Saturday August 18th, 2018 - 6:25:pm
topbanner

ആദം ജോണ്‍ റിവ്യൂ: ബോറടിപ്പിക്കാത്ത ത്രില്ലര്‍

NewsDeskSKR
ആദം ജോണ്‍ റിവ്യൂ: ബോറടിപ്പിക്കാത്ത ത്രില്ലര്‍

സമീപകാലത്തായി മലയാളത്തിന് വ്യത്യസ്തതകള്‍ നിറഞ്ഞ സിനിമകള്‍ സമ്മാനിച്ച നടനാണ് പ്രിഥ്വിരാജ്. ഫഹദിനോളം വ്യത്യസ്തതകള്‍ക്ക് മുതിര്‍ന്നിട്ടില്ലെങ്കിലും കലയെയും കച്ചവടത്തെയും ഒരു പരിധിവരെ ചേര്‍ത്തുപിടിക്കുകയും, പ്രേക്ഷകഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സിനിമകള്‍ ചെയ്യുകയും ചെയ്യുന്നയാളാണ് പ്രിഥ്വി. മുംബൈ പോലീസ്, മെമ്മറീസ് എന്നിങ്ങനെയുള്ള ത്രില്ലറുകള്‍ തിളങ്ങിയ അദ്ദേഹത്തിന്റെ ഓണച്ചിത്രമാണ് ജിനു വി എബ്രഹാം സംവിധാനം ചെയ്ത 'ആദം ജോണ്‍.' ഇതുവരെ കേട്ടിട്ടില്ലാത്ത കഥയോ, മലയാളം കണ്ടിട്ടില്ലാത്ത ട്വിസ്‌റ്റോ ഒന്നുമില്ലെങ്കിലും ഛായാഗ്രഹണം അടക്കമുള്ള സാങ്കേതികവശങ്ങളുടെ മികവും, സീനുകളുടെ ഒതുക്കമുള്ള ആവിഷ്‌കാരവും ചിത്രത്തെ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു 'ഡീസന്റ് ത്രില്ലര്‍' ആക്കി മാറ്റിയിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ആദം ജോണ്‍ പോത്തന്‍ എന്ന കഥാപാത്രമായാണ് പ്രിഥ്വി ഇത്തവണ എത്തുന്നത്. ആദത്തിന്റെ അമ്മയും അനുജനും കുടുംബവും സ്‌കോട്ട്‌ലണ്ടില്‍ സെറ്റില്‍ഡ് ആണ്. പെട്ടെന്നൊരു ദിവസം ആദത്തിന്റെ അനുജനായ അലന്റെ മകള്‍ ഇളയെ ഏതോ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നു. തടയാന്‍ ശ്രമിച്ച ആദത്തിന്റെ അമ്മയെ അക്രമിസംഘം വെടിവച്ചു കൊല്ലുകയും ചെയ്യുന്നു. ഇതറിഞ്ഞ് സ്‌കോട്ടിലണ്ടിലെത്തുന്ന ആദം ഇള എവിടെ എന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുന്നു. ഈ അന്വേഷണമാണ് ചിത്രം.

ആദത്തിന്റെ മുന്‍കാല ജീവിതം, ജീവിത്തിലുണ്ടാകുന്ന ആകസ്മികമായ ദുരന്തങ്ങള്‍ എന്നിവ ചിത്രം ആദ്യം പറഞ്ഞുപോകുന്നുണ്ട്. പതിയെ ഒരു ട്വിസ്റ്റിനൊപ്പം ത്രില്ലര്‍ മൂഡിലേയ്ക്ക് കഥയെ കയറ്റിവിടുകയാണ് നവാഗതനായ ജിനു വി എബ്രഹാം. ലോജിക്കിന് പ്രാധാന്യം കൊടുക്കാതെ വീരനായകന്റെ അസാമാന്യ ബുദ്ധിപാടവത്തിന്റെ വാഴ്ത്തല്ല ആദത്തിന്റെ അന്വേഷണം എന്നതാണ് ചിത്രത്തെ സംബന്ധിച്ച് പ്രധാന ആശ്വാസം. ലോകത്തെ ഒരു പൊലീസിനും ഇല്ലാത്ത ബുദ്ധിവൈഭവത്താല്‍ കുറ്റവാളിയെ തേടിപ്പിടിക്കുന്ന നായകനല്ല ആദം ജോണ്‍. മറിച്ച് സുഹൃത്തിന്റെ സഹായത്തോടെയും, എപ്പോഴൊക്കെയോ കിട്ടുന്ന ചില സൂചനകളുടെയും സംശയത്തിന്റെയും പുറകെയും പോയി തന്റെ ലക്ഷ്യത്തില്‍ എത്തുകയാണ് അയാള്‍.

ഹോളിവുഡ് ഡാര്‍ക്ക് മൂഡ് ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യചാരുത പകരാന്‍ ഛായാഗ്രാഹകനായ ജിത്തു ദാമോദര്‍ കിണഞ്ഞുപരിശ്രമിച്ചിട്ടുണ്ട്. വലിയൊരു പരിധി വരെ ഈ ശ്രമം വിജയിച്ചിട്ടുമുണ്ട്. ഇള ഉണ്ടെന്നു കരുതി ഒരു കാറിനെ ബൈക്കില്‍ പിന്തുടരുന്ന ആദം, ആദം താല്‍ക്കാലികമായി വാടകയ്ക്ക് താമസിക്കുന്ന വലിയ വീട്, സെമിത്തേരി എന്നീ സീനുകളിലെല്ലാം ക്യാമറാമാന്റെ വൈദഗദ്ധ്യം പ്രകടമാണ്. ലോകസിനിമയില്‍ പുതുമയുള്ളതല്ലെങ്കിലും ഇത്രയും ഫ്രെഷ് ആയ ദൃശ്യങ്ങള്‍ മലയാള സിനിമയിലെ നല്ല മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്.

കഥയുടെ കാര്യം നേരത്തെ പറഞ്ഞതുപോലെ ഞെട്ടിപ്പിക്കുന്ന പുതുമകള്‍ ഒന്നും തന്നെയുള്ളതല്ല. കാണാതായ കുട്ടിയെ തേടിപ്പോകുക എന്ന തീം മുമ്പ് പ്രിസണേഴ്‌സ്, ടേക്കണ്‍ പോലുള്ള സിനിമകള്‍ അതിഗംഭീരമായ പറഞ്ഞുവച്ചിട്ടുമുണ്ട്. ആ കഥയെ ബോറടിപ്പിക്കാതെ മലയാളത്തില്‍ പറയുന്നു എന്നതിനാണ് ചിത്രത്തിന് കയ്യടി നല്‍കേണ്ടത്. ടി.ഡി.രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര' എന്ന നോവലിനെയും ചിലപ്പോഴെല്ലാം പിന്‍പറ്റുന്നുണ്ട് ചിത്രത്തിന്റെ തിരക്കഥ. അതേസമയം ക്ലൈമാക്‌സിലെ സംഘട്ടനരംഗം തനി മലയാളം ശൈലി ആയിപ്പോയത് അതുവരെ സിനിമ പിന്തുടര്‍ന്നുവന്ന മൂഡിന് തീര്‍ത്തും കടകവിരുദ്ധമാണ്. ഇവിടെയാണ് ചിത്രത്തോടുള്ള പ്രധാന വിയോജിപ്പും. ചിത്രം അവസാനിപ്പിച്ച രീതി തരക്കേടില്ലെങ്കിലും അത്തരമൊരു എന്‍ഡിങ് അത്യാവശ്യമായിരുന്നോ എന്നും സംശയം തോന്നിപ്പിക്കുന്നു.

കഥാപാത്രങ്ങളുടെ കാര്യത്തില്‍ നായകന്‍ പ്രിഥ്വിരാജിന് ഈയിടെയായി താന്‍ ചെയ്ത പല വേഷങ്ങളുടെയും ഒരു തുടര്‍ച്ച എന്നേ പറയാനുള്ളൂ. പ്രിഥ്വി മോശമാക്കിയില്ല എന്നു പറയാം. അനുജനായ അലനെ അവതരിപ്പിച്ച രാഹുല്‍ മാധവ്, അലന്റെ ഭാര്യയെ അവതരിപ്പിച്ച ഭാവന, ആദത്തിന്റെ കൂട്ടുകാരനായ സിറിയക് ആയി എത്തിയ നരേന്‍ എന്നിവര്‍ നന്നായിട്ടുണ്ട്. ഡെയ്‌സി എന്ന കഥാപാത്രമായി ലെനയും നല്ല അഭിനയം കാഴ്ചവച്ചിട്ടുണ്ട്. കുറച്ച് രംഗങ്ങളേ ഉള്ളൂവെങ്കിലും വിശ്വസനീയമായ പ്രകടനമാണ് മകളായ ഇളയെ അവതരിപ്പിച്ച കുട്ടിയുടേത്. ഫാദറായ ശ്രീലങ്കക്കാരനെ അവതരിപ്പിച്ച നടനും വളരെ നന്നായിട്ടുണ്ട്. മണിയന്‍ പിള്ള രാജുവിന്റെ അച്ഛന്‍ കഥാപാത്രവും കൊള്ളാം.

നേരത്തെ പറഞ്ഞതുപോലെ ഛായാഗ്രഹണം സിനിമയുടെ ആസ്വാദനത്തിന് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്. വലിയ ഹര്‍ഷസംഘര്‍ഷങ്ങള്‍ ഒന്നുമില്ലാത്ത സീനുകളില്‍പ്പോലും മലയാളം പതിവായി തുടരുന്ന ക്യാമറാ ചലനങ്ങളെയും ഫ്രെയ്മുകളെയും മാറ്റി സ്ഥാപിച്ചത് ആശ്വാസമാണ്. സ്‌കോട്ട്‌ലണ്ട് എന്ന സെറ്റ് അതിന് വലിയ സഹായവുമായിട്ടുണ്ട്. ചിത്രത്തിന്റെ എഡിറ്റിങ്ങും ഡാര്‍ക്ക് മൂഡ് നിലനിര്‍ത്തുന്ന തരത്തില്‍ നന്നായിട്ടുണ്ട്. ഏറെക്കാലത്തിനു ശേഷമാണ് നല്ല ഒരു പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍ എന്ന സംഗീതസംവിധാകനില്‍ നിന്നും കേള്‍ക്കുന്നത്. പാട്ടുകള്‍ വലിയ മെച്ചമില്ലെങ്കിലും ആദത്തിന്റെ അന്വേഷണവഴികളിലെ പശ്ചാത്തലസംഗീതം ത്രില്ലടിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രം ബോറടിക്കാതെ കണ്ടിറങ്ങാം എന്നതാണ് കാഴ്ചാനുഭവം.

English summary
adam joan review
topbanner

More News from this section

Subscribe by Email