Friday July 19th, 2019 - 8:06:pm
topbanner
topbanner

ചിരിപ്പൂരവുമായി ഷാജിപ്പാപ്പനും പിള്ളേരും: ആട് 2 റിവ്യൂ

NewsDesk
ചിരിപ്പൂരവുമായി ഷാജിപ്പാപ്പനും പിള്ളേരും: ആട് 2 റിവ്യൂ

റേറ്റിങ്: 7/10

'അലമാര' എന്ന പരാജയ ചിത്രത്തിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ആട് 2. മുമ്പ് 'ആട് ഒരു ഭീകരജീവിയാണ്' എന്ന പേരിലിറങ്ങി ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയും, പിന്നീട് ഡിവിഡിയിലും 'ടൊറന്റിലു'മായി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2. 'അലമാര'യ്ക്കു ശേഷം ഒരു വിജയചിത്രം വേണം എന്നതല്ല, മറിച്ച് 'ആടി'ന് വേണ്ടത്ര വിജയം നല്‍കാന്‍ കഴിയാതിരുന്ന പ്രേക്ഷകരുടെ നിരന്തരാഭ്യര്‍ത്ഥനയാണ് വീണ്ടും ആടിലെ പ്രിയകഥാപാത്രങ്ങള്‍ സ്‌കീനിലെത്തുന്നതിന് കാരണമായത്. ആട് ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാണക്കമ്പനി ഫ്രൈഡേ ഫിലിം ഹൗസ് തന്നെ ആദ്യ ഭാഗം പരാജയമായിട്ടും രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ ധൈര്യം കാട്ടി എന്നതും എടുത്തു പറയേണ്ടതാണ്. ഇനി ആട് 2ന്റെ കാഴ്ചയിലേയ്ക്ക്.

'പിങ്കി' എന്ന ആടും തുടര്‍ന്നുള്ള കുണ്ടാമണ്ടികളുമായിരുന്നു ആദ്യഭാഗത്തിന്റെ കഥ എങ്കില്‍ ഇത്തവണ ആട് പേരില്‍ മാത്രമാണ്; മറ്റെല്ലാം ചിരിപ്പൂരത്തിന്റെ ആട്ടവും പാട്ടുമാണ്. 'ലോജിക്' ഇല്ലാതെ സിനിമ കാണണം എന്ന് സംവിധാകനും, നായകനായ ജയസൂര്യയുമെല്ലാം സിനിമ ഇറങ്ങുന്നതിനു മുമ്പു തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു. ആട് ആദ്യ ഭാഗം ഇഷ്ടപ്പെട്ടവര്‍ക്ക് ഈ മുന്നറിയിപ്പിന്റെ ആവശ്യം പോലുമില്ല. ആദ്യ ഭാഗം പോലെ തന്നെ ഒരു കംപ്ലീറ്റ് ഫണ്‍ റൈഡാണ് ആട് 2വും. ആവേശവും ചിരിയും കൃത്യം അളവില്‍ ചേര്‍ത്ത് രണ്ടര മണിക്കൂര്‍ രസിപ്പിച്ചിരുത്തുന്ന ഒന്നാന്തരം സിനിമയായിട്ടുണ്ട് ആട് 2.

ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെല്ലാം രണ്ടാം ഭാഗത്തിലും കൃത്യമായ പ്രാധാന്യത്തോടെ ഇടം പിടിച്ചിട്ടുണ്ട്. പുതിയ ചില കഥാപാത്രങ്ങളും കഥയും ആണ് എന്നു മാത്രം. കണ്ട് രസിച്ച കഥാപാത്രങ്ങളെല്ലാം തന്നെ അതേ ഇന്‍ട്രോ സോങ്ങോടെ രംഗത്തെത്തുമ്പോഴും ആവേശം ചോരാതെ കാണികള്‍ ആടിത്തിമിര്‍ക്കുന്നതാണ് തിയറ്ററിലെ കാഴ്ച. ഷാജി പാപ്പനും പിള്ളേരും, സര്‍ബത്ത് ഷമീറും, ഡ്യൂഡും, ആശാനും സാത്താന്‍ സേവ്യറുമെല്ലാമായി ആവേശവും ചിരിയും പരത്തുകയാണ് പ്രേക്ഷകരില്‍.

സംവിധായകന്റെ വാക്കുകള്‍ കടമെടുത്താല്‍ ഒരു അമര്‍ചിത്രകഥ പോലെ ലളിതമായ സമവാക്യങ്ങളാല്‍ നിര്‍മ്മിതമാണ് ആട് 2വിന്റെ കഥ. കുറേ കഥാപാത്രങ്ങളെ പല തലത്തിലും തരത്തിലുമായി ഒന്നിപ്പിക്കുന്ന ഒരു പ്രധാന വസ്തു- അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങള്‍. അതിന്റെ ഫലമായി ഓരോ കൂട്ടരും അനുഭവിക്കുന്ന പൊല്ലാപ്പുകള്‍. ഇതില്‍ ഏറ്റവും കഷ്ടപ്പാടനുഭവിക്കുന്നത് നായകനായ ഷാജി പാപ്പന്‍ തന്നെ. എന്നിരുന്നാലും കഥാന്ത്യത്തില്‍ ചിത്രകഥയിലെന്ന പോലെ പ്രശ്‌നങ്ങളെ അതിജീവിച്ച് നല്ല ജീവിതം തുടങ്ങുന്ന നായകനെയും സിനിമ കാട്ടുന്നു. പലപ്പോഴും പ്രവചനാത്മകമെങ്കിലും സരസമായ കഥപറച്ചിലില്‍ രസിച്ചിരിക്കും പ്രേക്ഷകര്‍. ഓരോ രംഗങ്ങളും, കേന്ദ്രപ്രമേയവും അത്രമേല്‍ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ കഥയെപ്പറ്റിയുള്ള ചെറിയ പരാമര്‍ശം പോലും കാഴ്ചയെ ബാധിക്കുമെന്നതിനാല്‍ കഥയിലേയ്ക്ക് അധികം കടക്കുന്നില്ല.

രാഷ്ട്രീയപരമായ ചില ആക്ഷേപഹാസ്യങ്ങള്‍ ഇത്തവണയും മിഥുന്‍ തന്റെ സിനിമയില്‍ പ്രത്യക്ഷമായി കാണിക്കുന്നുണ്ട്. കേരള മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള വിരോധവും, നോട്ട് നിരോധനവുമെല്ലാം ചിത്രത്തില്‍ ആക്ഷേപഹാസ്യവിമര്‍ശനത്തിലൂടെ കടന്നുവരുന്നു. ലോജിക് ഇല്ല എന്നു പറഞ്ഞിട്ടുണ്ടെങ്കിലും പഴയ നോട്ട് നിലവിലിരിക്കുന്ന കാലത്തെ കഥയില്‍ ഈയിടെ നിലവില്‍ വന്ന ജിഎസ്ടിയെപ്പറ്റിയുള്ള സംഭാഷണം കടന്നുവന്നത് തിരക്കഥാകൃത്തു കൂടിയായ സംവിധായകന്റെ ജാഗ്രതക്കുറവാണ്.

അഭിനേതാക്കളെല്ലാം തന്നെ ഒന്നാന്തരം പ്രകടനമാണ്. ഷാജി പാപ്പനായി തകര്‍ത്താടുകയാണ് ജയസൂര്യ. കള്‍ട്ട് കഥാപാത്രമായ പാപ്പനായുള്ള അദ്ദേഹത്തിന്റെ പ്രകടനം ഒരിക്കല്‍പ്പോലും ആരാധകരെ നിരാശപ്പെടുത്തില്ല. ആടിലെ പ്രധാന കഥാപാത്രങ്ങളായ സാത്താന്‍ സേവ്യര്‍, ആശാന്‍ തുടങ്ങിയവരെ ഇത്തവണ താരതമ്യേന അല്‍പ്പനേരം മാത്രമേ സ്‌ക്രീനില്‍ കാണാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഈ രണ്ട് കഥാപാത്രങ്ങളും കഥയ്ക്ക് അത്യന്താപേക്ഷികവുമാണ്. സര്‍ബത്ത് ഷമീറായ വിജയ് ബാബു, അറക്കല്‍ അബുവായ സൈജു കുറുപ്പ് എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ച നടീനടന്മാരും മികവു പുലര്‍ത്തി. അതേസമയം ആദ്യ ഭാഗത്തില്‍ 'പിങ്കി' എന്ന പേരില്‍ അവസാന സീനില്‍ പ്രത്യക്ഷപ്പെട്ട സ്വാതി റെഡ്ഡിയുടെ കഥാപാത്രം ഇത്തവണ എവിടെപ്പോയി എന്നത് ഒരു സംശയമായി അവശേഷിക്കുന്നു.

സാങ്കേതികരംഗത്ത് ആദ്യ ഭാഗത്തേക്കാള്‍ ആട് 2 മികച്ചു നില്‍ക്കുന്നതായാണ് അനുഭവപ്പെട്ടത്. മികച്ച ഛായാഗ്രഹണം വര്‍ണ്ണങ്ങളെ ഭാവനാത്മകതയോടെ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. എഡിറ്റിങ്ങും മികച്ചു നില്‍ക്കുന്ന. ഇന്‍ട്രോ സോങ്ങുകള്‍ ആദ്യ ഭാഗത്തിലേത് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിലും വിരസത അനുഭവപ്പെടുത്തിയതേയില്ല. ഡാന്‍സ് ബാര്‍ തുടങ്ങിയ ആര്‍ട്ട് വര്‍ക്കും കാഴ്ചയുടെ മാറ്റ് കൂട്ടി.

ആടിന്റെ ആരാധകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന രസക്കൂട്ടാണ് ആട് 2. ഇത്തവണ പക്ഷേ സാധാരണക്കാരായ പ്രേക്ഷകരുടെ മനസുകൂടി കവരാനുള്ള കാഴ്ചകളുമായാണ് ഷാജിപ്പാപ്പന്റെയും കൂട്ടരുടെയും വരവ്. ഉത്സവകാലത്തിന് ഓളം കൂട്ടാന്‍ തീര്‍ച്ചയായും കാണാം ആട് 2.

Read more topics: aadu 2 review, jayasurya
English summary
Aadu 2 review Malayalam.
topbanner

More News from this section

Subscribe by Email