Sunday July 22nd, 2018 - 12:25:am
topbanner
Breaking News

പെപ്പെയും കൂട്ടുകാരും പിന്നെ അങ്കമാലിയും:അങ്കമാലി ഡയറീസ് റിവ്യൂ

NewsDeskSKR
പെപ്പെയും കൂട്ടുകാരും പിന്നെ അങ്കമാലിയും:അങ്കമാലി ഡയറീസ് റിവ്യൂ

മലയാളത്തില്‍ വ്യത്യസ്തമായ മേക്കിങ്ങിന് പേരുകേട്ട സംവിധായകാണ് ലിജോ ജോസ് പെല്ലിശ്ശേരി. 'നായകന്‍' ആദ്യ ചിത്രമായിരുന്നെങ്കിലും ഒരു ഇന്‍ഡസ്ട്രി ഹിറ്റ് അദ്ദേഹത്തിന് ലഭിക്കുന്നത് 'ആമേന്‍' എന്ന ഫഹദ് ഫാസില്‍-സ്വാതി റെഡ്ഡി ചിത്രത്തിലൂടെയാണ്. ശേഷവും പുതുമകള്‍ കൈവിടാതെ പ്രയാണം തുടര്‍ന്ന അദ്ദേഹത്തിന്റെ 'ഡബിള്‍ ബാരല്‍' പരാജയം ഏറ്റുവാങ്ങിയെങ്കിലും പരീക്ഷണങ്ങളെ ഉപേക്ഷിക്കാതെ ഈ സംവിധായകന്‍ മുന്നേറുന്ന കാഴ്ചയാണ് 'അങ്കമാലി ഡയറീസ്.' ചെമ്പന്‍ വിനോദ് തിരക്കഥയെഴുതി ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിലെ അങ്കമാലിയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതമാണ് അങ്കമാലി ഡയറീസ് പറയുന്നത്. നാട്ടിലെ സംസ്‌കാരം, ഭാഷ, രീതികള്‍ എന്നിവയിലൂടെ അങ്കമാലിക്കാരുടെ ആകെ തന്നെ കഥ എന്ന് ഒരര്‍ത്ഥത്തില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. എന്നാല്‍ പ്രശസ്തമായ വിദേശചിത്രങ്ങളോട് ലിജോ ജോസ് പെല്ലിശ്ശേരിക്കുള്ള ആഭിമുഖ്യത്തെ ശരിവയ്ക്കുന്ന സിനിമ കൂടിയാണ് ഇത്.

ഈ സിനിമ കാണുമ്പോള്‍ ആദ്യം മനസ്സിലേയ്ക്ക് ഓടിവരിക ഫെര്‍ണാണ്ടോ മെയ്‌റല്ലസ് സംവിധാനം ചെയ്ത ലോകപ്രശസ്ത ബ്രസീലിയന്‍ സിനിമയായ 'സിറ്റി ഓഫ് ഗോഡ്' ആണ്. റയോ ഡി ജനീറോയിലെ ഒരു നഗരപ്രദേശത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിലൂടെയായിരുന്നു ആ സിനിമ വികാസം പ്രാപിച്ചത്. ഇവിടെ അങ്കമാലിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളാണ് സിനിമയ്ക്ക് ആധാരമാകുന്നത്. എന്നാല്‍ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയുടെ ആകെത്തുകയായ പ്രമേയവുമായി സാമ്യമുണ്ട് എന്നതൊഴിച്ചാല്‍ ശക്തമായ സ്വത്വം ചേര്‍ത്തുപിടിച്ച സിനിമയാണ് അങ്കമാലി ഡയറീസ്.

അങ്കമാലിയുടെ സംസ്‌കാരം കൃത്യമായി സമന്വയിപ്പിച്ചിട്ടുണ്ട് തന്റെ തിരക്കഥയില്‍ ചെമ്പന്‍ വിനോദ്. ചുറ്റുപാടും സംഭവ്യമായ കാര്യങ്ങളെ കിറുകൃത്യം സംഭാഷണങ്ങളോടെയും, കഥാപാത്ര പ്രാധാന്യത്തോടെയും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വഴിയേ പോയി വല്ലതും വാവിട്ടു പറയുന്ന ഒരു കഥാപാത്രത്തെപ്പോലും ചിത്രത്തില്‍ കാണാന്‍ കഴിയില്ല എന്നതിന്റെ ഫുള്‍ ക്രെഡിറ്റ് രചയിതാവായ ചെമ്പന്‍ വിനോദിന് കൊടുക്കണം. ഒപ്പം തിരക്കഥ എന്താണോ ഉദ്ദേശിച്ചത് അത് ചോര്‍ന്നുപോകാതെ അവതരിപ്പിച്ച ലിജോയുടെ അവതരണരീതിക്കും കയ്യടി നിര്‍ബന്ധമാണ്.

വിന്‍സന്റ് പെപ്പെ എന്ന നായകന്‍ തന്റെ കഥ പറയുന്ന തരത്തിലാണ് സിനിമയുടെ അവതരണം. പെപ്പെയുടെ കഥ ഒരു കാലഘട്ടത്തില്‍ ആ നാടിന്റെ നടന്ന കഥ തന്നെയായി ക്രമേണ പരിണമിക്കുകയാണ്. പെപ്പെയും അയാളുടെ സൗഹൃദവലയവും ചെന്നെത്തുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ കാമ്പ്. ഈ പ്രശ്‌നങ്ങളിലെല്ലാം തന്നെ അങ്കമാലി എന്ന പ്രദേശവും, അവിടുത്തെ സംസ്‌കാരവും കൃത്യമായി കടന്നുവരുന്നുണ്ട്. പന്നിയിറച്ചി വില്‍പ്പന, പള്ളിപ്പെരുന്നാള്‍ എന്നിങ്ങനെ അങ്കമാലി സംസ്‌കാരം പരമാവധി ഉപയോഗിച്ച് വിജയിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പെപ്പെയുടെയും സുഹൃത്തുക്കളുടെയും ചെയ്തികള്‍ പതിയെയാണെങ്കിലും എല്ലാവരുടെയും ജീവിതത്തില്‍, പ്രത്യേകിച്ച് പെപ്പെയുടെ ജീവിതത്തില്‍ പ്രധാനമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. അത്തരം പ്രശ്്‌നങ്ങളോടുള്ള അവരുടെ പ്രതികരണവും, അതിന്റെ പരിണാമങ്ങളും സിനിമ കാട്ടിത്തരുന്നു. 'ഒരു കട്ട ലോക്കല്‍ പടം' എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ പോലെ നമുക്ക് ചുറ്റുമുള്ളതെല്ലാം തന്നെയാണ് ചിത്രം കാണിച്ചുതരുന്നത്. സംഭാഷണങ്ങളുടെ കൃത്യമായ ഉപയോഗം സിനിമയില്‍ കാണാം.

അഭിനേതാക്കളുടെ കാര്യത്തില്‍ നായകനായ പെപ്പെയെ അവതരിപ്പിച്ച നടനുള്‍പ്പെടെ എല്ലാവരും ഒന്നാംനിര പ്രകടനമാണ്. ചിത്രത്തിലെ മഹാഭൂരിപക്ഷം പേരും പുതുമുഖങ്ങളുമാണ്. ഒരുപക്ഷേ പെപ്പെയെക്കാള്‍ മികച്ച അഭിനയമാണ് രാജന്‍, രവി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാര്‍ കാഴ്ചവച്ചത്. ഇവരുടെ കൂട്ടാളികളായും, മറ്റ് കഥാപാത്രങ്ങളായുമെല്ലാം എത്തുന്ന എല്ലാവരും തന്നെ സ്വാഭാവികതയാര്‍ന്ന പ്രകടനത്തിലൂടെ വിസ്മയിപ്പിക്കും. ലിച്ചി, പെപ്പെയുടെ അമ്മ, അച്ഛന്‍, പെങ്ങള്‍, തോമസ്, എസ്‌ഐ ഷാഹുല്‍ ഹമീദ് (ചെമ്പന്‍ വിനോദിന്റെ സഹോദരന്‍) എന്നിങ്ങനെ ഓരോ കഥാപാത്രങ്ങള്‍ക്കും അഭിനയസാധ്യതയും, തിരക്കഥയില്‍ കൃത്യമായ ഇടവും ഉണ്ട്. അതേസമയം പെണ്‍കുട്ടികള്‍ മാത്രമാണ് പ്രണയത്തിന്റെ കാര്യത്തില്‍ ചതിക്കുക എന്നും, ആണുങ്ങളെല്ലാം നല്ലവരാണ് എന്നും സിനിമ പറയാതെ പറയുന്നുണ്ടോ എന്ന് സംശയം തോന്നായ്കയില്ല.

സാങ്കേതികവശം പരിശോധിക്കുമ്പോള്‍ ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് എന്നിവ മികച്ചതാണ്. ചിത്രത്തിന്റെ പ്രമേയത്തോട് ഒട്ടിനില്‍ക്കുന്നതാണ് ദൃശ്യപരിചരണം. പശ്ചാത്തലസംഗീതം, ഗാനങ്ങള്‍ എന്നിവയും നന്നായിരിക്കുന്നു. മലയാളത്തില്‍ വ്യത്യസ്തമായ രുചികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു സിനിമാ അനുഭവം തന്നെയാകും അങ്കമാലി ഡയറീസ്.

Read more topics: angamaly diaries review
English summary
Angamaly diaries review.
topbanner

More News from this section

Subscribe by Email