Tuesday October 22nd, 2019 - 2:36:pm
topbanner

മലയാള സിനിമാ ലോകം 2015

NewsDesk
മലയാള സിനിമാ ലോകം 2015

മലയാളത്തില്‍ കോടികള്‍ കിലുങ്ങിയ വര്‍ഷമാണ് 2015. വര്‍ഷാവര്‍ഷം 150ഓളം സിനിമകള്‍ ഇറങ്ങുകയും അവയില്‍ പത്തെണ്ണത്തോളം മാത്രം ഹിറ്റ് ആകുകയും ചെയ്യുന്ന മലയാളത്തില്‍ ആ ശീലത്തിന് മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും, വമ്പന്‍ ഹിറ്റുകള്‍ വന്നു തുടങ്ങി എന്നതാണ് കാര്യം. 40 കോടിക്കുമേല്‍ ബോക്‌സ് ഓഫീസില്‍ നിന്നു നേടിയ എന്ന് നിന്റെ മൊയ്തീന്‍, പ്രേമം എന്നീ ചിത്രങ്ങളും വമ്പന്‍ വിജയമായ അമര്‍ അക്ബര്‍ അന്തോണിയുമാണ് കോടിക്കിലുക്കവുമായി മലയാളത്തെ മോഹിപ്പിച്ചത്. ഭാസ്‌കര്‍ ദി റാസ്‌കലും 35 കോടിയോളം നേടിയ വിജയമായി.
 
141 സിനിമകളാണ് 2015ല്‍ മലയാളത്തില്‍ പുറത്തെത്തിയതെങ്കിലും വിജയക്കൊടി പാറിച്ചത് വെറും 10 എണ്ണം. എന്ന് നിന്റെ മൊയ്തീന്‍, പ്രേമം, അമര്‍ അക്ബര്‍ അന്തോണി, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഒരു വടക്കന്‍ സെല്‍ഫി, പത്തേമാരി, പിക്കറ്റ് 43, അനാര്‍ക്കലി, കുഞ്ഞിരാമായണം, ചന്ദ്രേട്ടന്‍ എവിടെയാ എന്നിവ ഹിറ്റുകളാണ്. ക്രിസ്മസ് റിലീസായെത്തിയ ചാര്‍ലി, അടി കപ്യാരേ കൂട്ടമണി, ടു കണ്‍ട്രീസ് എന്നിവയും വൈകാതെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ 13 സിനിമകളാകും ഇത്തവണ മലയാളത്തില്‍ വെന്നിക്കൊടി പാറിക്കുക.
 
ഇനിയുള്ളത് നഷ്ടമില്ലാത്ത ചിത്രങ്ങളാണ്. സു സു സുധി വാത്മീകം, എന്നും എപ്പോഴും, ഒരു സെക്കന്റ് ക്ലാസ് യാത്ര, ഫയര്‍മാന്‍, മധുര നാരങ്ങ, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മിലി, ആട് ഒരു ഭീകരജീവിയാണ് എന്നിവയാണ് അവ. ലോഹം, അയാള്‍ ഞാനല്ല, റാണി പദ്മിനി എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വിജയമായില്ലെങ്കിലും സാറ്റലൈറ്റ് തുകയില്‍ പിടിച്ചു നിന്ന ചിത്രങ്ങളാണ്.
 
അതേസമയം നല്ല സിനിമകളായിട്ടും വിജയമാകാതെ പോയ ചിത്രങ്ങളാണ് നീന, റാണി പദ്മിനി, ലുക്കാ ചുപ്പി, ഹരം, ചിറകൊടിഞ്ഞ കിനാവുകള്‍ എന്നിവ. ഇവയോരോന്നും പ്രമേയപരമായും അവതരണശൈലിയാലും ആകര്‍ഷിച്ച സിനിമകളാണ്.
 
പ്രധാന താരങ്ങളില്‍ മോഹന്‍ലാലിന് ഈ വര്‍ഷം നല്ലൊരു വിജയം നേടാനായില്ല എന്നതാണ് ശ്രദ്ധേയം. എന്നും എപ്പോഴും തിയറ്ററുകളില്‍ ഓടിയെങ്കിലും വലിയ നേട്ടമായില്ല. ലൈലാ ഓ ലൈലാ, ലോഹം, കനല്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസ് ദുരന്തങ്ങളുമായി. അതേസമയം ഭാസ്‌കര്‍ ദി റാസ്‌കല്‍, പത്തേമാരി എന്നിങ്ങനെ രണ്ടു വിജയങ്ങള്‍ മമ്മൂട്ടിക്കൊപ്പമുണ്ട്. ഫയര്‍മാന്‍ പരാജയമായില്ല. അച്ഛാദിന്‍, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങള്‍ വലിയ രീതിയില്‍ തകരുകയും ചെയ്തു.
 
ഡബിള്‍ ബാരല്‍, ഇവിടെ എന്നിവ ഒഴികെ റിലീസായ എല്ലാ സിനിമകളും ഹിറ്റാക്കിക്കൊണ്ട് പ്രൃഥ്വിരാജ് ഈ വര്‍ഷം തിളങ്ങി. അതേസമയം മികച്ച ശ്രമങ്ങള്‍ എന്ന നിലയില്‍ ഡബിള്‍ ബാരലും, ഇവിടെയും ഓര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു.
 
പ്രേമം, ഒരു വടക്കന്‍ സെല്‍ഫി എന്നിവ നിവിന്റെ ഹിറ്റ് ചാര്‍ട്ടില്‍ ചേര്‍ന്നപ്പോള്‍ ഇവിടെ അഭിനയത്തില്‍ താന്‍ ഇനിയും മുന്നേറാനുണ്ടെന്ന് നിവിനെ പഠിപ്പിച്ച ചിത്രമാണ്.
 
നല്ല പ്രകടനം കണ്ടെങ്കിലും അമര്‍ അക്ബര്‍ അന്തോണി മാത്രമാണ് ജയസൂര്യയ്ക്ക് ഹിറ്റ്. ചന്ദ്രേട്ടന്‍ എവിടെയാ, ടു കണ്‍ട്രീസ് എന്നീ വിജയങ്ങളാണ് ദിലീപിന് കൈവശമുള്ളത്. അതേസമയം ഇവന്‍ മര്യാദരാമന്‍ വന്‍ പരാജയമായി. മധുരനാരങ്ങ, രാജമ്മ @ യാഹൂ, ജമ്‌നാ പ്യാരി എന്നിവയില്‍ മധുരനാരങ്ങയാണ് കുഞ്ചാക്കോ ബോബന് അല്‍പ്പമെങ്കിലും ആശ്വാസമായത്.
 
ജയറാം, സുരേഷ്‌ഗോപി എന്നിവര്‍ സാന്നിദ്ധ്യമയാെങ്കിലും വമ്പന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി. അമര്‍ അക്ബര്‍ അന്തോണി തന്നെയാണ് നല്ല നടനായ ഇന്ദ്രജിത്തിനും ഹിറ്റ് നല്‍കിയത്.
 
മികച്ച നടനായിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ ഇത്തവണ ഫഹദ് വിജയം കണ്ടില്ല. പക്ഷേ ഹരം എന്ന നല്ല സിനിമ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുഞ്ഞിരാമായണം എന്ന വിജയ സിനിമയിലെ നായകനായും, മറ്റൊരു ഹിറ്റായ ഒരു വടക്കന്‍ സെല്‍ഫിയുടെ തിരക്കഥാകൃത്തായും വിനീത് ശ്രീനിവാസന്‍ തന്നെ അടയാളപ്പെടുത്തി.
 
നായികമാരില്‍ പാര്‍വതി തന്നെയാണ് മുന്നില്‍. എന്ന് നിന്റെ മൊയ്തീനിലെ മികച്ച പ്രകടനം ആരാധകരെയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട് പാര്‍വതിക്ക്. ഭാസ്‌കര്‍ ദി റാസ്‌കലിന്റെ ഹിറ്റ് നയന്‍താരയ്ക്ക് മലയാളത്തിലേയ്ക്കുള്ള തിരിച്ചുവരവാണ്.
 
സംവിധായകരില്‍ പക്ഷേ പേരുകേട്ട പലരും നിരാശപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ജോഷി, സിബി മലയില്‍, കമല്‍, എന്നിവരെല്ലാം പരാജയപ്പെട്ടു.
 
എന്നിരുന്നാലും 5-6 കോടിക്ക് സിനിമകള്‍ നിര്‍മ്മിച്ച് 15 കോടി പിടിച്ചാല്‍ വിജയം എന്ന് കരുതിയിരുന്ന മലയാളത്തിന് ബോക്‌സ് ഓഫീസിന്റെ മാന്ത്രികതയെ കാട്ടിക്കൊടുത്ത വര്‍ഷമാണ് 2015. ആളുകള്‍ ഇഷ്ടപ്പെടുന്നത് നല്‍കിയാല്‍ പടം 40 കോടി കടക്കും എന്ന പാഠവും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
2015 malayalam hit movie & collection
topbanner

More News from this section

Subscribe by Email