Sunday July 22nd, 2018 - 12:51:am
topbanner
Breaking News

ചിരിയുടെ രസച്ചരടുമായി 'ചങ്ക്‌സ്' - ഫിലിം റിവ്യൂ

NewsDeskSKR
ചിരിയുടെ രസച്ചരടുമായി 'ചങ്ക്‌സ്' - ഫിലിം റിവ്യൂ

2016ലെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായിരുന്നു ഒമര്‍ ലുലുവിന്റെ ആദ്യ സംവിധാന സംരംഭമായ 'ഹാപ്പി വെഡ്ഡിങ്.' വലിയ താരപ്പകിട്ടോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം കോമഡി സിനിമ എന്ന രീതിയില്‍ പ്രേക്ഷകരുടെ, പ്രത്യേകിച്ച് യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തു. 'ഹാപ്പി വെഡ്ഡിങ്ങി'നു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ഫുള്‍പാക്ക് കോമഡി എന്റര്‍ടെയ്‌നര്‍ എന്ന നിലയ്ക്കാണ് 'ചങ്ക്‌സ്' സോഷ്യല്‍ മീഡിയയിലും മറ്റും പ്രൊമോട്ട് ചെയ്യപ്പെട്ടത്.

ഫ്രീക്ക് യൗവനത്തെ പ്രതിനിധാനം ചെയ്യുന്ന യുനടന്മാരില്‍ ഒരാളായ ബാലു വര്‍ഗ്ഗീസ്, തുടര്‍ച്ചയായി വിവിധ സിനിമകളിലായി മികച്ച കോമഡി ടൈമിങ്ങിലൂടെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആനന്ദം ഫെയിം വിശാഖ് നായര്‍ (കുപ്പി) എന്നിവര്‍ അഭിനേതാക്കളായും, ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ വൈശാഖ് രാജന്‍ നിര്‍മ്മാതാവായും എത്തിയതോടെ 'ചങ്ക്‌സ്' പ്രതീക്ഷയേകുകയും ചെയ്തു. എന്തായാലും ആ പ്രതീക്ഷ അസ്ഥാനത്തായില്ല; എല്ലാം മറന്ന് രണ്ട് മണിക്കൂര്‍ ചിരിപ്പിച്ചിരുത്തി രസിപ്പിക്കുന്ന എന്റര്‍ടെയ്‌നറൊരുക്കാന്‍ 'ചങ്ക്‌സി'ലൂടെ ഒമര്‍ ലുലുവിന് കഴിഞ്ഞിട്ടുണ്ട്.

കൗതുകമുണര്‍ത്തുന്ന ഒരു പ്രമേയവും, രസിപ്പിക്കുന്ന സിനിമാറ്റിക് ട്വിസ്റ്റും, അഭിനേതാക്കളുടെ പ്രകടനവും ഒഴിച്ചുനിര്‍ത്തിയാല്‍ ഏറെ മേന്മയൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രമായിരുന്നു 'ഹാപ്പി വെഡ്ഡിങ്.' ഛായാഗ്രഹണം, എഡിറ്റിങ് എന്നിങ്ങനെ സാങ്കേതികതയിലും ശരാശരിക്കും താഴെയായിരുന്നു ചിത്രം. വലിച്ചുനീട്ടിയ ഒരു ഷോര്‍ട്ട് ഫിലിം പോലെ പലപ്പോഴും ലാഗ് അനുഭവപ്പെടുകയും ചെയ്യിച്ചു 'ഹാപ്പി വെഡ്ഡിങ്.' എന്നാല്‍ ക്ലൈമാക്‌സ് വരെ രസച്ചരട് പൊട്ടാതെ കാത്തതിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാല്‍ 'ചങ്ക്‌സി'ലേയ്‌ക്കെത്തുമ്പോള്‍ ഒമര്‍ എന്ന സംവിധായകന്റെ വളര്‍ച്ചയാണ് ദര്‍ശിക്കാന്‍ കഴിയുന്നത്. ഒതുക്കത്തോടെയുള്ള കഥ പറച്ചില്‍, മടുപ്പിലേയ്ക്ക് വഴുതുന്ന സന്ദര്‍ഭങ്ങളില്‍ രസിപ്പിക്കുന്ന കൊച്ചു ട്വിസ്റ്റുകള്‍ എന്നിവയ്‌ക്കൊപ്പം മികച്ച സാങ്കേതിക പരിചരണവും 'ചങ്ക്‌സി'ന് അവകാശപ്പെടാം.

ഒരു എഞ്ചിനീയറിങ് കോളജിലെ മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ റൊമാരിയോ (ബാലു വര്‍ഗ്ഗീസ്), യൂദാസ് (വിശാഖ് നായര്‍), റിയാസ് (ഗണപതി), ആത്മാവ് (ധര്‍മ്മജന്‍) എന്നിവരിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. പെണ്‍കുട്ടികളില്ലാത്ത മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് റൊമാരിയോയുടെ ബാല്യകാല സുഹൃത്തായ റിയ (ഹണി റോസ്) എത്തുന്നതോടെയുള്ള രസങ്ങളും ട്വിസ്റ്റുകളുമാണ് ബാക്കി ചിത്രം. ഓരോ സീനുകളിലും മടുപ്പിക്കാത്ത ചിരിയൊരുക്കാന്‍ ഒമറിന് കഴിഞ്ഞിട്ടുണ്ട്. പഴഞ്ചന്‍ കോമഡികളില്‍ നിന്നും വലിയൊരു പരിധി വരെ ചിത്രം അകന്നു നില്‍ക്കുന്നുമുണ്ട്. കോമഡി എന്ന പേരില്‍ ഈയടുത്ത കാലത്ത് ഇറങ്ങി പഴഞ്ചന്‍ വളിപ്പുകള്‍ തട്ടിവിട്ട് പ്രേക്ഷകരെ പറ്റിച്ച സിനിമകളില്‍ നിന്നും അക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നുമുണ്ട് 'ചങ്ക്‌സ്.'

അതേസമയം 'ഹാപ്പി വെഡ്ഡിങ്ങി'ല്‍ കണ്ടതുപോലെ വെട്ടിത്തിരിയുന്നൊരു സിനിമാറ്റിക് ട്വിസ്റ്റ് അല്‍പ്പം മുഷിപ്പുണ്ടാക്കി എന്ന കാര്യം പറയാതിരിക്കാന്‍ വയ്യ. മനപ്പൂര്‍വ്വം ട്വിസ്റ്റിനായി നടത്തിയ ഒരു ശ്രമം പോലെയാണ് ഇത് അനുഭവപ്പെടുന്നത്. എങ്കിലും വലിച്ചുനീട്ടാതെ ഒതുക്കത്തില്‍ കാര്യം പറഞ്ഞതിനാല്‍ സിനിമയ്ക്ക് ഇത് വലിയ പോറലേല്‍പ്പിച്ചിട്ടില്ല.

ദ്വയാര്‍ത്ഥ പ്രയോഗം പലപ്പോഴായി ഉപയോഗിക്കുന്നുണ്ടെങ്കിലും അത് അശ്ലീലത്തിലേയ്ക്ക് കടക്കാതെ കാക്കുന്നുണ്ട് സംഭാഷണങ്ങള്‍. സ്ത്രീവിരുദ്ധതയെക്കുറിച്ചും മറ്റും പറയുകയാണെങ്കില്‍ പലയിടത്തും അത് വേണ്ടുവോളമുണ്ട് എന്ന് സമ്മതിക്കേണ്ടിവരും. 'കുമ്മനടി' പോലെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയ സമീപകാലത്തെ സംഭവവികാസങ്ങള്‍ സംഭാഷണത്തില്‍ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്.

ചിത്രത്തെ അതീവ രസകരമാക്കുന്നതില്‍ കൃത്യമായ കാസ്റ്റിങ് ഏറെ സഹായിച്ചിട്ടുണ്ട്. ബാലു, ധര്‍മ്മജന്‍, വിശാഖ്, ഗണപതി, ഹണി റോസ് എന്നീ പ്രധാന കഥാപാത്രങ്ങളുടേത് ഊര്‍ജ്ജസ്വലമായ പ്രകനമാണ്. ഒരിടത്തുപോലും ഇവര്‍ വെറുപ്പിക്കുകയോ മുഷിപ്പിക്കുകയോ ചെയ്യുന്നില്ല. പിന്നീട് എടുത്തു പറയേണ്ടത് ലാല്‍,ഷമ്മി തിലകന്‍ എന്നിവരുടെ പ്രകടനമാണ്. വില്ലന്‍ വേഷങ്ങളില്‍ നിന്നും ഈയിടെയായി കോമഡിയിലേയ്ക്ക് കളം മാറിയ ഷമ്മി തിലകന്‍ അതിഗംഭീരമായി തന്റെ 'പ്രൊഫസര്‍ ജോസ്' എന്ന വേഷം ഭംഗിയാക്കിയിട്ടുണ്ട്. ലാലിന്റെ കഥാപാത്രം കോമഡി ട്രാക്കിലുള്ള സ്ഥിരം അച്ഛന്‍ വേഷമാണെങ്കിലും രസിപ്പിക്കുന്നുണ്ട്. സിദ്ദിഖ്-ലാല്‍ കോംബിനേഷനും കൊള്ളാം. ഹരീഷ് പെരുമണ്ണയുടെ കഥാപാത്രവും കൊള്ളാം. എന്നാല്‍ എല്ലാ സിനിമയിലും ഈ നടന് കോഴിക്കോടന്‍ സ്ലാങ് മാത്രം നല്‍കുന്നത് കാലാന്തരത്തില്‍ മടുപ്പിച്ചേക്കാം.

നേരത്തെ പറഞ്ഞതുപോലെ സാങ്കേതിക പരിചരണത്തില്‍ ആദ്യ ചിത്രത്തിനേക്കാള്‍ ഏറെ ദൂരം മുന്നേറിയിട്ടുണ്ട് സംവിധായകന്‍. ആഘോഷത്തിന്റെ അനുഭവം സൃഷ്ടിക്കുന്ന ഫ്രെയിമുകളാണ് ഛായാഗ്രാഹകനായ ആല്‍ബി ഒപ്പിയെടുത്തിരിക്കുന്നത്. സെലിബ്രേഷന്‍ മൂഡ് നിസനിര്‍ത്തിക്കൊണ്ട് ദൃശ്യങ്ങളെ മികച്ച രീതിയില്‍ എഡിറ്റ് ചെയ്തിട്ടുണ്ട് ദിലീപ് ഡെന്നിസ് എന്ന എഡിറ്റര്‍. ഗോപി സുന്ദറിന്റെ പാട്ടുകളും ചിത്രത്തെ ആഘോഷമാക്കാന്‍ സഹായിക്കുന്നുണ്ട്. പല സിനിമകളിലേയും പശ്ചാത്തലസംഗീതം പുനരുപയോഗിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിലെ പശ്ചാത്തലസംഗീതവും രസച്ചരടിന് മുതല്‍ക്കൂട്ടാകുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ എന്ന നിലയ്ക്ക് തൃപ്തിയോടെ കണ്ടിറങ്ങാം 'ചങ്ക്‌സ്.'

English summary
Chunkzz film review
topbanner

More News from this section

Subscribe by Email