കൊച്ചി:ദിലീപിനെ പുറത്താക്കുന്ന വിഷയത്തില്‍ താരസംഘടനയായ അമ്മ അന്തിമ തീരുമാനമെടുത്തേ പറ്റുവെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ കൂടിയായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം കൊച്ചിയില്‍ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍, ഈ ആവശ്യം ഉന്നയിച്ച് നടിമാര്‍ നല്കിയ കത്ത് ചര്‍ച്ചയായേക്കും.തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നല്‍കിയത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിലീപ് വിഷയം ഉള്‍പ്പെടെ നടിമാര്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മറുടി സ്വാഗതാര്‍ഹമാണെന്ന് നടി രേവതി പ്രതികരിച്ചു.
ദിലീപ് വിഷയം കൂടാതെ സംഘടനിയില്‍ വനിതാ സെല്‍ രൂപീകരിക്കുക, തുല്യ വേതനം ഉറപ്പുവരുത്തുക, ഷൂട്ടിങ് സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ടോയ്ലറ്റ് സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ നടിമാര്‍ മുന്നോട്ടു വച്ചിരുന്നു.നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്താക്കിയ നടന് ദിലീപിനെ തിരിച്ചെടുക്കാന്‍ താരസംഘടന നടത്തിയ ശ്രമങ്ങളില്‍ പ്രതിഷേധിച്ച് അതിക്രമത്തിന് ഇരയായ നടി ഉള്‍പ്പെടെ നാലുപേര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്. എന്നാല്‍ സംഘടനയില്‍ തുടര്‍ന്നുകൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് രേവതി, പാര്‍വ്വതി പത്മപ്രിയ എന്നിവര്‍ തീരുമാനിച്ചത്.