Tuesday May 22nd, 2018 - 9:13:pm
topbanner

'ഗോഡ് സെ' മലയാളത്തിന് പുതിയ ക്ലാസ് ചിത്രം: നവ്യാനുഭവം നെഞ്ചേറ്റി പ്രേക്ഷകര്‍

NewsDesk
'ഗോഡ് സെ' മലയാളത്തിന് പുതിയ ക്ലാസ് ചിത്രം: നവ്യാനുഭവം നെഞ്ചേറ്റി പ്രേക്ഷകര്‍

പ്രത്യേക ലേഖകന്‍
കൊച്ചി: പ്രേക്ഷകന് പുത്തന്‍ സിനിമാനുഭവം സമ്മാനിച്ച് ഗോഡ് സെ തീയറ്ററുകളിലെത്തി. സിനിമ സമരത്തിനിടെ അറുപതിലധികം തീയറ്ററുകളില്‍ എത്തിയ ഗോഡ് സെ ആദ്യ ഷോയില്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ക്ലാസ് പ്രേക്ഷകരെയാണ് സിനിമ ഏറെ ആകര്‍ഷിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ ഷെറി, സഹോദരന്‍ ഷൈജു ഗോവിന്ദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഗോഡ് സെയുടെ ആഖ്യാനരീതി വരും നാളുകളിലെ സിനിമ ശില്പികള്‍ക്ക് കടമെടുക്കാവുന്ന തരത്തിലുള്ളതാണ്.Godsay malayalam movie review

അട്ടഹാസങ്ങളും കാതടപ്പിക്കുന്ന ശബ്ദങ്ങളും കേട്ടുമടുത്ത പ്രേക്ഷകന് ആശ്വാസത്തോടെ നല്ല സിനിമ കാണാനുള്ള അവസരമാണ് ഗോഡ് സെ ഒരുക്കിയത്. ചിത്രത്തില്‍ ഹരിശ്ചന്ദ്രന്‍ എന്ന നായക കഥാപാത്രമായി മികച്ച പെര്‍ഫോമന്‍സാണ് വിനയ് ഫോര്‍ട്ട് കാഴ്ച വെച്ചത്. വിനയിയുടെ അഭിനയജീവിതത്തില്‍ എക്കാലവും ഓര്‍മ്മിക്കാവുന്ന ഏറ്റവും മികച്ച കഥാപാത്രം ഹരിശ്ചന്ദ്രന്‍ തന്നെയാണ്.

സ്ഥിരം മദ്യപാനായിയായ ഒരു ആകാശവാണി അവതാരകന്റെ ജീവിതത്തില്‍ അയാള്‍ക്ക് അവതരിപ്പിക്കേണ്ടി വരുന്ന ഗാന്ധിമാര്‍ഗം എന്ന പരിപാടി ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് സിനിമ സംവദിക്കുന്നത്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കൈവെടിയുന്ന ഉദാരവത്ക്കരണ നയങ്ങള്‍ക്കെതിരായ ആക്ഷേപഹാസ്യം കൂടിയാണ് ഗോഡ് സെ. 90 കളുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ മലയാളത്തിന്റെ സംവിധായക പ്രതിഭ പി.പത്മരാജന്റെ സ്മരണകളും സിനിമയുടെ തുടക്കത്തില്‍ മലയാളിക്ക് ഗൃഹാതുരത സമ്മാനിക്കുന്നു. മഗ്ദലന ഗോമസ് എന്ന ഡ്രാമ സ്‌ക്കൂള്‍ വിദ്യാര്ഥിനിയായി മൈഥിലിയും തന്റെ ഏറ്റവും നല്ല പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ജോയ് മാത്യുവിന്റെ മെഹബൂബ് ഖാന്‍ നായക കഥാപാത്രത്തോട് കിടപിടിക്കുന്ന വേഷമാണ്.Godsay malayalam movie review

മാമുക്കോയയുടെ കോയാക്ക പലപ്പോഴും പ്രേക്ഷകരില്‍ ചിരി പടര്‍ത്തുമ്പോള്‍ ഇന്ദ്രന്‍സിന്റെ ഗാന്ധി മൊയ്തു എന്ന കഥാപാത്രം നൊമ്പരം പടര്‍ത്തുന്ന ഒരു ഗാന്ധിയന്റെതാണ്. പ്രമുഖ സാഹിത്യകാരന്‍ ടി.എന്‍.പ്രകാശിന്റെ 'ഗാന്ധിമാര്‍ഗം' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ഗോഡ് സെ പുറത്തിറക്കിയത്. സുര്‍ജിത്ത് എന്ന നടന്റെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ. കൂടാതെ കഴിവുറ്റ ഒട്ടനവധി പുതുമുഖങ്ങളും സിനിമയില്‍ നിറയുന്നു. ജലീല്‍ ബാദുഷ എന്ന ഛായാഗ്രാഹകന്റെ സുന്ദരമായ വിഷ്വലുകള്‍ കാണികള്‍ക്ക് നയനസുഖം പകരുന്നുണ്ട്. സ്‌നേഹാഞ്ജലി ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് മാണിക്കോത്ത് ഇ.പി.ദിനേശ് നമ്പ്യാര്‍ എന്നിവരാണ് നിര്‍മ്മാണം.Godsay malayalam movie review

ബിജിബാലിന്റെ പശ്ചാത്തല സംഗീതവും അഭിനന്ദനാര്‍ഹമായ കാര്യമാണ്. അനില്‍ പനച്ചൂരാന്‍, വിജേഷ് വടകര എന്നിവരാണ് ഗാനരചന. ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം അതില്‍ചില മാറ്റങ്ങള്‍ വരുത്തിയാണ് തീയറ്ററുകളില്‍ എത്തിയത്. മലയാളം സിനിമയുടെ സ്ഥിരം ചേരുവകള്‍ പ്രതീക്ഷിച്ചു മാത്രം തീയറ്ററില്‍ പോയാല്‍ ഗോഡ് സെയില്‍ നിന്നും അത് ലഭിക്കില്ല. മറിച്ച് പുതുമ തേടുന്ന പ്രേക്ഷകന് നല്ല പാഠപുസ്തകം കൂടിയാണ് ഗോഡ് സെ. സിനിമ സമരത്തിന്റെ കാലത്ത് മലയാള സിനിമയെ സ്‌നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും ഈ കുഞ്ഞുസിനിമ വിജയിപ്പിക്കേണ്ടത് മലയാള ചലച്ചിത്ര ലോകത്തിന്റെ നല്ല ഭാവിക്ക് അനിവാര്യത കൂടിയാണ്.

Read more topics: Godsay, movie, review,
English summary
Godsay malayalam movie review

More News from this section

Subscribe by Email