമാണ്. അത്തരത്തിൽ ചില ചർച്ചകൾ നടന്നു വരികയാണ്.
സിനിമയിൽ വരുമ്പോൾ നായികാ മോഹം ഉണ്ടായിരുന്നോ?
എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സിനിമയിൽ ഭദ്രൻ സാർ നായികയായി വിളിച്ചിരുന്നു. പക്ഷേ, അന്ന് പോയില്ല. എന്നാൽ അതിൽ ദുഃഖമില്ല. എല്ലാം കൃത്യമായാണ് ദൈവം തന്നത്. 27-ാം വയസിലാണ് ഞാൻ സിനിമയിൽ വന്നത്. ഞാൻ നല്ലൊരു ഈശ്വരവിശ്വാസിയാണ്. അതിനാൽ തന്നെ ഒരു പാട് ഹിറ്റ് പടങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. ഞാൻ അഭിനയിച്ച വേഷം കണ്ട് തീയറ്ററിലിരിക്കുന്ന പ്രേക്ഷകൻ കയ്യടിക്കുന്നത് കണ്ട് പലതവണ കണ്ണ് നിറഞ്ഞിട്ടുണ്ട്. ആളുകൾ വന്ന് ചേർത്തു പിടിക്കുന്നു. അമ്മമാരൊക്കെ വന്ന് കവിളിലൊക്കെ പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നു. അതൊക്കെ എന്നും മനസിൽ തങ്ങുന്ന നല്ല അനുഭവങ്ങളാണ്.
പൊന്നമ്മ ബാബു സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമാണല്ലോ?
ജീവിതത്തിൽ ചാരിറ്റിയും സാമൂഹ്യ പ്രവർത്തനവും നടത്തണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. ഇടക്ക് ചാരിറ്റി വർക്കുകൾ ചെയ്യാറുമുണ്ട്. മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ എനിക്ക് പെട്ടെന്ന് സങ്കടം വരും. കാരണം, ഞാനും ഒരുപാട് കഷ്ടപ്പെട്ടാണല്ലോ വന്നത്.
പിന്തിരിഞ്ഞ് നോക്കുമ്പോൾ? ഇനിയെന്ത്.
ഒരു പാട് ആൾക്കാരുടെ സ്നേഹം കിട്ടി. ഒരു പാട് അവാർഡുകൾ കിട്ടി. ഏതൊരു ആർടിസ്റ്റിനെയും പോലെ സംസ്ഥാന അവാർഡും നാഷണൽ അവാർഡുമൊക്കെ എന്റെയും മോഹമാണ്. എനിക്ക് ദൈവം എന്നും നേട്ടങ്ങളെ സമ്മാനിച്ചിട്ടുള്ളൂ.
ശുഭാപ്തി വിശ്വാസത്തോടെ പൊന്നമ്മ ബാബു പറഞ്ഞു നിർത്തി. അവർക്ക് കരുത്തായി ഭർത്താവ് ബാബുവും മക്കളായ ദീപ്തിയും മാത്യുവും പിങ്കിയും മരുമക്കളും കൊച്ചുമക്കളുമുണ്ട്. ആ കുടുംബത്തിന്റെ നായികയായി പൊന്നമ്മയും നിറഞ്ഞ് നിൽക്കുകയാണ്. അവർ കാത്തിരിക്കുകയാണ് പുതിയ വേഷങ്ങൾക്കായി.. വലിയ നേട്ടങ്ങൾക്കായി.