കൊച്ചി: ശ്രീനിവാസൻ - വിനീത് ശ്രീനിവാസൻ ചിത്രം 'അരവിന്ദന്റെ അതിഥികൾ'ലെ ആദ്യ ഗാനം റിലീസ് ചെയ്തു. "കണ്ണേ തായ് മലരേ" എന്ന ഈ ഗാനം അമ്മയുടെ മഹത്തായ സ്നേഹത്തെ കുറിച്ചാണ്. വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.
ഹരിനാരായണൻ ബി കെ ഗാനരചന നിർവഹിച്ചിരിക്കുന്നു. 10 വർഷമായുള്ള ഷാൻ റഹ്മാൻ - വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട് കുറിക്കുന്ന ഗാനം കൂടിയാണ് ഇത്. എം മോഹനൻ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികളിൽ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, നിഖില വിമൽ, അജു വർഗ്ഗീസ്, സലിം കുമാർ, ഉർവശി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത എന്നിവർ അഭിനയിക്കുന്നുണ്ട്.
കഥയെഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം രഞ്ജൻ അബ്രഹാമും നിർവഹിച്ചിരിക്കുന്നു. പതിയാര എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറുകളിൽ പ്രദീപ് കുമാർ പതിയാരയും നോബിൾ ബാബു തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.