Monday September 24th, 2018 - 11:38:pm
topbanner

ഐ.വി ശശി: മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകസ്ഥാനത്തേക്ക് സമ്മാനിച്ച സംവിധായകന്‍

Jikku Joseph
ഐ.വി ശശി: മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകസ്ഥാനത്തേക്ക് സമ്മാനിച്ച സംവിധായകന്‍

ഒരു കാലത്ത് മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ താരങ്ങളെയും, ഹിറ്റുകളും സമ്മാനിച്ചിരുന്ന അതുല്യ സംവിധായകനായിരുന്നു ഐ.വി ശശി. ഐ.വി ശശി സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയാരുന്നു. അവളുടെ രാവുകള്‍ പോലുള്ള ചിത്രങ്ങളെടുക്കാന്‍ ധൈര്യം കാണിച്ച സംവിധായകന്‍ കൂടിയായരുന്നു ഐ.വി ശശി.

സിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഏകദേശം നൂറ്റിയമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.

1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു സിനിമ മേഖലയിലേക്ക് അദ്ദേഹം ചുവടുവെച്ചത്. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ശേഷം തന്റെ ഇരുപത്തിഏഴാം വയസ്സിലാണ് അദ്ദേഹം ആദ്യചലച്ചിത്രം 'ഉത്സവം' സംവിധാനം ചെയ്യുന്നത്. ഈ ചലച്ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് ചേര്‍ത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം ഒരു വന്‍വിജയമായിരുന്നു.

പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാള സിനിമ ചരിത്രത്തിലെ തന്നെ മാറ്റങ്ങളുടെ ചരിത്രത്തിന് തുടക്കം കുറിച്ചു. ഈ സിനിമ പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. മലയാളത്തിലെ ആദ്യത്തെ എ വിഭാഗത്തില്‍ പെട്ട ഒരു സിനിമകൂടിയായിരുന്നു അവളുടെ രാവുകള്‍. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

1975 മുതല്‍ 2009 വരെ നീണ്ടു നിന്ന കരിയര്‍.  സിനിമ എന്നും ഐ.വി. ശശിക്ക് ജീവവായുവായിരുന്നു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ 150ല്‍ പരം ചിത്രങ്ങള്‍ ഒരുക്കിയ ഐ.വി ശശിയുടെ റെക്കോഡ് ഭേദിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

തൃഷ്ണയിലൂടെ മമ്മൂട്ടി എന്ന നായകനെ പരിചയപ്പെടുത്തിയതും ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്ത് എത്തിയ മോഹന്‍ലാലിന് ഉയരങ്ങളിലൂടെ നായകസ്ഥാനം സമ്മാനിച്ചതും ഈ സംവിധായകന്‍ തന്നെ. കൊച്ചു കൊച്ചു വേഷങ്ങളില്‍ ഒതുങ്ങി നിന്ന സോമനെയും ജയനെയും കെ.പി. ഉമ്മറെയും രതീഷിനെയും താരങ്ങളാക്കിയത് ശശിയാണ്. നായികമാരില്‍ ശ്രീദേവിയും സ്വപ്നയും സീമയും രംഗത്തിറങ്ങുന്നത് ഐ.വി.ശശിയുടെ സംവിധായക മികവിലൂടെയെന്ന് വേണം പറയാന്‍.

കൂട്ടുകെട്ടിന്റെ വിജയമാണ് ഐ.വി.ശശിയുടെ വിജയം. ഐ.വി.ശശിക്ക് ഒപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ടി.ദാമോദരന്‍ മാസ്റ്ററാണ്. ഏകദേശം 30ഓളം ചിത്രങ്ങള്‍ക്ക് ഈ ടീം ഒന്നിച്ചു. കോടികള്‍ മുടക്കുമുതല്‍ വരുന്ന ഐവി ശശിയുടെ മറ്റൊരു ചിത്രത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കവെ പൊടുന്നനെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇതോടെ കേരളക്കരയ്ക്ക് നഷ്ടമായത് മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ മഹാസംവിധായകനെ.

English summary
i.v sasi an irreplaceable loss to film industry
topbanner

More News from this section

Subscribe by Email