Saturday July 11th, 2020 - 12:57:am

അവരുടെ ലക്ഷ്യം മമ്മുക്കയായിരുന്നു..: ഫെഫ്കയ്ക്ക് മറുപടിയുമായി ആഷിക് അബു

fasila
അവരുടെ ലക്ഷ്യം മമ്മുക്കയായിരുന്നു..: ഫെഫ്കയ്ക്ക് മറുപടിയുമായി ആഷിക് അബു

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിന്റെ പേരില്‍ വലിയ വിവാദങ്ങളാണ് തലപൊക്കി കൊണ്ടിരിക്കുകയാണ്. അമ്മയില്‍ നിന്നും നാല് യുവനടിമാര്‍ രാജിവെച്ചതും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിനിടെ സംവിധായകന്‍ ആഷിക് അബു നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു. ആഷികിന്റെ ആരോപണങ്ങള്‍ക്ക് ബി ഉണ്ണികൃഷ്ണന്‍ ആദ്യം മറുപടി പറഞ്ഞിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിന്നാലെ ഫെഫ്കയുടെ പ്രസിഡന്റ് രഞ്ജി പണിക്കര്‍, ഝനറല്‍ സെക്രട്ടറി ജിഎസ് വിജയനും നോട്ടീസ് പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ആ തുറന്ന കത്തിനുള്ള മറുപടിയുമായി ആഷിക് അബു തന്നെ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ആഷിക് അബു കാര്യങ്ങള്‍ വിശദമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..

പ്രിയ ഫെഫ്ക ഭാരവാഹികളേ,

തുറന്ന കത്തിനുള്ള മറുപടി.

യൂണിയന്റെ വേദി നിങ്ങൾ തന്നില്ല എന്ന് എന്റെ വരികളിൽ എവിടെയും പറഞ്ഞിട്ടില്ല. ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സംഘടനക്ക് പേരുദോഷമുണ്ടാക്കിയെന്ന് കാണിച്ചു വിശദീകരണം ചോദിക്കുകയും അതിന് ഞാൻ മറുപടി തരാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒരംഗം എന്ന നിലയിൽ ഞാൻ ആ വേദി ഉപയോഗിക്കുന്നതിലെ ഒചിത്യം കണക്കിലെടുത്താണ് അങ്ങനെ എഴുതിയത്. ഇപ്പോഴും ആ വേദി എനിക്ക് വേണ്ടി തുറന്നുവെച്ചിട്ടുണ്ടെന്നറിഞ്ഞതിൽ സന്തോഷം.

2009 ൽ ഡാഡികൂൾ എന്ന എന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ഉണ്ടായ സംഭവങ്ങളുടെ ഫെഫ്ക വിശദീകരണത്തിലെ പിശക് ചൂണ്ടികാണിക്കട്ടെ. സിനിമാ സംഘടനകൾ ചേരിതിരിഞ്ഞു പോരാടുന്ന ( മാക്ട ഫെഡറേഷൻ - 'അമ്മ - ഫെഫ്ക ) കാലയളവിലാണ് ഒരു സഹ സംവിധായകനായിരുന്ന ഞാൻ ആദ്യ സിനിമ ചെയ്യുന്നത്. ചേർത്തല തണ്ണീർമുക്കം ബണ്ടിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കേ (മാക്ട ഫെഡറേഷൻ ) ആണെന്ന് തോന്നുന്നു ശ്രി ബൈജു കൊട്ടാരക്കരയുടെ നേതൃത്വത്തിൽ ഒരു പ്രകടനം ഷൂട്ടിംഗ് തടസപ്പെടുത്തികൊണ്ട് പൊടുന്നനെ അങ്ങോട്ടെത്തുന്നു, മമ്മുക്ക സെറ്റിൽ ഉള്ളതുകൊണ്ടാണ് അവരങ്ങോട്ടെത്തിയത്, അല്ലാതെ ആഷിഖ് അബു എന്നയാൾ അന്ന് ഒരു സഹ സംവിധായകൻ മാത്രമാണ്.

പ്രകടനം നയിച്ചവരുടെ ലക്ഷ്യം മമ്മുക്കയാണെന്ന് തിരിച്ചറിഞ്ഞ ഞങളുടെ സെറ്റിലെ ഞാനടക്കം എല്ലാവരും മമ്മുക്കക് ചുറ്റും മനുഷ്യ വലയം തീർത്തു. അന്ന് ബൈജു കൊട്ടാരക്കരക്ക് ഞാൻ ആരാണെന്നു പോലും അറിയാൻ സാധ്യതയില്ല. അവരുടെ ലക്ഷ്യം ആഷിഖ് അബു ആയിരുന്നോ എന്ന് ബൈജു കൊട്ടാരക്കര പറയട്ടെ. എങ്കിൽ നിങ്ങളുടെ വാദം ഞാൻ അംഗീകരിക്കുകയും, സംഘടനയുടെ സംരക്ഷണം സ്വീകരിച്ചു എന്ന സമ്മതിക്കുകയും ചെയ്യാം. അങ്ങനെ ഒരു പ്രകടനം സെറ്റിലേക്ക് വന്നതിന് ശേഷമാണ് ഞങ്ങൾ എല്ലാവരും അവരെ കാണുന്നത്. മുൻകൂട്ടി സുരക്ഷ ഒരുക്കാൻ പറ്റാതിരുന്നതും അതുകൊണ്ടാണ്. പിന്നീട് പോലീസെത്തിയാണ് സെറ്റിൽ സംരക്ഷണം ഒരുക്കിയത്.

രണ്ടാമത്തെ ചിത്രം സാൾട് ആൻഡ് പെപ്പറിന്റെ അന്യഭാഷാ നിർമാണ അവകാശങ്ങൾ വിറ്റ പണം മുഴുവൻ ആ സിനിമയുടെ നിർമാതാവ് കൈക്കലാക്കുകയും, നിയമപരമായി സംവിധായകനും എഴുത്തുകാർക്കും കിട്ടേണ്ട വിഹിതം കിട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഞാനും ആ സിനിമയുടെ തിരക്കഥകൃത്തുക്കളായ ശ്യാം പുഷ്കരനും ദിലീഷ് നായരും ഫെഫ്കയിൽ പരാതി നൽകുന്നു. ഇതേ നിര്മാതാവിന്റ അടുത്ത ചിത്രം റിലീസിന് തയ്യാറാകുന്ന സമയതാണ് ഞങ്ങൾ പരാതി നൽകിയത്. ആ ചിത്രം ഇറങ്ങുന്ന അവസരത്തിൽ പണം കിട്ടാൻ സാധ്യതയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്.

പരാതി സ്വീകരിക്കുകയും പ്രശ്നത്തിൽ അന്നത്തെ ഫെക്ഫാ ഡിറക്ടർസ് യൂണിയൻ ഭാരവാഹികൾ ഇടപെടുകയും ചെയ്തു. പണമിടപാട് തീർക്കാതെ, പരാതി പൂർണമായും പരിഹരിക്കാതെ ആ നിർമാതാവിന്റെ തന്നെ മറ്റൊരു പടം പുറത്തിറക്കാൻ സിനിമ സംഘടനക ക്ലീറെൻസ് കൊടുക്കാറില്ല. മണ്മറഞ്ഞ മഹാനായ ഒരു ചലച്ചിത്രകാരന്റെ മകൻ സംവിധാനം നിർവഹിച്ച സിനിമയായിരുന്നു അത്. കുറച്ചു പണം റിലീസിന് മുൻപും ബാക്കി റിലീസിന് ശേഷവും തരാമെന്ന നിർമാതാവിന്റെ ഒത്തുതീർപ്പ് നിർദേശം ശ്രി സിബി മലയിൽ ഞങ്ങളോട് പറയുകയും, നമ്മുടെ സുഹൃത്തിന്റെ സിനിമ തടസം കൂടാതെ റിലീസ് ചെയ്യാനും ഫെഫ്ക മുന്നോട്ടു വെച്ച ധാരണ പൂർണ മനസോടെ ഞങ്ങൾ അംഗീകരിച്ചു. പടം റിലീസായി. പിന്നീടൊരുപാട് കാലം പണം കിട്ടാനായി നടന്നു.

എനിക്ക് കിട്ടാനുള്ള തുകയുടെ പകുതിയും ശ്യാമിനും ദിലീഷിനും ഏകദേശം മുഴുവനായും പണം കിട്ടിയ പുറകെ തന്നെ ഫെഫ്കയുടെ ഓഫീസിൽ നിന്ന് ദിവസവും വിളി വരും. സംഘടന ഇടപെട്ട് കിട്ടിയ തുകയുടെ 20 ശതമാനം ഫെഫ്കയിൽ അടക്കണമെന്നായിരുന്നു ആവശ്യം. അത് അന്യായമാണെന്ന് ഞാൻ പലയാവർത്തി അവരോടു പറഞ്ഞു. മാക്ട, മാക്ട ഫെഡറേഷൻ, ഫെഫ്ക എന്നിങ്ങനെ മലയാള സിനിമയുടെ പ്രധാന സംഘടനകളിൽ സഹ സംവിധായകൻ ആയ കാലം മുതൽ ഞാൻ അംഗമാണ്. വരി സംഖ്യയും ലെവിയും മുടക്കിയിട്ടില്ല എന്നാണ് ഓര്മ. സിനിമയിൽ എത്തുന്നതിനു മുൻപ് സജീവ വിദ്യാർത്ഥിരാഷ്ട്രീയത്തിലും പങ്കാളിയായിട്ടുണ്ട്.

തൊഴിൽപരമായ വിഷയങ്ങളിൽ ഇടപെടുന്ന, വരി സംഖ്യയും ലെവിയും അടക്കുന്ന സ്വന്തം സംഘടന 20 ശതമാനം സർവീസ് ചാർജ് ചോദിച്ചത് ഞെട്ടലുണ്ടാക്കി, എന്നിട്ടും ഞങ്ങൾ മുഴുവൻ തുക കിട്ടുന്നത് വരെ കാത്തിരുന്നു. മുഴുവൻ തുകയും കിട്ടിയ മുറക്ക് ശ്യാമും ദിലീഷും 20 ശതമാനം തുക ഫെഫ്കയിൽ അടച്ചു. എനിക്ക് മുഴുവൻ പണം കിട്ടിയില്ല ( ഇപ്പോഴും ). എന്നാൽ പിന്നെ കിട്ടിയ അത്രെയും തുകയുടെ 20 അടക്കണം എന്ന് പറഞ്ഞു ഫെഫ്കയിലെ ഓഫീസിൽ നിന്ന് സ്ഥിരം വിളികൾ വന്നുകൊണ്ടിരുന്നു. സഹികെട്ട് ഞാൻ പ്രതികരിച്ചു, ശ്രി ബി ഉണ്ണിക്കൃഷ്ണനുമായും ശ്രി സിബി മലയിലുമായും ഫോണിൽ കലഹിച്ചു.

അവസാനം ഗതികെട്ട് ഞാൻ കിട്ടിയ അത്രെയും തുകയിൽ ഫെഫ്കയുടെ വിഹിതം ചെക്കായി എഴുതി ഫെഫ്ക ഓഫീസിൽ കൊടുത്തുവിട്ടു. എന്നാൽ ഞാൻ ധിക്കാരപരമായി പെരുമാറിയെന്ന് പറഞ്ഞുപിണങ്ങി ഫെഫ്ക ചെക്ക് മേടിച്ചില്ല. അകൽച്ച അവിടെ തുടങ്ങി. പിന്നീട് കമൽ സർ ഭാരവാഹിയാകുന്ന സമിതിയിൽ പുതിയ തലമുറയുടെ പ്രാതിനിധ്യം വേണമെന്ന ആവശ്യം മുൻനിർത്തി ഞാൻ നിർവാഹാക സമിതിയിൽ അംഗമായി. നിർവാഹക സമിതിയുടെ 3 യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവിടെ എനിക്ക് തുടരാൻ വ്യക്തിപരമായി തോന്നിയില്ല. ഒഴിഞ്ഞു നിൽക്കുകയാണ് പിനീട് ചെയ്തത്. ഫെഫ്കയുടെ സജീവ പ്രവർത്തകനാകാൻ എനിക്ക് സാധിക്കുമായിരുന്നില്ല.

വിയോജിപ്പുകൾ പലതുണ്ടെങ്കിലും ഫെഫ്ക നേതൃത്വവുമായും അംഗങ്ങളുമായും വ്യക്തിപരമായി നല്ല ബന്ധം തന്നെ സൂക്ഷിച്ചുപോന്നു. പല കാര്യങ്ങളിലും ശ്രി ബി ഉണ്ണിക്കൃഷ്ണനുമായി സംസാരിക്കാറുണ്ട്. ഏറ്റവും ഒടുവിൽ ഒരു സഹപ്രവർത്തകയുടെ ചികിത്സാ ചിലവിന്റെ കാര്യത്തിൽ സഹായം ചെയ്യണമെന്ന് പറയാനും സംസാരിച്ചു. ശ്രി ബി ഉണ്ണികൃഷ്ണൻ ആശുപത്രിയിൽ പോകുകയും കഴിയാവുന്ന സഹായങ്ങൾ ചെയ്യുകയും ചെയ്തു. അതെല്ലാം നല്ല കാര്യങ്ങൾ എന്നുതന്നെ ശ്രി ഉണ്ണികൃഷ്ണനോട് പറഞ്ഞിട്ടുമുണ്ട്.

പ്രശ്നം അതൊന്നുമല്ല. കഴിഞ്ഞ വര്ഷം നമ്മുടെ കൂട്ടത്തിൽ ഒരാൾക്ക് നേരെ നടന്ന, സമാനതകളില്ലാത്ത കുറ്റകൃത്യം സമൂഹത്തിൽ വലിയ രീതിയിൽ ചർച്ചകൾക്ക് തുടക്കമിട്ടു. സ്ത്രീകൾ മുന്നോട്ടുവന്ന് സിനിമയിൽ അവർക്ക് അരക്ഷിതാവസ്ഥയുണ്ടെന്ന് പറഞ്ഞു. സിനിമാ രംഗം സാംസ്കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിലും ഫെഫ്കയുടെ മൗനം അപാരമായിരുന്നു. നിങ്ങളുടെ മൗനത്തിന് ഈ സന്ദർഭത്തിൽ പല അർഥങ്ങൾ വരാം.

എനിക്കുള്ള വിമർശനം ആയിട്ടാണെങ്കിൽ പോലും മൗനം വെടിഞ്ഞത്‌ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇരക്കൊപ്പം തന്നെയാണെന്ന് ആർക്കും സംശയത്തിന് ഇടകൊടുക്കാതെ പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങളും ! തന്ത്രപരമായി നിങ്ങളയച്ച കത്ത് മറച്ചുവെച്ചു, വ്യാജവാദം എന്നൊക്കെ പറയുന്നതിന്റെ യുക്തി നിങ്ങളും പരിശോധിക്കുമല്ലോ.

* ഒരു യാത്രയിലായത്കൊണ്ടാണ് മറുപടി വൈകിയത്.

Read more topics: amma, dileep, fefka, Aashiq Abu
English summary
Aashiq Abu's reply for fefka's Open letter
topbanner

More News from this section

Subscribe by Email