Saturday June 23rd, 2018 - 3:45:pm
topbanner
Breaking News

ലാല്‍ ജോസ് മോഹന്‍ലാൽ ആദ്യമായി ഒന്നിക്കുന്ന 'വെളിപാടിന്റെ പുസ്തകം': റിവ്യൂ

NewsDeskSKR
ലാല്‍ ജോസ് മോഹന്‍ലാൽ ആദ്യമായി ഒന്നിക്കുന്ന 'വെളിപാടിന്റെ പുസ്തകം': റിവ്യൂ

മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളായ ലാല്‍ ജോസ് മോഹന്‍ലാലുമായി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയ്ക്കായുള്ള പ്രതീക്ഷയുടെ നാളങ്ങള്‍ക്ക് തെളിച്ചമേകിയത്. മോഹന്‍ലാലിന്റെ തന്റെ നിര്‍മ്മാണക്കമ്പനിയായ ആശിര്‍വാദ് സിനിമാസിന്റെ നിര്‍മ്മാണം, മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടെയും തിരക്കഥാകൃത്തായ ബെന്നി.പി.നായരമ്പലത്തിന്റെ രചന എന്നിവയും പ്രതീക്ഷയേറ്റാന്‍ കാരണമായി. ഇത്രയും പ്രതീക്ഷാഭാരത്തോടെയെത്തിയ ചിത്രം പക്ഷേ ഈ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കുന്ന നിര്‍മ്മിതിയാണ്. ഒരുപക്ഷേ ഈ പ്രതീക്ഷകളുടെ ഭാരം പേറിയില്ലായിരുന്നെങ്കില്‍ ചിത്രം ഇപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളുടെ എണ്ണത്തിലെങ്കിലും കുറവുണ്ടാകുമായിരുന്നു എന്നും തോന്നുന്നു.

മൈക്കിള്‍ ഇടിക്കുള എന്ന കോളജ് വൈസ് പ്രിന്‍സിപ്പലായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തീരദേശത്തെ ഒരു ആര്‍ട്‌സ് കോളജില്‍ പുതുതായി ചാര്‍ജ്ജെടുക്കുകയാണ് അയാള്‍. കോളജില്‍ നിരന്തരം തല്ലുകൂടുന്ന രണ്ട് ഗ്യാങ്ങുകളുടെ മദ്ധ്യസ്ഥനായി മാറുന്ന അയാള്‍ പിന്നീടങ്ങോട്ട് കോളജിന്റെ സര്‍വ്വകാര്യങ്ങളിലും ഇടപെടുകയും ഏവര്‍ക്കും പ്രിയങ്കരനാകുകയും ചെയ്യുന്നു. ഇത്രയുമാണ് ചിത്രത്തിന്റെ ആദ്യ പകുതിയിലെ പ്രധാന സംഭവവികാസങ്ങള്‍. ഹാസ്യം പ്രധാന രസമാക്കിയാണ് ഈ രംഗങ്ങളുടെയെല്ലാം കഥ പറച്ചില്‍. എവിടെയോ കണ്ടുമറന്ന പല സീനുകളും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും ആകെമൊത്തം ഒരു ആനച്ചന്തമുണ്ട് അവയ്ക്ക്. ഇടവേളയോടടുക്കുമ്പോള്‍ ചിത്രം ഇതുവരെ പറഞ്ഞുവന്ന കഥയില്‍ നിന്നും, കഥനത്തില്‍ നിന്നും മാറുകയാണ് എന്ന ഒരു പ്രതീതിയും അനുഭവപ്പെടുന്നു.

സിനിമാക്കഥ വെളിപ്പെടുത്തുകയല്ലെങ്കിലും സിനിമയുടെ പിന്നീടുള്ള സ്വഭാവം പറയാം. ആ നാട്ടില്‍ നടന്ന ഒരു കൊലപാതകത്തിലെ ഇരയുടെ ജീവിതം ഒരു പ്രത്യേക സാഹചര്യത്തില്‍ സിനിമയാക്കാന്‍ തീരുമാനിക്കുകയാണ് ഇടിക്കുളയുടെ നേതൃത്വത്തില്‍ കോളജ്. കൊല്ലപ്പെട്ട വിശ്വനാഥന്‍ (അനൂപ് മേനോന്‍) എന്ന കഥാപാത്രമായി ഇടിക്കുള തന്നെ അഭിനയിക്കാന്‍ തീരുമാനമാകുകയും ചെയ്യുന്നു. അങ്ങനെ പിന്നീട് സിനിമയിലെ സിനിമയായി വെളിപാടിന്റെ പുസ്തകം പരിണമിക്കുകയാണ്. കോളജുമായി വളരെ അടുത്ത ബന്ധമുള്ള വിശ്വനാഥന്റെ കൊലപാതകം ആര് ചെയ്തു, എന്തിന് ചെയ്തു, എങ്ങനെ ചെയ്തു എന്നിങ്ങനെ ഒരു പറ്റം വെളിപാടുകളുടെ പുസ്തകമായി ആ സിനിമാ പിടിത്തം മാറുന്നു. അതിനിടയിലെ ആത്മസംഘര്‍ഷങ്ങളും, സംഘട്ടങ്ങളും സിനിമയെ മുമ്പോട്ടു കൊണ്ടുപോകുന്നു.

കേള്‍ക്കാന്‍ സുഖകരമാണ് ഈ കഥ. എന്നാല്‍ ഈ കഥ ഉള്‍പ്പേറുന്ന സംഘര്‍ഷത്തിന്റെ പകുതി പോലും സ്‌ക്രീനിലെത്തിക്കാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ കഴിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം തിരക്കഥയിലെ പാളിച്ചകള്‍ തന്നെയാണ്. 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' പോലെ ബലഹീനമായ തിരക്കഥകളെപ്പോലും തന്റെ സംവിധാനമികവു കൊണ്ട് മറികടന്ന് കയ്യടി നേടിയ സംവിധായകനാണ് ലാല്‍ ജോസ്. പക്ഷേ വെളിപാടിന്റെ പുസ്തകത്തില്‍ അക്കാര്യത്തില്‍ സംവിധായകന്‍ പരാജയപ്പെടുന്നതാണ് കാഴ്ചാനുഭവം. രംഗങ്ങളെ അതിന്റെ തീവ്രതയില്‍ അവതരിപ്പിക്കാന്‍ ലാല്‍ ജോസിന് കഴിയുന്നേയില്ല. വിശ്വനാഥന്റെ യഥാര്‍ത്ഥ ജീവിതം എങ്ങനെ പറയണമെന്ന് ഉണ്ടായ ആശയക്കുഴപ്പത്തില്‍ തന്നെ സിനിമ സംവിധായകന്റെ കയ്യില്‍ നിന്നും തെന്നിമാറി. കോളജിലെ സംഭവങ്ങള്‍ തന്റെ സ്വതസിദ്ധ ശൈലിയിലൂടെ വലിയ മടുപ്പില്ലാതെ പറഞ്ഞുപോകുമ്പോഴും വിശ്വനാഥന്റെ യഥാര്‍ത്ഥ ജീവിതം പറയേണ്ട സന്ദര്‍ഭങ്ങളില്‍ സംവിധായകന്‍ പരിശ്രമത്താല്‍ കിതയ്ക്കുന്നത് കാണാം.

വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്ന് സിനിമ ആദ്യമേ പ്രേക്ഷകര്‍ക്ക് കാട്ടിത്തരുന്നു എന്നതാണ് പ്രധാന പോരായ്മ. പിന്നീട് വിശ്വനാഥന്റെ ജീവിതം ഇടിക്കുള അഭിനയിക്കുന്ന സിനിമയായി കാണിക്കുമ്പോള്‍ ആവര്‍ത്തനവിരസതയാണ് അനുഭവപ്പെടുന്നത്. 'ഇതെല്ലാം നമുക്കറിയാവുന്ന കാര്യമല്ലേ' എന്ന മട്ടിലാണ് പ്രേക്ഷകര്‍ ഈ രംഗങ്ങളെല്ലാം കാണുന്നത്. ഈ കണ്ടതൊന്നുമല്ല, ഇതിനെല്ലാം ഒരു മറുവശമുണ്ട് എന്ന രീതിയില്‍ ട്വിസ്റ്റിനായുള്ള ശ്രമവും പക്ഷേ ചീറ്റിയ പടക്കമാണ്. തിരക്കഥ കാത്തുവച്ച സസ്‌പെന്‍സ് തീര്‍ത്തും പ്രവചിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ത്തന്നെ അത് സിനിമയില്‍ കടന്നുവരുമ്പോള്‍ ഒട്ടുമേ ത്രില്‍ അനുഭവപ്പെടുന്നതുമില്ല. ഇടിക്കുളയുടെ ജീവിതത്തില്‍ സംഭവിച്ച ഒരു സുപ്രധാന കാര്യവും സസ്‌പെന്‍സായി പറയാന്‍ ശ്രമിച്ചെങ്കിലും അതും കഥനത്തിലെവിടെയോ കൈവിട്ടുപോകുകയാണ്.

പ്രകടനത്തിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ള എല്ലാവരും ആവറേജ് എന്നേ പറയാനുള്ളൂ. കോളജ് പ്രൊഫസറായ ഇടിക്കുളയായി തെറ്റില്ലാത്ത പ്രകടനം നടത്തുമ്പോഴും വിശ്വനാഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തന്റെ വഴക്കം നഷ്ടപ്പെടുന്ന ലാലിനെയാണ് കാണാന്‍ കഴിയുന്നത്. സംഘട്ടനരംഗങ്ങളിലും പതിവ് ലാല്‍ രസങ്ങള്‍ നഷ്ടപ്പെട്ടുപോയതായി അനുഭവപ്പെട്ടു. കാഴ്ചയില്‍ മാത്രമാണ് മോഹന്‍ലാലിനെ ആ കഥാപാത്രമായി തോന്നുന്നത്. അങ്കമാലി ഡയറീസില്‍ അപ്പാനി രവിയായി മികച്ച പ്രകടനം നടത്തിയ ശരത് കുമാര്‍ നിരാശയാണ് ഈ സിനിമയില്‍ സമ്മാനിച്ചത്.

അദ്ദേഹത്തിന്റെ കഴിവിനനുസരിച്ച് എന്തെങ്കിലും ചെയ്യാന്‍ ഈ സിനിമയിലെ ഫ്രാങ്ക്‌ളിന്‍ എന്ന കഥാപാത്രത്തിന് ഉണ്ടായിരുന്നോ എന്നും സംശയമാണ്. ചിലപ്പോഴെല്ലാം രസിപ്പിച്ചെങ്കിലും തന്റെ പഴയ കോമഡി ടൈമിങ്ങിന്റെ നിഴല്‍ മാത്രമാണ് സലിംകുമാര്‍ അവതരിപ്പിച്ച പ്രേംരാജ്. അന്ന രേഷ്മ രാജന്‍, അനൂപ് മേനോന്‍, പ്രിയങ്ക, സിദ്ദിഖ് എന്നിവരിലൊന്നും വലിയ മികവ് കാണാന്‍ കഴിഞ്ഞില്ല. വലിയ കഥാപാത്രമല്ലെങ്കിലും ഉള്ളുതൊട്ടത് അലന്‍സിയറിന്റെ വറീതാണ്. കലാഭവന്‍ മണി ബാക്കിവച്ചുപോയ കഥാപാത്രങ്ങളിലേയ്ക്ക് തന്നെ സന്നിവേശിപ്പിക്കാനുള്ള ചെമ്പന്‍ വിനോദിന്റെ ശ്രമം കൗതുകമുണര്‍ത്തിയെങ്കിലും കാക്ക രമേശന്‍ എന്ന ഈ കഥാപാത്രം ചെമ്പന്റെ കഴിവിന് വെല്ലുവിളിയുണര്‍ത്തുന്നതല്ല.

സാങ്കേതകരംഗത്ത് മികവ് എന്നു പറയാന്‍ തോന്നുന്നത് ശബ്ദരൂപകല്‍പ്പനയാണ്. ആകര്‍ഷകമായ ചില ഫ്രെയ്മുകള്‍ ഉണ്ടെങ്കിലും സുപ്രധാനരംഗങ്ങളിലൊന്നും തന്നെ സിനിമ ആവശ്യപ്പെടുന്ന ഫീല്‍ നല്‍കാന്‍ ക്യാമറയ്ക്ക് കഴിയുന്നില്ല. എഡിറ്റിങ്ങില്‍ ഉണ്ടായ പാളിച്ചകള്‍ സിനിമയുടെ ത്രില്ലിന് വലിയ കോട്ടം തട്ടാന്‍ കാരണമായിട്ടുണ്ട്. സംഘട്ടനരംഗങ്ങള്‍ ഒട്ടും മികവു പുലര്‍ത്തിയിട്ടില്ല.

പൊതുവെ പറഞ്ഞാല്‍ കൃത്യമായ പ്ലാനിങ് ഇല്ലാതെ പറയാന്‍ ശ്രമിച്ചതിനാല്‍ പരാജയപ്പെട്ടു പോകുന്ന ഒരു നല്ല ചലച്ചിത്ര ശ്രമം എന്ന് പറയാം വെളിപാടിന്റെ പുസ്തകത്തെക്കുറിച്ച്.

English summary
Velipadinte Pusthakam review

More News from this section

Subscribe by Email