Thursday July 18th, 2019 - 4:18:am
topbanner
topbanner

കസബ സിനിമയിലെ സ്ത്രീവിരുദ്ധരംഗം: വനിതാ കമ്മിഷന്‍ നോട്ടീസ്

NewsDesk
കസബ സിനിമയിലെ സ്ത്രീവിരുദ്ധരംഗം: വനിതാ കമ്മിഷന്‍ നോട്ടീസ്

കസബ എന്ന സിനിമയില്‍ സ്ത്രീത്വത്തെ അവഹേളിക്കുന്ന രംഗവും സംഭാഷണവും ഉണ്ടെന്നു ചൂണ്ടിക്കാട്ടി സിനിമയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍, നിര്‍മ്മാതാവായ ആലീസ് ജോര്‍ജ്ജ്, നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കേരള വനിതാക്കമ്മിഷന്‍ തീരുമാനിച്ചു. സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍ നിരോധനനിയമം നിര്‍വ്വചിക്കുന്നതരം രംഗങ്ങളും സംഭാഷണവും ഒഴിവാക്കാന്‍ പരിശോധനാവേളയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കും. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകശ്രദ്ധ പാലിക്കണമെന്ന് സിനിമാരംഗത്തെ പ്രധാന സംഘടനകളായ മാക്ടയോടും അമ്മയോടും ആവശ്യപ്പെടാനും ഇന്നു ചേര്‍ന്ന യോഗം തീരുമാനിച്ചു.

സിനിമയെപ്പറ്റി പൊതുവിലും മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിച്ചും കമ്മിഷനെ പ്രതിനിധീകരിച്ച് സിനിമ കണ്ട അംഗം നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുമാണു തീരുമാനം. സ്ത്രീവിരുദ്ധമായതും അശ്ലീലച്ചുവയുള്ളതുമായ ധാരാളം ദ്വയാര്‍ത്ഥപ്രയോഗങ്ങളുള്ള സിനിമയില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പാന്റ്‌സിന്റെ ബെല്‍റ്റില്‍ പിടിച്ചു വലിച്ചുകൊണ്ട് രാജന്‍ സക്കറിയ എന്ന കഥാപാത്രം സ്ത്രീപദവിയെ ഇടിച്ചുതാഴ്ത്തുകയും അന്തസ്സിനു ഹാനിവരുത്തുകയും ചെയ്യുന്നതരത്തില്‍ സംസാരിക്കുന്ന രംഗമാണ് ആരോപണവിധേയം ആയത്.

ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്നത് സ്ത്രീപദവി മോശമാക്കാനും സ്ത്രീത്വത്തെ അവഹേളിക്കാനുമുള്ള സ്വാതന്ത്ര്യമല്ലെന്നും അത് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും കമ്മിഷന്‍ വിലയിരുത്തി. ഇത്തരം കാര്യങ്ങളില്‍ ഇടപെടാനും സ്ത്രീസമൂഹത്തിന്റെ അന്തസ്സ് സംരക്ഷിക്കാനുമുള്ള സ്ഥാപനമെന്ന നിലയില്‍ കമ്മിഷന് ഇത്തരം പ്രവണതകള്‍ അനുവദിക്കാനാവില്ല.

വിപുലമായ ആരാധകരും വ്യാപകമായ അംഗീകാരവുമുള്ള മമ്മൂട്ടിയെപ്പോലൊരു നടന്‍ ഇത്തരം തരംതാണ കാര്യങ്ങള്‍ സിനിമയില്‍ ചെയ്യുമ്പോള്‍ അതിന് സമൂഹത്തില്‍ അപകടകരമായ സ്വീകാര്യതയാണ് ഉണ്ടാകുകയെന്നും സാമൂഹിക ഉത്തരവാദിത്തമുള്ള അഭിനേതാക്കള്‍ ഇത്തരം രംഗങ്ങള്‍ അഭിനയിക്കില്ലെന്നു നിലപാട് എടുക്കാനുള്ള ഔന്നത്യം കാണിക്കണമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ അഡ്വ: നൂര്‍ബീന റഷീദ്, ഡോ: ലിസി ജോസ്, ഡോ: ജെ. പ്രമീളാദേവി എന്നിവരും മെംബര്‍ സെക്രട്ടറി കെ. ഷൈലശ്രീയും പങ്കെടുത്തു. നേരത്തേ ഇക്കാര്യത്തില്‍ ലോ ഓഫീസറുടെ ഉപദേശവും തേടിയിരുന്നു.

കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് സമരം നടത്തിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കി

ശോഭനയേയും, മഞ്ജുയേയുംക്കുറിച്ച് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍

 

Read more topics: notice, Kasaba, Film, mammooty
English summary
KWC to serve notice to the makers and actor of Kasaba Film
topbanner

More News from this section

Subscribe by Email