Thursday April 25th, 2019 - 1:52:am
topbanner
topbanner

ശ്രീനിവാസന്റെ വേദന ആഘോഷിക്കുന്നവരോട് സംവിധായകന്‍ സ്റ്റാജന്‍ വി ജെക്ക് പറയാനുള്ളത്

Neethu
ശ്രീനിവാസന്റെ വേദന ആഘോഷിക്കുന്നവരോട് സംവിധായകന്‍ സ്റ്റാജന്‍ വി ജെക്ക് പറയാനുള്ളത്

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ രക്തത്തിലെ ഷുഗര്‍ലെവലില്‍ ഉണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആയുര്‍വേദ മരുന്നുകളെക്കുറിച്ചും നാട്ടുചികിത്സയെക്കുറിച്ചും നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തുകയുണ്ടായി. ഇതിനെതിരെ പലരും വ്യത്യസ്തമായ പല അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംവിധായകനും ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിന്റെ സംവിധായകനുമായ സ്റ്റാജന്‍ വി ജെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സ്റ്റാജന്റെ പ്രതികരണം. സ്റ്റാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ക്ഷമിക്കണം സുഹൃത്തേ – അദ്ദേഹം പറഞ്ഞതല്ല നിങ്ങള്‍ കേട്ടത്,കേട്ടതല്ല നിങ്ങള്‍ മനസിലാക്കിയത്………

സ്റ്റാജന്‍ വി ജെ

രണ്ടു മൂന്നു ദിവസമായി പ്രതികരിക്കണം എന്ന് തോന്നിയെങ്കിലും എഴുതാന്‍ ഒരു മനസുവന്നിരുന്നില്ല. ശ്രീനിച്ചേട്ടന്‍ (ശ്രീനിവാസന്‍) ആശുപത്രികിടക്കിയിലാണ് എന്നത് ഒരു വേദനയായി ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ചിലരുടെ വേദന സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആഘോഷിക്കുന്ന കണ്ടപ്പോള്‍ എഴുതാതിരിക്കാനായില്ല. കുറച്ചു ദിവസങ്ങളായി, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതന്റെ ഒരു ദിവസം മുന്‍പുവരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു, ഒരു തിരക്കഥാചര്‍ച്ചയില്‍. മണിക്കൂറുകളോളം നീളുന്ന ആശയസംവാദത്തിനിടയില്‍ ചിലപ്പോഴൊക്കെ കഥയെഴുത്തു, അതായിരുന്നു രീതി. പലപ്പോഴും അദ്ദേഹം നടത്തിയിട്ടുള്ള വിവാദപ്രസ്താവനകളും ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ വിശദീകരങ്ങളില്‍ നിന്നും എനിക്ക് മനസിലായത് ഇതാണ് – സുഹൃത്തേ,അദ്ദേഹം പറഞ്ഞതല്ല നിങ്ങള്‍ കേട്ടത്,കേട്ടതല്ല നിങ്ങള്‍ മനസിലാക്കിയത്.

കൂടുതലും പേര്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകണ്ടതു ‘പ്രകൃതി ചികിത്സാ വാദിയായ’ ശ്രീനിവാസന്‍ അലോപ്പതി ആശുപത്രിയില്‍ ജീവന്‍ രക്ഷിക്കാന്‍ അഭയം തേടി എന്നാണു. നിങ്ങള്‍ മനസിലാക്കിയത് തെറ്റാണ്. അദ്ദേഹം ഒരൊറ്റ ചികിത്സാ സമ്പ്രദായത്തില്‍ വിശ്വസിക്കുന്ന ആളല്ല, അലോപ്പതിയും ആയുര്‍വേദവും അടക്കം നിലവിലുള്ള പല ചികിത്സാ രീതികളിലേയും നല്ലവശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആളാണ്. നമ്മുടെ മതവിശ്വാസം പോലെ ഒന്നില്‍ മാത്രം അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു രീതിയല്ല അദ്ദേഹത്തിന്റേത്. തന്റെ മതം മാത്രം ശെരിയെന്നു കരുതുന്നവരാണ് ഭൂരിഭാഗം മതവിശ്വാസികളും, അത് പോലെ തന്നെ തന്റെ ചികിത്സരീതി മാത്രമാണ് ശരിയെന്നു കരുതുന്ന ഡോക്ടര്‍മാരും. കോഴിക്കോട്ടെ രാമചന്ദ്രന്‍ ഡോകടറെ പോലെ അലോപ്പതി മരുന്നും അതോടൊപ്പം ആയുര്‍വേദ കഷായവും പ്രിസ്‌ക്രൈബ് ചെയ്യുന്ന അപൂര്‍വം വ്യക്തികളെ വിസ്മരിക്കുന്നില്ല. പൊതുവെ ശ്രീനിവാസന്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ എന്നിവയിലെ നല്ല വശങ്ങള്‍ സ്വീകരിക്കുകയും മോശം വശങ്ങളെ നിര്‍ദാക്ഷിണ്യം തള്ളുകയും ചെയ്തു എന്നാണ് അദ്ദേഹവുമായിട്ടുള്ള സംഭാഷണങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ആരോഗ്യരംഗത്തെ മോശം പ്രാക്ടിസിനെയാണ് അദ്ദേഹം എതിര്‍ത്തിരുന്നത് അല്ലാതെ ശാസ്ത്രത്തെയല്ല.. ചിന്തയില്‍ അദ്ദേഹം ഒരു യുക്തിവാദിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, അല്ലാതെ തീര്‍ച്ചയായും ഒരു അന്ധവിശ്വാസിയല്ല – മതത്തിലും ശാസ്ത്രത്തിലും.

പിന്നെ അലോപ്പതിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.

പഠനത്തിന് കോടികള്‍ ഇന്‍വെസ്റ്റുചെയ്ത ഡോക്ടര്‍മാര്‍, അതിലേറെ ഇന്‍വെസ്റ്റ് ചെയ്ത ഹോസ്പിറ്റലുകള്‍, ചെറിയ പനിക്കുള്ള പരാസിറ്റാമോള്‍ ഗുളികയ്ക്കു തൊട്ടു മരണം മുഖ മുഖം കാണുന്ന കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നുകള്‍ക്കുവരെ മരുന്നിന്റെ വിലയുടെ 70 % വരെ കമ്മീഷന്‍ പങ്കെടുന്ന കൊള്ളക്കാര്‍. ഒന്ന് ഓര്‍ക്കുക പ്രമേഹ ചികിത്സക്കുപയോഗിക്കുന്ന ‘ഗ്ലിമിപ്രൈഡ് ‘ ഒരു രൂപമുതല്‍ അഞ്ചും ആറും മടങ്ങു വിലയില്‍ ലഭ്യമാണ് (നാഷണല്‍ ഫര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി സിലിംഗ് പ്രൈസ് നടപ്പാക്കാത്ത മരുന്നുകള്‍ക്ക് പറയുകയും വേണ്ട! ). ജനറിക് മെഡിസിന്‍ പ്രിസ്‌ക്രൈബ് ചെയ്യാന്‍ ഇഷ്ടമില്ലാത്ത ഡോക്ടര്‍ മാര്‍. കൂടാതെ മെഡിക്കല്‍ കമ്പനികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മാത്രം പ്രയോജനമുള്ള ആയിരക്കണക്കിന് ഗുണമില്ലാത്ത കോമ്പിനേഷന്‍ തന്ത്രങ്ങള്‍! 2016 മാര്‍ച്ചില്‍ Ministry of Health Family welfare നിരോധിച്ചത് ഇത്തരത്തിലുള്ള 344 കോമ്പിനേഷന്‍ മരുന്നുകളാണ്. ( https://www.nhp.gov.in/Complete-list-of-344-drugs-banned-by…)

ഇത്തരം മരുന്നുകള്‍ ‘അറബിക്കടലില്‍ വലിച്ചെറിയാന്‍ ‘ആക്രോശിച്ചതു തെറ്റാണോ?
ആര്‍ക്കുവേണ്ടിയായിരുന്നു ഇതുവരെ നാം ഇതെല്ലാം കഴിച്ചത്? ’ നമ്മുടെ നഷ്ടപെട്ട പണവും ആരോഗ്യവും’ ഇതിനു ഉത്തരവാദികള്‍ ആരാണ്? ഗവര്‍മെന്റിന്റെ നിരോധനത്തിനെതിരെ സുപ്രീം കോടതി സ്റ്റേ നേടി ഈ മരുന്നുകള്‍ വീണ്ടും മാര്‍ക്കറ്റിലുണ്ടെന്നു പറയുന്നു.കോടതി Drugs adviosry body തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു. ഈയിടെ നാഷണല്‍ ഫര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ഹൃദയ ധമനികളില്‍ ഉപയോഗിക്കുന്ന സ്റ്റന്റിനു സീലിംഗ് പ്രൈസ് നടപ്പാക്കിയപ്പോള്‍ മുന്‍പ് ഹോസ്പിറ്റലുകാര്‍ ഒന്നര ലക്ഷതിലധികം രൂപ വാങ്ങിയിരുന്ന സ്റ്റന്റിനു വില മുപ്പതിനായിരത്തിനു താഴെയായി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന ബെയര്‍ മെറ്റല്‍ സ്റ്റന്റിനു അത് വെറും 7500 രൂപയോളമായി കുറഞ്ഞു.കൂടുതല്‍ കണക്കുകള്‍ പറയണോ ?

ഇനി അവയവ ദാനവും ശ്രീനിവാസനും.

അദ്ദേഹം അവയവ കച്ചവടത്തിന് എതിരായിരുന്നു.തീര്‍ച്ച.അതിനെതിരെ അദ്ദേഹം പലപ്പോഴും ആഞ്ഞടിച്ചിട്ടുണ്ട്. ചില വാദങ്ങള്‍ കണ്ടു. ഒരാളുടെ മരണം മറ്റു ആറു പേര്‍ക്കു ജീവന്‍ കൊടുക്കുമെങ്കില്‍ അത് നല്ലതല്ലേ?തീര്‍ച്ചയായും നല്ലത് .പക്ഷെ ഒരാളെ കൊന്നു മറ്റു ആറു പേര്‍ക്കു ജീവന്‍ കൊടുക്കണമോ?ഒരു പക്ഷെ അദ്ദേഹത്തിന്റെ നിരന്തരമായ ആക്രോശങ്ങള്‍ വിലവച്ചായിരിക്കണം കേരള ഗവണ്മെന്റ് കഴിഞ്ഞ വര്‍ഷം ഒരു നിയമം നടപ്പിലാക്കി.’കേരളത്തിലെ ഹോസ്പിറ്റലുകളിലെ മസ്തിഷ്‌കമരണം ഒരു ഗവണ്മെന്റ് ഡോക്ടര്‍ കൂടി അടങ്ങുന്ന മെഡിക്കല്‍ ടീം സര്‍ട്ടിഫൈ ചെയ്യണം ‘

Kerala Deceased Donor Transplant Data പ്രകാരം 2012 ല്‍ 36 brain Dead ഡോണേഴ്‌സ് അവയവങ്ങള്‍ ദാനം ചെയ്തു 2016 ല്‍ അത് 72 ഡോണേഴ്‌സ് ? ആയി വളര്‍ന്നു.പക്ഷെ 2017 ല്‍ കര്‍ശനമായ ഗവണ്മെന്റ് നിരീക്ഷണം വന്നപ്പോള്‍ അത് 72 നിന്ന് വെറും 18 ആയി ചുരുങ്ങി.എങ്ങനെ?ഒരു വര്‍ഷം കൊണ്ട് ഇതെങ്ങിനെ സംഭവിച്ചു?ശ്രീനിവാസന്‍ മാത്രമല്ല അവയവങ്ങള്‍ക്ക് വേണ്ടിയുള്ള കൊലപാതകങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് ,കൊല്ലത്തു മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന Dr S. ഗണപതിയും( public interest litigation PIL)സമാന ആവശ്യവുമായി ഹൈ കോടതിയില്‍ എത്തിയിരുന്നു. ഡോക്ടര്‍ ഗണപതി ചൂണ്ടിക്കാണിക്കുന്നു ‘മസ്തിഷ്‌ക്ക മരണം’ സംഭവിക്കുന്നത് കൂടുതലും പാവങ്ങള്‍ക്കാണെന്നു. ഒരാള്‍ക്കു മസ്തിഷ്‌കമരണം സംഭവിച്ചാല്‍ ഹോസ്പിറ്റലുകള്‍ക്കു ലഭിക്കുന്നത് കോടികള്‍ ,തീര്‍ച്ചയായും ഡോക്ടര്‍മാര്‍ക്കും അവയവ ബ്രോക്കര്‍മാര്‍ക്കും ലക്ഷങ്ങള്‍ വീതം കാണും.പഠനത്തിന് കോടികള്‍ ഇന്‍വെസ്റ്റ് ചെയ്ത നമ്മുടെ ഡോക്ടര്‍മാര്‍ക്കു അത് തിരിച്ചു പിടിക്കേണ്ടെ ?

ആദര്‍ശം കൊണ്ടും മനുഷ്യത്വം കൊണ്ടും അപ്പോത്തികിരിമാരായ സുഹൃത്തുക്കളെ ക്ഷമിക്കണം.നിങ്ങള്‍ വിരലിലെണ്ണാവുന്നവരാണ്.അത്തരം വിരലിലെണ്ണാവുന്ന സുഹൃത്തുക്കള്‍ ശ്രീനിവാസനുമുണ്ട്.അവര്‍ ഇത്തരം മോശം പ്രാക്ടിസിനെ പറ്റി അദ്ദേഹത്തോട് പരിതപിക്കാറുമുണ്ടത്രെ. അവയവ ദാനത്തേക്കാള്‍ അവയവ കച്ചവടമായി മാറിയ പരിതസ്ഥിതിയില്‍ അദ്ദേഹത്തിന്റെ വിലാപങ്ങള്‍ ഒരു മനുഷ്യസ്നേഹി എന്നുള്ള രീതിയില്‍ സ്വാഭാവിക പ്രതികരണമായി കണ്ടാല്‍ മതി.

ഇനി കാന്‍സര്‍ ഇന്‌സ്ടിട്യൂട്ടിന്റെ കാര്യം.

വിഷലിപ്തമായ ഭക്ഷണം കഴിച്ചു രോഗം വരുത്തുന്നതിനേക്കാള്‍ നല്ലതു ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതല്ലേ? ഓരോരുത്തരും വിളകളില്‍ അമിതമായ അളവില്‍ രാസ കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ മനസ്സില്‍ സ്വയം ന്യായീകരിക്കുന്ന ഒന്നുണ്ട് ‘എന്റെ മക്കള്‍ ഈ വിഷം കഴിക്കുന്നില്ലല്ലോ? ഞാനിതു വില്‍ക്കുകയല്ലേ ചെയ്യുന്നുള്ളു. ’അന്യനു വേണ്ടി കൃഷിചെയ്യുമ്പോള്‍ മലയാളിക്കും തമിഴനും ഈ ന്യായമാണ് മനസ്സില്‍. ഭക്ഷണത്തിലെ മായവും കീടനാശിനിയുടെ അമിതഉപയോഗവും നമ്മുടെ പുതിയതലമുറയെ നിത്യരോഗികളാക്കുന്നു.കാന്‍സര്‍ പെരുകുന്നു. തമിഴ്നാട്ടിലും കേരളത്തിലും ഉത്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ നിരോധിത കീടനാശിനികള്‍, ബ്രാന്‍ഡഡ് മുളകുപൊടിയില്‍ നൂലിന് ചുവന്ന നിറം കൊടുക്കുന്ന ‘സുഡാന്‍’. കാശുകൊടുത്തു കുടിക്കുന്ന മിനറല്‍ വാട്ടറില്‍ ഡി ഡി ടി. മായമോ വിഷമോ തടയാന്‍ നമ്മുടെ ഗവര്‌മെന്റിന് പണവും ആളും വേണ്ടത്രയില്ല! അതായത് രോഗം തടയാന്‍ നമുക്ക് പണമില്ല, ആളില്ല. പക്ഷെ രോഗം വന്നു ചികിത്സിക്കാന്‍ – കാന്‍സര്‍ സെന്റര്‍ പണിയാന്‍ കോടികള്‍ ചിലവഴിക്കാം.അതിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത് ‘കാന്‍സര്‍ സെന്ററുകളല്ല വേണ്ടത്,ഉത്തരവാദിത്തമുള്ള ഭരണാധികാരികള്‍ പൗരന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്’ കാന്‍സര്‍ വിളിച്ചുവരുത്തി പിന്നെ അതിനെ ചികിത്സിച്ചിട്ടു എന്ത് കാര്യം?ആര്‍ക്കു നേട്ടം?വയനാട്ടിലേക്ക് ഒന്ന് വന്നു നോക്കു ‘വീട്ടിലൊരു കര്‍ഷകന്‍ എന്നത് മാറി വീട്ടിലൊരു കാന്‍സര്‍ രോഗി ‘എന്ന നിലയിലേക്ക് അതിവേഗം പുരോഗതി കൈവരിക്കുന്നു!

ജൈവപച്ചക്കറികള്‍ കൊണ്ടു മാത്രം ആരോഗ്യം സംരക്ഷിക്കാം എന്ന് അദ്ദേഹം കരുതുന്നില്ല,നമ്മള്‍ ശ്വസിക്കുന്ന വായു,കുടിക്കുന്ന വെള്ളം എന്നിവ ദിനം പ്രതി വിഷമയമായി കൊണ്ടിരിക്കുമാകയാണ്..അടുത്തയിടെ ചൈന സന്ദര്‍ശിച്ച അനുഭവം അദ്ദേഹം പറഞ്ഞു ‘ശ്വസിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറുമാറി പുറത്തിറങ്ങുന്ന ജനങ്ങളുണ്ടത്രേ ചില വ്യാവസായിക നഗരത്തില്‍ !പുകകൊണ്ടു സൂര്യനെ കാണാത്ത മാസങ്ങളും!നഗരത്തിലെ വായു ശുദ്ധീകരിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ‘ടവര്‍ എയര്‍ പൂരിഫയറു’കളുള്ള രാജ്യമാണ് പുരോഗതിയിലേക്കു കുതിക്കുന്ന ചൈന.നമ്മുടെ രാജ്യവും ഏറെ പിന്നിലല്ല,കഴിഞ്ഞ മാസങ്ങളിലെ ഡല്‍ഹി എയര്‍ ക്വാളിറ്റി നമ്മള്‍ മാദ്ധ്യമങ്ങളില്‍ കണ്ടതല്ലേ?നമ്മുടെ കേരളവും പുറകെ കുതിക്കുകയാണ് …കൊച്ചിയുടെ ചില വ്യാവസായിക ഭാഗങ്ങള്‍ ,ആലുവ പുഴ ,മുട്ടാര്‍ പുഴ,ചാലിയാര്‍ കാസര്‍ഗോഡിലെ എന്‍ഡോ സള്‍ഫാനെ തോല്‍പ്പിക്കുന്ന കുട്ടനാടന്‍ വയലുകള്‍ ,വയനാട്ടിലെ വാഴത്തോട്ടങ്ങള്‍ …ഉദാഹരണങ്ങള്‍ അനവധി ..ആരെങ്കിലും പ്രതികരിക്കേണ്ടേ ?

അദ്ദേഹം ഉപദേശിക്കുന്നത് ഇത്രമാത്രം ‘ഒരു കുടുംബത്തിനുള്ളതെങ്കിലും കൃഷിചെയ്യുക,അവനവനു കഴിക്കാനുള്ളതെങ്കിലും വിഷം കലക്കാതിരിക്കുക,.നമ്മുടെ ആരോഗ്യം നമ്മള്‍ തന്നെ നോക്കണം,’ ഉദയം പേരൂരിലെ തന്റെ വീടിന്റെ പരിസരത്തും വയനാട്ടിലെ പനമരത്തും കൂട്ടാളികളുമായി ചേര്‍ന്ന് അദ്ദേഹം വിഷരഹിത കൃഷി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. പ്രസംഗം മാത്രമല്ല പ്രവൃത്തിയിലുമുണ്ട്. പിന്നെ ‘രാഷ്ട്രീയം – ആരോഗ്യം’ എന്ന മേഖലകളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രശസ്തിക്കുവേണ്ടിയാണെന്ന ചില പോസ്റ്റുകള്‍ക്ക് മറുപടി അദ്ദേഹത്തിന്റെ സിനിമകളാണ്.സംവിധാനം ,തിരക്കഥ,അഭിനയം ഇവ മൂന്നും ചേര്‍ത്ത് പകരം വയ്ക്കാന്‍ ആരുണ്ട് മലയാളത്തില്‍?അതില്‍ കൂടുതല്‍ പ്രശസ്തി ഇനി അദ്ദേഹത്തിനെന്തിന് ? എന്റെ വീക്ഷണങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ചോദ്യങ്ങള്‍ക്കും,പരിഹാസങ്ങള്‍ക്കും മറുപടിയുമായി ഒരു ചിരിയോടെ അദ്ദേഹം അടുത്തുതന്നെ നിങ്ങളുടെ മുന്നിലേക്ക് വരും.രാഷ്ട്രീയക്കാരന്റെ ഒളിച്ചുകളികള്‍ അദ്ദേഹത്തിന് വശമില്ല.അദ്ദേഹം മറുപടിയുള്ളതേ ചെയ്യൂ,പ്രതികരിക്കാതിരിക്കാതിരിക്കാന്‍ ഭീരുവുമല്ല.

 

English summary
director stajan vj facebook post
topbanner

More News from this section

Subscribe by Email