Monday December 16th, 2019 - 3:30:am
topbanner

ജീത്തുവിന്റെ ഡീസന്റ് ത്രില്ലര്‍: ആദി [റിവ്യൂ]

NewsDeskSKR
ജീത്തുവിന്റെ ഡീസന്റ് ത്രില്ലര്‍: ആദി [റിവ്യൂ]

റേറ്റിങ് 7/10

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി.' ആദ്യ സിനിമയായ 'ഡിറ്റക്ടീവ്' മുതല്‍ പ്രേക്ഷകരെ പറ്റിച്ച് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും മാറി നടക്കുന്ന സംവിധായകനാണ് ജീത്തു എന്നത് വ്യക്തമായിരുന്നു. ഇടയക്ക് ചില സിനിമകള്‍ക്ക് ബോക്‌സ് ഓഫീസില്‍ പരിക്കുകള്‍ സംഭവിച്ചെങ്കിലും നല്ല പരിശ്രമത്തോടെ ചെയ്തവയാണ് ജീത്തുവിന്റെ സിനിമകള്‍ എന്ന് തോന്നിപ്പിച്ചിരുന്നു. 'ദൃശ്യ'ത്തിനു ശേഷം മികച്ച ഹിറ്റില്ലാതിരുന്ന ജീത്തു തന്റെ പ്രിയപ്പെട്ട ജോണറായ ത്രില്ലറിലേയ്ക്ക് മടങ്ങിയെത്തുകയാണ് 'ആദി' വഴി. മെമ്മറീസ്, ദൃശ്യം എന്നിവയോളം മികച്ചതല്ലെങ്കിലും ത്രില്ലര്‍ ഇനത്തില്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന, ശ്വാസം അടക്കിപ്പിടിക്കുന്ന രംഗങ്ങളടങ്ങിയ ഡീസന്റ് ത്രില്ലറായി മാറിയിട്ടുണ്ട് ആദി. ജീത്തുവിന്റെ മുന്‍ ചിത്രം 'ഊഴ'ത്തെക്കാളും മികച്ചു നില്‍ക്കുന്ന സിനിമ.

കേരളത്തിലെ ബിസിനസുകാരായ മോഹന്റെയും (സിദ്ദിഖ്) റോസിയുടെയും (ലെന) മകനാണ് ആദിത്യ മോഹന്‍ (പ്രണവ് മോഹന്‍ലാല്‍). ഒരു സംഗീതസംവിധായകനായി സിനിമയില്‍ അവസരം തെളിയിക്കുക എന്ന ലക്ഷ്യവുമായി നടക്കുന്ന ആദിക്ക് പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സ്‌നേഹനിധികളായതിനാല്‍ അച്ഛനും അമ്മയും സ്വപ്‌നത്തിന്റെ വഴിയില്‍ വലിയൊരു പരിധി വരെ അവനെ പിന്തുണയ്ക്കുന്നുണ്ട് എന്നു മാത്രം. ഇതിനിടെയാണ് ആദിക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ബാംഗ്ലൂരേയ്ക്ക് പോകേണ്ടിവരികയും, അവിടെ വച്ച് വലിയൊരു ട്രാപ്പില്‍ അകപ്പെടുകയും ചെയ്യുന്നത്. ഊരാന്‍ ശ്രമിക്കുന്തോറും മുറുകുന്ന ആ കുരുക്കില്‍ നിന്നും ഏതാനും പേരുടെ സഹായത്തോടെ രക്ഷപ്പെടാനുള്ള നായകന്റെ ശ്രമമാണ് 'ആദി.'

ചിത്രത്തിന്റെ ആദ്യ പകുതി 'ദൃശ്യ'ത്തിന്റെ നറേറ്റീവ് സ്ട്രക്ചറിനെ ഓര്‍മ്മപ്പെടുത്തുംവിധമാണ്. കഥയിലെ പ്രധാന സംഘഷത്തിലേയ്ക്ക് എത്തുന്നതിന് മുമ്പായി നായകന്റെ കുടുംബം സൗഹൃദവലയം, സ്വഭാവം എന്നിവയിലൂന്നിയുള്ള ദൃശ്യങ്ങള്‍. ശേഷം ഇടവേളയോടെ സംഘര്‍ഷഭരിതമാകുകയും, പൂര്‍ണ്ണമായും ത്രില്ലര്‍ സ്വഭാവത്തിലേയ്ക്ക് കടക്കുകയും ചെയ്യുന്ന അവതരണരീതി. സംവിധായകന്‍ എന്ന രീതിയിലുള്ള ജീത്തുവിന്റെ കയ്യടക്കം സിനിമയിലാകമാനം പ്രകടമാണ്.

aadhi-malayalam-review

ത്രില്ലര്‍ ഘടനയില്‍ നീങ്ങുന്ന ചിത്രത്തിനൊപ്പം മികച്ച ആക്ഷന്‍ രംഗങ്ങളും സിനിമയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഡ്യൂപ്പിലാതെ പ്രണവ് നടത്തുന്ന സംഘട്ടനരംഗങ്ങള്‍ ത്രസിപ്പിക്കുന്നവയാണ്. കൃത്യമായ സമയത്ത് മാത്രമാണ് വലിയ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തിട്ടുള്ളത് എന്നതും നല്ല കാര്യമാണ്. പാര്‍ക്കര്‍ അറിയാവുന്ന നായകന്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നും, ഓട്ടം, സംഘട്ടനം എന്നിവയെ പാര്‍ക്കറുമായി കൂട്ടിയിണക്കാന്‍ സംവിധായകനും, സാങ്കേതികപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടുണ്ട്.

അതേസമയം ചിലപ്പോഴെങ്കിലും 'ആദി' വിരസമാണ് എന്നത് പറയാതെ വയ്യ. ആദ്യ പകുതിയിലെ ഒന്നും സംഭവിക്കാത്ത ഇഴച്ചിലിനെ ദൃശ്യം മറികടന്നത് മോഹന്‍ലാലിന്റെ കുസൃതികളിലൂടെയായിരുന്നു. 'ആദി'യില്‍ അതിന് ശ്രമിച്ചിരിക്കുന്നത് കുടുംബബന്ധത്തിനുള്ളിലൂന്നിയാണ്. പക്ഷേ പലവുരു കണ്ട സ്‌നേഹനിമിഷങ്ങള്‍ വിരസതയാണ് സൃഷ്ടിക്കുന്നത്. ചില സംഭാഷണങ്ങളിലെയും പെരുമാറ്റങ്ങളിലെയും അതിനാടകീയതയും കല്ലുകടിയായി. സൂപ്പര്‍താരത്തെ സ്‌ക്രീനില്‍ കൊണ്ടുവന്നതെല്ലാം അനാവശ്യവും, സംവിധായകന്റെ പക്വതയില്ലായ്മയായുമാണ് അനുഭവപ്പെട്ടത്. രണ്ടാം പകുതിയിലും കഥയുടെ പ്രവചനാത്മകത സിനിമ വിരസമാകാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ എങ്ങനെ രക്ഷപ്പെടും എന്നതിനെപ്പറ്റി ആദി കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്നത് മുതലാണ് സിനിമ രസകരവും, ത്രില്ലടിപ്പിക്കുന്നതുമായി മാറുന്നത്. ലോജിക്കിനെ പണയം വയ്ക്കാത്ത രംഗങ്ങളും ചിത്രത്തെ വിശ്വസനീയമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

aadhi-malayalam-review

അഭിനേതാക്കള്‍ എല്ലാവരും പൊതുവെ നല്ല പ്രകടനമാണ്. അഭിനയപരമായി ഞെട്ടിക്കുന്ന പ്രകടനമൊന്നും പ്രണവ് കാഴ്ച വച്ചിട്ടില്ല. എങ്കിലും പുതുമുഖം എന്ന നിലയില്‍ തൃപ്തികരമാണ് പ്രണവിന്റെ പ്രകടനം. ആക്ഷന്‍ രംഗങ്ങളില്‍ അസാമാന്യ മികവ് പുലര്‍ത്തിയിട്ടുണ്ട് അദ്ദേഹം. ലെനയുടെ ചില സംഭാഷണങ്ങളും ആക്ടിവിറ്റീസും അതിനാടകീയമായിരുന്നെങ്കിലും മകനെയോര്‍ത്ത് കേഴുന്ന അമ്മയായി മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. സിദ്ദിഖും കൊള്ളാം. ഷിജു വില്‍സണ്‍, ജഗപതി ബാബു, സിജോയ് വര്‍ഗീസ്, ഷറഫുദ്ദീന്‍ എന്നിവര്‍ നന്നായിട്ടുണ്ട്. അനുശ്രീ നല്ല പ്രകടനമാണ്.

സാങ്കേതികരംഗത്ത് അയൂബ് ഖാന്റെ എഡിറ്റിങ്ങിന് പ്രത്യേകം അഭിനന്ദനങ്ങള്‍. സതീഷ് കുറുപ്പിന്റെ ക്യാമറ സുപ്രധാന രംഗങ്ങളില്‍ ചടുലമാണെങ്കിലും, വിരസമായ രംഗങ്ങളില്‍ വിരസത മറച്ച് രസകരമാക്കാന്‍ സഹായിക്കുന്നതല്ല. പശ്ചാത്തലസംഗീതം കൊള്ളാം. സംവിധായകന്‍ എന്ന നിലവില്‍ ജീത്തുവിന്റെ പരിശ്രമം വ്യക്തമായ സിനിമയുമാണ് 'ആദി.'

English summary
Aadhi malayalam movie review
topbanner

More News from this section

Subscribe by Email