Thursday November 15th, 2018 - 8:17:pm
topbanner

തിരുവനന്തപുരത്തിന്റെ സ്നേഹം നുകർന്ന് ഐ.എഫ്.എഫ്.കെ.യിലെ കന്നിയാത്ര

NewsDesk
തിരുവനന്തപുരത്തിന്റെ സ്നേഹം നുകർന്ന് ഐ.എഫ്.എഫ്.കെ.യിലെ കന്നിയാത്ര

റിയാസ് കെ.എം.ആർ

തിരുവനന്തപുരം: മനസിൽ നിറയെ ആശങ്കകളും ആകാംക്ഷകളുമായാണ് ഐ.എഫ്.എഫ്.കെയിലേക്കുള്ള കന്നിയാത്ര തുടങ്ങിയത്. ഒമ്പത് വർഷം മനസിലൊതുക്കിയ ആഗ്രഹത്തിന്റെ സഫലീകരണത്തിന് തിരികൊളുത്തിയത് കേരളാ ഓൺലൈൻ ന്യൂസാണ്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് ലഭിക്കാൻ തളിപ്പറമ്പിലെ സർക്കാർ ഉദ്യോഗസ്ഥനായ പി.വി.വിനോദിന്റെ സഹായവും ഗുണകരമായി. എന്നോടൊപ്പം കന്നി ഐ.എഫ്.എഫ്.കെക്കാരനായി മക്തബ് പത്രം ലേഖകൻ മിഥുൻ മുയ്യവും ഉണ്ടായിരുന്നു. സിനിമാ ക്ലൈമാക്സുകളിലേത് പോലെ വിടാൻ തയ്യാറായി നിന്ന മാവേലി എക്സ്പ്രസിൽ ചാടിക്കയറിയതായിരുന്നു ആദ്യ സന്തോഷം.

ഏതൊരു ഐ.എഫ്.എഫ്.കെ.ഭക്തനെയും പോലെ പാസ് വാങ്ങുന്നതിനെയും താമസ സൗകര്യത്തെയും കുറിച്ചായിരുന്നു ഞങ്ങളുടെയും ആശങ്ക. എന്നാൽ ട്രെയിനിൽ വെച്ച് പരിചയപ്പെട്ട പേരൂർക്കടക്കാരൻ തളിപ്പറമ്പ് താലൂക്ക് ജൂനിയർ സൂപ്രണ്ടായ ഗോപകുമാർ സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചു. സിനിമാക്കഥയെ വെല്ലുന്ന യാതനകൾ അനുഭവിച്ചായിരുന്നു അദ്ദേഹം ഇത് വരെ എത്തിയത്. ഓർമ്മകൾ അയവിറക്കുമ്പോൾ കണ്ഠമിടറുകയും വളരെ മനോഹരമായ ശബ്ദത്തിൽ പാട്ടു പാടുകയും ചെയ്യുന്ന മനുഷ്യൻ.

ദീപ നിശാന്തിന്റെ എഴുത്തുകളെ മനസിൽ സൂക്ഷിക്കുന്ന നല്ല വായനക്കാരൻ. സർക്കാർ ഉദ്യോഗസ്ഥന്റെ ജാഡളേതുമില്ലാത്ത ഗോപകുമാറെന്ന ആ മനുഷ്യന്റെ ആതിഥ്യം ഞങ്ങളേറ്റു വാങ്ങി. ദേഹശുദ്ധി വരുത്തി. ചായയും കഴിച്ചു. എന്റെ ഐ.എഫ്.എഫ്.കെ.വരവറിഞ്ഞ് നേരത്തെ തന്നെ താമസ സൗകര്യം വാഗ്ദാനം ചെയ്ത ആർ.അനൂപിന്റെ പാപ്പനംകോടെ വീട്ടിലേക്കായിരുന്നു അടുത്തയാത്ര. അനൂപിന്റെ സ്നേഹവും അനുഭവിച്ച ശേഷം തമ്പാനൂരിലേക്ക് തിരി കെ മടങ്ങുമ്പോൾ ഐ.എഫ്.എഫ്.കെയുടെ വേദികളിലൊന്നായ ടാഗോർ തീയറ്റർ ആയിരുന്നു ലക്ഷ്യം. തമ്പാനൂരിലിറങ്ങി ഐ.എഫ്.എഫ്.കെ ഓട്ടോ തിരഞ്ഞ ഞങ്ങൾക്ക് നിരാശയായിരുന്നു ഫലം.

സാധാരണ ഓട്ടോയിൽ യാത്ര തുടങ്ങിയപ്പോഴാണ് ഐ.എഫ്.എഫ്.കെ സൗഹൃദ ഓട്ടോ കണ്ടത്. അതോടെ സങ്കടം ഇരട്ടിച്ചു. പക്ഷേ, അത് മാറിയത് ടാഗോർ തീയറ്ററിന്റെ മുമ്പിലെത്തിയപ്പോഴായിരുന്നു. ഇനി പാസിന്റെ വിവരങ്ങൾക്കായി സുനിലിനെ വിളിക്കണം. ആ സമയത്താണ് ഞങ്ങൾ ചുറ്റുമെന്ന് കണ്ണോടിച്ചത്. തോളിൽ ഐ.എഫ്.എഫ്.കെയുടെ സഞ്ചിയും മനസിൽ സിനിമാ പ്രേമവുമേന്തി നടക്കുന്ന ഒരു പാടാളുകൾ.. അവർ ചിന്തിക്കുന്നതും ശ്വസിക്കുന്നതും പറയുന്നതും സിനിമയാണ്... സിനിമ മാത്രമാണ്.. ഇനി മുതൽ ഞങ്ങളും. ആദ്യദിനം തന്നെ അറിയാൻ കഴിഞ്ഞ തിരുവനന്തപുരത്തിന്റെ സ്നേഹവും നുകർന്ന്... സിനിമയെപ്പുണർന്ന് കുറച്ച് ദിവസം.. അങ്ങനെ ഞാനും ഐ.എഫ്.എഫ്.കെക്കാരനായി...

(കൂടുതൽ ഐ.എഫ്.എഫ്.കെ വിശേഷങ്ങൾക്കായി കാത്തിരിക്കുക....)

English summary
iffk 2016 first journy k muhammed riyas and Mithu muyyam
topbanner

More News from this section

Subscribe by Email