Friday April 19th, 2019 - 6:25:pm
topbanner
topbanner

വെറും കളിയല്ല 'ഒഴിവു ദിവസത്തെ കളി': ഇതൊരു 'മരണ' മാസാണ്

കെ.മുഹമ്മദ് റിയാസ്
വെറും കളിയല്ല 'ഒഴിവു ദിവസത്തെ കളി': ഇതൊരു 'മരണ' മാസാണ്

കെ.മുഹമ്മദ് റിയാസ്

മാസ്, മരണ മാസ് പുതുതലമുറ സംഭാവന ചെയ്ത രണ്ടു വാക്കുകള്‍. സനല്‍കുമാര്‍ ശശിധരന്‍ എന്ന  സംവിധായകന്റെ 'ഒഴിവു ദിവസത്തെ കളി'യെക്കുറിച്ച് ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാന്‍ കഴിയില്ല

പേര് പോലെ വെറും കളിയല്ല ഈ സിനിമ. കളിക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഗൗരവകരമായ കാര്യമാണ് ഇത് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കുന്നത്. ഞെട്ടിത്തരിച്ചിട്ടല്ലാതെ ഈ സിനിമ കണ്ട ഒരു സിനിമാ പ്രേമിക്ക് തീയറ്റര്‍ വിടാന്‍ സാധിക്കില്ല. രാഷ്ട്രീയ സിനിമ എന്ന മേനി പറച്ചിലില്‍ മാത്രം ഒതുങ്ങാതെ കൃത്യമായ രാഷ്ട്രീയം പറഞ്ഞ ഈ സിനിമ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ ആര്‍ജ്ജവം കാണിച്ച സംവിധായകന്‍ ആഷിക്ക് അബുവിന് പൊന്‍തൂവല്‍ നല്‍കാതെ ഒരു വിവരണമെങ്കിലും 'ഒഴിവു ദിവസത്തെ കളി'യുടെ കാര്യത്തില്‍ അസാധ്യമാണ്.

അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു റിയലസ്റ്റിക്ക് സിനിമയാണിത്. രാഷ്ട്രീയത്തിലെ വിധി തീര്‍പ്പ് ദിനത്തെ അരാഷ്ട്രീയമായി കൊണ്ടാടാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുടെ കഥ പുരോഗമിക്കുന്നത് കാടിന്റെ കൂടി പശ്ചാത്തലത്തിലാണ്.

ആരുടേയും ശല്യമില്ലാതെ കാട് കയറി ഒരു മദ്യപാന സദസ്. മദ്യപാനത്തിനിടെ ചിത്രത്തിലെ അഞ്ചു പുരുഷ കഥാപാത്രങ്ങളുടെ മനസിലെ പൊള്ളയായ വാത്മീകത്തെ കഥ തുറന്നു കാണിക്കുന്നുണ്ട്. ഇവര്‍ക്ക് വെച്ചു വിളമ്പാന്‍ എത്തുന്ന ഗീത എന്ന പെണ്ണിനോടുള്ള ഓരോരുത്തരുടെയും മനസിന്റെ പ്രകടനങ്ങളും ചിത്രം വിളിച്ചോതുന്നു. ആണിന് കേവലം ആസക്തി തീര്‍ക്കാനുള്ള മാംസക്കഷ്ണമാണ് പെണ്ണെന്ന പുരുഷ കേന്ദ്രീകൃത മനോഭാവത്തെ തന്ത്രപരമായ ആഖ്യാന ശൈലിയിലൂടെ പരിഹസിക്കുന്നുണ്ട് സംവിധായകന്‍.Ozhivudivasthe Kali movie malayalam review

കൂടാതെ കാലമെത്ര പുരോഗമിച്ചാലും മായാതെ മനസുകളില്‍ പുതഞ്ഞു കിടക്കുന്ന വൃത്തികെട്ട ജാതീയതയും സവര്‍ണ്ണ മനോഭാവവും ഇവിടെ കാഴ്ചകളില്‍ പരോക്ഷമായ പ്രകടനങ്ങളിലൂടെ പൊളിച്ചടുക്കപ്പെടുന്നുണ്ട്. കറുത്തവനും അവര്‍ണ്ണനും സവര്‍ണ്ണന് കീഴ്‌പ്പെടെണ്ടവനാണെന്ന ചിന്താഗതിക്കെതിരായ പോരാട്ടം കൂടിയാണ് 'ഒഴിവു ദിവസത്തെ കളി'യിലെ കളി.

പൂണൂലിട്ടവന്‍ ഉന്നതകുല ജാതനും വിധി കല്‍പ്പിതാവും സവര്‍ണ്ണന്‍ രാജാവും മന്ത്രിയും അവര്‍ണ്ണന്‍ ഇവരുടെ വിധി വിലക്കുകളെ നമിച്ച് കഴിയെണ്ടവന്‍ ആണെന്നുമുള്ള ജാതീയതയെ കൊഞ്ഞനം കുത്തുന്നുമുണ്ട് സിനിമ. പണമുള്ളവന് നീതിവ്യവസ്ഥയെ പോലും സ്വാധീനിക്കാന്‍ കഴിയുമെന്ന വസ്തുതയും കളി കാണിച്ചു തരുന്നു.ozhivu-divasathe-kali-review

ഉണ്ണി ആറിന്റെ കഥ തിരക്കഥയുടെ ഭാരമില്ലാതെ അഭ്രപാളിയിലെത്തുമ്പോള്‍ സാഹിത്യ സൃഷ്ടിയെ വെല്ലുന്നു ഈ ചിത്രം എന്നതാണ് സത്യം. പിന്നെ അരുണ്‍ നായര്‍,ബൈജു നെറ്റോ,പ്രദീപ് കുമാര്‍,നിസാര്‍ സേട്ട്, ശ്രീധര്‍,അഭിജ ശിവകല,അരുണ്‍ നാരായണന്‍ എന്നിവരുടെ നടന ചാരുതയെ അനുമോദിക്കാതിരിക്കാന്‍ ഒരു പ്രേക്ഷകനും കഴിയില്ല.

ഒന്ന് കൂടി പറയാതിരിക്കുക വയ്യ. ചിത്രത്തിന് മനോഹരമായ ഒഴുക്ക് നല്‍കാന്‍ സാധിച്ചതിന്റെ മേന്മ ക്യാമറമാന്‍ ഇന്ദ്രജിത്തിന് അവകാശപ്പെട്ടത് കൂടിയാണ്. അതിന്റെ പ്രകടമായ ഉദാഹരണമാണ്. ഇന്റര്‍വെല്ലിന് ശേഷം രണ്ടു ഷോട്ടുകള്‍ കൊണ്ട് കഥ പറയാന്‍ കഴിഞ്ഞു എന്നത്. ബാക്ക് ഗ്രൌണ്ട് സ്‌ക്കോറിന്റെ അലോസരപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങള്‍ ഈ സിനിമയ്ക്കില്ല. ഇതെല്ലാം 'ഒഴിവു ദിവസത്തെ കളി'യെ കൃത്രിമത്വങ്ങള്‍ ഇല്ലാതെ റിയലസ്റ്റിക്ക് ആക്കി മാറ്റുന്നു.

Sanal Kumar Sasidharanഅത് കൊണ്ട് തന്നെയാണ് ആര്‍ത്തലച്ച് പെയ്യുന്ന മഴയും അതിനേക്കാള്‍ ലഹരി പടരുന്ന മദ്യപാനവും ഷോക്കിംഗ് ആയ ക്ലൈമാക്‌സും പ്രേക്ഷകന്റെ കണ്ണില്‍ യാഥാര്‍ത്യമായിത്തീര്‍ന്നത്. ഇവയെല്ലാം നാട്യങ്ങളുടെ മേമ്പൊടിയില്ലാതെ ചമച്ച സനല്‍കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്‍ തന്നെയാണ് ഈ കളിയുടെ യഥാര്ത്ഥ രാജാവ്. നമ്മള്‍ പ്രേക്ഷകരാണ് വിധികര്‍ത്താക്കള്‍.

കള്ളനാവട്ടെ നമ്മുടെയൊക്കെ മനസ്സില്‍ അടിഞ്ഞു കൂടിയ ജാതീയവും മതപരവും ലിംഗപരവും വര്‍ണ്ണപരവുമായ മാലിന്യങ്ങളാണ്. ഈ സിനിമ കാണാതെ പോവുന്നത് ആ സിനിമാ പ്രേമിയുടെ ജീവിതത്തിലെ തീരാനഷ്ടമാണ് എന്നത് തീയറ്ററുകളില്‍ ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷകരുടെ കയ്യടികള്‍ സാക്ഷ്യപ്പെടുത്തുന്നു.

Read more topics: Ozhivudivasthe Kali, movie, review,
English summary
Ozhivudivasthe Kali movie malayalam review
topbanner

More News from this section

Subscribe by Email