കൊച്ചി: കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് ഫെഫ്കയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുണ്ടായ തര്‍ക്കം ഒത്തുതീര്‍ന്നു. ഈ വര്‍ഷം 20 ശതമാനവും തുടര്‍വര്‍ഷം കൂടുതലായി 7.5 ശതമാനവും വേതന വര്‍ധന അനുവദിക്കാമെന്ന നിര്‍ദ്ദേശം ഇരുപക്ഷവും അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രശ്നപരിഹാരം.
വ്യാഴാഴ്ച രാത്രി ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, 33 ശതമാനം വേതനവര്ധനവെന്നായിരുന്നു ആവശ്യമെങ്കിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇക്കാര്യം അംഗീകരിച്ചില്ല.
പുതിയ തീരുമാനം അനുസരിച്ച് തൊഴിലാളികള്‍ക്ക് ചുരുങ്ങിയത് 180 രൂപയുടെ വര്‍ധനയുണ്ടാകും. ഭക്ഷണത്തിന് അരമണിക്കൂര്‍ ഇടവേള അനുവദിക്കാനും തീരുമാനമായി. രാവിലെ ആറുമുതല്‍ രാത്രി 9.30 വരെ എന്ന രണ്ട് കാള്ഷീറ്റുകളുടെ സമയത്തിലും മാറ്റംവരുത്തി.
ഇതനുസരിച്ച് രാവിലെ ഏഴിനായിരിക്കും ഷൂട്ടിങ് ജോലി ആരംഭിക്കുക. രാത്രി 10 വരെ തുടരും. ഇതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചചെയ്യാന്‍ മാറ്റി.