Saturday August 18th, 2018 - 6:25:pm
topbanner

ഹണീബീ 2.5 റിവ്യൂ: ഇല്ലാക്കഥയിലെ രസപ്പെരുക്കം

NewsDeskSKR
ഹണീബീ 2.5 റിവ്യൂ: ഇല്ലാക്കഥയിലെ രസപ്പെരുക്കം

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണീബീ 2.5 ഹണീബീ സീരീസിലെ മൂന്നാം ചിത്രമാണ്. നടനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ ലാലിന്റെ മകനായ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബീ രസിപ്പിച്ച് നേടിയ വിജയമാണ് അതേ സംവിധായകനെക്കൊണ്ട് അതിന്റെ രണ്ടാം ഭാഗമായ ഹണീബി 2 എടുക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇല്ലാക്കഥയിലെ പൊല്ലാപ്പുകള്‍ മാത്രമായ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഹണീബീ 2.5 തിയറ്ററുകളിലെത്തിയിരിക്കുന്നു. സിനിമയുടെ കഥയിലേയ്ക്കും മറ്റും കടക്കുന്നതിനു മുമ്പ് ഒരു കാര്യം പറയട്ടെ, ഹണീബീ 2.5 എന്ന സിനിമയുടെ നിര്‍മ്മാണമാണ് ശരിക്കും രസിപ്പിച്ചത്.

ഹണീബീ 2 എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നതിനിടയില്‍ തന്നെ, ഷൂട്ടുമായി ബന്ധപ്പെടുത്തിയ ഒരു കഥ, ശരിക്കുള്ള ജീവിതത്തിലെ ആളുകളെയും, തിരക്കഥയില്‍ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളെയും ഒരുപോലെ സ്‌ക്രീനിലെത്തിച്ച ആ നിര്‍മ്മാണസാമര്‍ത്ഥ്യത്തിന് ആദ്യം കൈയടി നല്‍കുന്നു. ഹണീബീ സീരീസിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ലാല്‍ തന്നെയാണ് 2.5ന്റെ നിര്‍മ്മാണം എന്നതിനാല്‍ അദ്ദേഹത്തിന്റെ കൂടി മിടുക്കായി വേണം ഇതിനെ കാണാന്‍. അതായത് ഒരു സിനിമ നിര്‍മ്മിക്കുന്ന ചെലവില്‍ രണ്ട് സിനിമയെടുത്ത നിര്‍മ്മാണ മികവ്. കഥയിലും, ചിത്രീകരണത്തിലും മാത്രമൊതുക്കാതെ നിര്‍മ്മാണരംഗത്തും മലയാളത്തില്‍ ഒരു പുതുമ സൃഷ്ടിച്ചു എന്ന നിലയ്ക്ക് ഈ സിനിമ തീര്‍ച്ചയായും അഭിനന്ദിക്കപ്പെടണം.

ഇനി സിനിമയിലേയ്ക്ക്. യാഥാര്‍ത്ഥ്യത്തെയും ഭാവനയെയും കൂട്ടിയിണക്കിയുള്ള തിരക്കഥയാണ് ഹണാബീ 2.5ന്റേത്. അതിനാല്‍ത്തന്നെ ആസിഫ് അലി, ലാല്‍, ബാബുരാജ്, ഭാവന എന്നിങ്ങനെ ഹണീബിയിലെ പ്രധാനതാരങ്ങളെല്ലാം അവരായി തന്നെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. മറ്റ് പ്രധാന താരങ്ങളെ ഭാവനയില്‍ മെനഞ്ഞെടുത്ത കഥാപാത്രങ്ങളായും അവതരിപ്പിച്ചിരിക്കുന്നു. 2.5ലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആസിഫിന്റെ സഹോദരനായ അസ്‌കര്‍ അലിയും ലിജോ മോളുമാണ്. സിനിമയില്‍ ചാന്‍സ് ചോദിച്ചു നടക്കുന്ന 'വിഷ്ണു' എന്ന കഥാപാത്രമായാണ് അസ്‌കര്‍ എത്തുന്നത്. ഭാവനയുടെ മേക്കപ്പ് ഗേളായ 'കണ്‍മണി' ആയാണ് ലിജോ മോള്‍ എത്തുന്നത്. ഹണീബീ 2വിന്റെ ഷൂട്ടിങ് സെറ്റില്‍ നടക്കുന്ന സംഭവങ്ങളാണ് ഷൈജു അന്തിക്കാട് 2.5ന്റെ കഥയായി ഏറ്റെടുത്തിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തേടുന്ന അഭിനയമോഹിയാണ് വിഷ്ണു. ഹണീബീ 2വിന്റെ ഷൂട്ടിങ് സെറ്റില്‍ ചാന്‍സ് ചോദിച്ചെത്തുന്ന വിഷ്ണുവിനെ അഭിനയിക്കാനല്ലാതെ മറ്റ് പല ജോലികള്‍ക്കും ഫിലിം ക്രൂ ഒപ്പം കൂട്ടുന്നു. ഇതിനിടെ കണ്‍മണിയും വിഷ്ണുവും തമ്മില്‍ അടുപ്പത്തിലാകുന്നു. ചെറിയ റോളുകള്‍ പലപ്പോഴായി വിഷ്ണുവിനെ തേടി വരുന്നുണ്ടെങ്കിലും പലപല കാരണങ്ങളാല്‍ ആ റോളുകളെല്ലാം കൈവിട്ട് പോകുകയും ചെയ്യുന്നു. ഇതിനിടെയുള്ള നുറുങ്ങു കോമഡികളും മറ്റുമാണ് സിനിമയെ രസകരമാക്കുന്നത്. കൊച്ചു കൊച്ചു ട്വിസ്റ്റുകളും തമാശകളുമായി ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമൊരുക്കാന്‍ ഷൈജു അന്തിക്കാടിന് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

സിനിമയുടെ ഭൂരിഭാഗവും ഹണീബീ 2വിന്റെ സെറ്റില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ വീട്, നാട്, ചില പാട്ടുകള്‍ എന്നിങ്ങനെ ഏതാനും സീനുകള്‍ മാത്രമാണ് പുറത്ത് ചിത്രീകരിച്ചിരിക്കുന്നത്. ഹണീബീ 2വിന്റെ ഓഡിയോ ലോഞ്ച് പരിപാടിയാണ് 2.5ന്റെ ക്ലൈമാക്‌സ്. അത്തരത്തില്‍ ചെലവ് വളരെ കുറച്ചാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത് എന്ന വ്യക്തം. അതേസമയം ഈ 'ചെലവു ചുരുക്കല്‍' സാങ്കേതികമേഖലയില്‍ വലിയ ദോഷം ചെയ്തിട്ടുണ്ട് എന്ന കാര്യം പറയാതിരിക്കാനാകില്ല. ദിലീഷ് പോത്തനും അസ്‌കര്‍ അലിയും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍, ഓഡിയോ ലോഞ്ച് ഹാളിലെ ക്ലൈമാക്‌സ് സീന്‍ എന്നിവിടങ്ങളില്‍ ഒരു സിനിമയ്ക്ക് ഒട്ടും ചേരാത്ത തരത്തിലുള്ള ശരാശരിയിലും താഴ്ന്ന ക്യാമറ വര്‍ക്കാണ് ഹണീബീ 2.5ന്റേത്.

ഒരു ടിവി ഷോയുടെ നിലവാരം പോലും ഇവിടെ ക്യാമറയ്ക്കില്ല. അപ്പോഴും ചിത്രത്തിന്റെ രസകരമായ തിരക്കഥയാണ് ഈ സീനുകളെ സഹനീയമാക്കുന്നത്. സിനിമ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യവും ഭാവനയും ഒരുമിപ്പിച്ച് ചേര്‍ത്തതിനാല്‍ ഏതാണ് സത്യം, ഏതാണ് കഥ എന്ന് പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകുന്നു എന്നത് സത്യമാണ്. അതിനാല്‍ത്തന്നെയാണ് 'ഇതൊക്കെ ഹണീബീ 2വിന്റെ ഷൂട്ടിനിടയ്ക്ക് നടന്നതാണോ?' എന്ന സംശയം സാധാരണ പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്.

അഭിനേതാക്കളില്‍ എല്ലാവരും നന്നായിട്ടുണ്ട്. ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി എന്നിവരുടെ കോമഡി രംഗങ്ങള്‍ കൊള്ളാം. ആദ്യ സിനിമയാണെങ്കിലും നിഷ്‌കളങ്കനായ വിഷ്ണുവിനെ അസ്‌കര്‍ അലി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് സ്‌നേഹവും സഹതാപവും തോന്നുംവിധം അസ്‌കര്‍ അഭിനയിച്ചിരിക്കുന്നു. അസ്‌കറിനൊപ്പമോ അതിനും മുകളിലോ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട് ലിജോ മോള്‍.

മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകളിലെ നാടന്‍ പെണ്‍കുട്ടിയില്‍ നിന്നും അല്‍പ്പം മോഡേണ്‍ ആയാണ് ലിജോ മോള്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നത്. കൊച്ചുകൊച്ചു ഭാവങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടാന്‍ ഈ നടിക്ക് കഴിഞ്ഞിട്ടുണ്ട്. സാങ്കേതികപരമായി വലിയ മികവൊന്നും എടുത്തു പറയാനില്ല. ലാല്‍ ആലപിച്ച ഗാനവും അതിന്റെ ചിത്രീകരണവും കൊള്ളാം. ലാലിന്റെ പ്രത്യേകതയുള്ള ശബ്ദത്തെ ഗാനരംഗത്തുകൂടി ഉപയോഗിക്കുന്നത് ഈയിടെയായി നന്നാവുന്നുണ്ട്. 109 മിനിറ്റ് നേരം ബോറടിക്കാതെ കാണാവുന്ന ഒരു ശരാശരി എന്റര്‍ടെയ്‌നറാണ് ഹണീബീ 2.5 എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു.

Read more topics: honey bee 2.5, lijo mol, askar ali
English summary
honey bee 2.5 review
topbanner

More News from this section

Subscribe by Email