Thursday August 22nd, 2019 - 5:01:pm
topbanner
topbanner

ലഹരിക്കെതിരെ ‘ഇന്‍സൈറ്റ് ‘ വരുന്നു

dilmadeepa
ലഹരിക്കെതിരെ ‘ഇന്‍സൈറ്റ് ‘ വരുന്നു

കോഴിക്കോട്: ലഹരിക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണം നമ്മുടെ സംസ്ഥാനത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്. അഞ്ചാംക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകളാകുന്നു എന്നാണ് പുതിയ കണ്ടെത്തലുകള്‍. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് മദ്യമയക്കുമരുന്ന് മാഫിയ അരങ്ങ് വാഴുന്നത്.

മദ്യനിരോധനം എങ്ങനെ നടപ്പാക്കും എന്ന് സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുമ്പോള്‍ മദ്യത്തിന്റെ സ്ഥാനത്ത് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അമിതമദ്യപാനവും ലഹരി ഉപയോഗവും മൂലം ഉണ്ടാകുന്ന മാനസിക അസുഖങ്ങള്‍ ഉള്ളവരുടെ എണ്ണവും കുറവല്ല. അതിന്റെയൊക്കെ പ്രത്യേകാഘതങ്ങളും നാം ദിനംപ്രതി വാര്‍ത്താ മാധ്യമങ്ങളിലൂടെ വായിക്കുന്നുമുണ്ട്.

ഏറ്റവും അടുത്തായി ജിഷയുടെ കൊലപാതകം തന്നെ ഉദാഹരണം. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു ഇത് . പറവൂരില്‍ പാവപ്പെട്ട കുടുംബത്തിലെ ബാലനെ ലഹരിക്കടിമപ്പെട്ട മാനസികരോഗി കൊലപ്പെടുത്തിയതും ആരും മറന്നുകാണില്ല.

നമ്മുടെ സംസ്ഥാനത്ത് ഒരു പക്ഷം മദ്യനിരോധനമെന്നും മറു പക്ഷം മദ്യവര്‍ജ്ജനമെന്നുമൊക്കെ പറഞ്ഞ് തലപ്പത്ത് ഇരിക്കുമ്പോള്‍ ലഹരിക്കെതിരെ വലിയ ഒരു ക്യാമ്പയിനാണ് ഇതിനെ മറികടക്കാനുള്ള പ്രധാന മാര്‍ഗമെന്ന് ഒരുപറ്റം ചെറുപ്പക്കാര്‍ ചിന്തിക്കുന്നു. വാട്ട്സ് അപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഈ യുവസുഹൃത്തുക്കള്‍ ലഹരിക്കെതിരെ സ്വന്തമായി സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത ഈ സിനിമയിലൂടെ പ്രകടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ വാട്ട്സ് അപ്പ് കൂട്ടായ്മയില്‍ രൂപവല്‍ക്കരിച്ച ലഹരി മുക്ത കൂട്ടായ്മ ‘ലഹരിക്കെതിരെ ഞങ്ങള്‍‘ എന്ന ലക്ഷ്യത്തോടെ ‘ഇന്‍സൈറ്റ് ‘ എന്നപേരില്‍ സിനിമയ്ക്ക് രൂപം നല്‍കുകയായിരുന്നു.

ഗ്രാമീണ നിഷ്കളങ്കനായ ഒരു ആണ്‍കുട്ടി ലഹരിക്കടിമപ്പെട്ടവരുടെ ഇടയില്‍പ്പെട്ട് ചൂഷിതനാകുന്നതും അതുവഴി അവന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഗതിവിഗതികളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.നമ്മുടെ കോളേജ് കാമ്പസുകളിലെ ഇതുവരെ കാണാത്ത ലഹരിഉപയോഗത്തിന്റെ ചില യഥാര്‍ത്ഥ്യങ്ങളും ബുര്‍ജ് അസോസിയേഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയിലൂടെ പുറത്തുവരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 160- ല്‍ പ്പരം പുതുമുഖ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

വാട്ട്സ് അപ്പ് കൂട്ടായ്മയിലെ തന്നെ അംഗവും യുവസംവിധായകനുമായ വിജേഷ് വളയമാണ് ഈ സിനിമയ്ക്ക് നെടുനായകത്വം വഹിക്കുന്നത്. സംവിധായകന്റെ സിനിമ സംബന്ധമായ പരിശിലനവും നിര്‍ദ്ദേശങ്ങളും തികച്ചും ഈ മേഖലയില്‍ പുതുമുഖങ്ങളായ മറ്റ് അംഗങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി മാറുകയായിരുന്നു. സംവിധാന സഹായികളെയും വാട്ട്സ് അപ്പ് ഗ്രൂപ്പില്‍ നിന്നാണ് കണ്ടെത്തിയത്. ഇങ്ങനെ ഒരു സിനിമ നിര്‍മ്മിക്കാന്‍ ഈ ചെറുപ്പക്കാര്‍ക്ക് പ്രചോദനമായത് മുന്‍പ് നല്ല സിനിമയെ സ്നേഹിക്കുന്ന ഒരു പറ്റം ചെറുപ്പക്കാര്‍ ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ നിര്‍മ്മിച്ച് ധാരാളം മാധ്യമ ശ്രദ്ധ നേടിയ മിറക്കിള്‍ എന്ന ഹോം സിനിമയായിരുന്നെന്ന് ഇന്‍സൈറ്റിന്റെ സംഘാടകര്‍ പറയുന്നു. മിറക്കിളിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരായിരുന്ന ജമാല്‍ റാഷി, ഏ.കെ.രഞ്ജിത്ത്, വിപിഷ് കോഴിക്കോട് എന്നിവരും ഈ സിനിമയ്ക്ക് പൂര്‍ണ്ണ സഹകരണം നല്‍കി ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായിരുന്നു. മിറക്കിളിലെ വില്ലനായിരുന്ന ഷൈജു വയനാട് ഇതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്‍സൈറ്റില്‍ മൂന്ന് ഗാനങ്ങളാണ് ഉള്ളത്. യുവകവി ഇല്ല്യാസ് കടമേരിയാണ് ഈ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

ഗിരിഷ് പുത്തന്‍ഞ്ചേരിയുടെ മരുമകനും യുവസംഗീതജ്ഞനുമായ സന്ദീപ് പണിക്കരാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മൈലാഞ്ചി റിയാലിറ്റി ഷോയുടെ ജഡ്ജും പ്രശസ്തമാപ്പിള ഗായകനുമായ കണ്ണൂര്‍ ഷെരീഫ്, ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം ഉണ്ണിമോള്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കോഴിക്കോട്, തലശ്ശേരി, ബാംഗ്ലൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ ക്യാമറ സനീഷ് വളയമാണ്. മേക്കപ്പ്, കോസ്റ്റും ബുര്‍ജ് സ്റ്റുഡിയോ. കലാസംവിധാനം ശബനു കളരിമുക്ക്, യൂണീറ്റ് പ്രശാന്ത് തീക്കുനി.

സോണി കല്ലറയ്ക്കല്‍.

Read more topics: film, campaign, drugs, in sight
English summary
crating a film for the capaign against drugs
topbanner

More News from this section

Subscribe by Email