Sunday July 21st, 2019 - 8:03:am
topbanner
topbanner

ഓണ്‍ലൈന്‍ മീഡിയകള്‍ മസാല വാര്‍ത്തകള്‍ നല്‍കുന്നതിന് കാരണമിതാണ്

NewsDesk
ഓണ്‍ലൈന്‍ മീഡിയകള്‍ മസാല വാര്‍ത്തകള്‍ നല്‍കുന്നതിന് കാരണമിതാണ്

പത്രത്തിലായാലും ഓണ്‍ലൈന്‍ മീഡിയയിലായാലും ചൂടന്‍ വാര്‍ത്തകളോടാണ് എല്ലാവര്‍ക്കും പ്രിയം. സിനിമാ നടിമാരെക്കുറിച്ചോ മറ്റ് പ്രശസതരായവരെക്കുറിച്ചോ കെട്ടിച്ചമച്ച വാര്‍ത്തകള്‍ക്ക് പോലും വന്‍ സ്വീകാര്യതയാണ് ഓണ്‍ലൈന്‍ മീഡിയകളില്‍ ലഭിക്കാറുള്ളത്. ഇത്തരം മസാല വാര്‍ത്തകളുടെ ലിങ്കുകള്‍ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നതും കാണാറുണ്ട്. പണ്ട് മഞ്ഞ പത്രങ്ങള്‍ ചെയ്തിരുന്ന അതേ പ്രവര്‍ത്തി ഓണ്‍ലൈന്‍ ജേണലിസത്തിലും ഉണ്ടായികൊണ്ടിരിക്കുകയാണ്. മസാലവാര്‍ത്തകള്‍ നല്‍കുന്നതില്‍ മുഖ്യധാര മാധ്യമങ്ങളും പിന്നിലല്ല. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും വിധം തലക്കെട്ട് നല്‍കുന്നവരും കുറവല്ല. എന്നിരുന്നാലും ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനും ചില കാരണങ്ങളുണ്ട്.

പത്രങ്ങളും ഓണ്‍ലൈന്‍ സൈറ്റുകളും അവയുടെ പ്രവര്‍ത്തനങ്ങളിലും വാര്‍ത്തകളുടെ ഘടനയിലും തീര്‍ത്തും വ്യത്യസ്തമാണ്. വായനക്കാരന്‍ ഒരു പത്രം പണം കൊടുത്ത് വാങ്ങുമ്പോള്‍ തന്നെ പ്രസാധകര്‍ക്ക് അതിന്റെ മേലുള്ള മുടക്ക്മുതല്‍ തിരിച്ച് കിട്ടുകയാണ്. പത്രത്തിന്റെ വില്‍പ്പനയാണവിടെ നടക്കുന്നത്. അതായത് വായനക്കാരന്‍ പത്രം വായിച്ചാലും ഇല്ലെങ്കിലും പത്രമുടമക്ക് പ്രതിഫലം ലഭിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ മീഡിയയിലേക്ക് വരുമ്പോള്‍ കാര്യങ്ങളും പൂര്‍ണമായും മാറി.

വായനക്കാരന്‍ വെബ്‌സൈറ്റിലെ ഓരോ ലേഖനങ്ങളോ മറ്റ് കുറിപ്പുകളും വായിച്ചെങ്കില്‍ മാത്രമേ കമ്പനിക്ക് നേട്ടം ഉണ്ടാവുകയുള്ളു. ഓരോ ലേഖനത്തിലും ഉണ്ടാകുന്ന വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സൈറ്റിന്റെ നിലനില്‍പ്പ്. വായനക്കാര്‍ കുറഞ്ഞാല്‍ വെബ്‌സൈറ്റ് റാങ്കിംഗില്‍ പിറകില്‍ പോവുകയും ലഭിക്കുന്ന പരസ്യങ്ങളുടെ എണ്ണത്തില്‍ കുറവ് വരാനും കാരണമാകും. ഇത് ഇത്തരം മാധ്യമങ്ങളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുാനും കാരണമാകാറുണ്ട്.

ചൂടന്‍ മസാലവാര്‍ത്തകളുടെ വിശ്വാസയോഗ്യത പലപ്പോഴും ചോദ്യംചെയ്യപ്പെടാറുണ്ടെങ്കിലും വായനക്കാരുടെയും സൈറ്റ് സന്ദര്‍ശിക്കുന്നവരുടെയും എണ്ണത്തില്‍ കുറവൊന്നുമുണ്ടാകാറില്ല. വിജ്ഞാനപ്രദമായ വാര്‍ത്തകളും ലേഖനങ്ങളും നല്‍കുമ്പോള്‍ മതിയായ വായനക്കാരില്ല എന്ന വസ്തുതയും ഓണ്‍ലൈന്‍ മീഡിയ നടത്തിപ്പുകാരെ മസാലവാര്‍ത്തകള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന് പുതിയ ബാങ്കിംഗ് സാങ്കേതിക വിദ്യകളെക്കുറിച്ച് വിശദമായ പഠനത്തിനുശേഷം വിജ്ഞാനപ്രദമായ ഒരു ലേഖനം തയ്യാറാക്കിയെന്നിരിക്കട്ടെ, വായനക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിരാശയായിരിക്കും ഫലം.

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതുപോലെ തന്നെ ആദിവാസികളെക്കുറിച്ചോ അവരുടെ ജീവിതാന്തരീക്ഷത്തെക്കുറിച്ചോ വാര്‍ത്ത നല്‍കിയാലും വായനക്കാരുടെ എണ്ണം വളരെ കുറവുതന്നെയായിരിക്കും.എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പകരമായി സിനിമ ഗോസിപ്പുകളോ ലൈംഗീകാരോഗ്യത്തെക്കുറിച്ചോ എഴുതിയാല്‍ വായനക്കാരുടെ ഒഴുക്കായിരിക്കും.

കൂടാതെ മിനുട്ടുകള്‍ക്കകം വെബ്‌സൈറ്റുകള്‍ക്ക് വലിയ ട്രാഫിക് ലഭിക്കാറുണ്ടെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. മസാല വാര്‍ത്തകള്‍ വായിക്കുന്നവര്‍ തന്നെ വായനക്ക്‌ശേഷം ഇവ പ്രസിദ്ധപ്പെടുത്തുന്ന മാധ്യമങ്ങളെ അധിക്ഷേപിക്കുന്നതും മോശം കമന്റുകളിടുന്നു എന്നതും മറ്റൊരു സ്ഥിതിവിശേഷമാണ്.

മതിയായ വായനക്കാരില്ലെങ്കില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ വായനക്കാരെ വെബ്‌സൈറ്റിലേക്ക് കൊണ്ടുവരേണ്ടതും നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിന് ഏറ്റവും നല്ല ഉപായം വായനക്കാരെ ആകര്‍ഷിക്കും വിധമുള്ള തലക്കെട്ടുകള്‍ നല്‍കുക എന്നതാണ്. മിക്ക വെബ്‌സൈറ്റുകളും ഇക്കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളുമാണ്. വായനക്കാരില്‍ ആകാംക്ഷയും താല്‍പര്യവുമുണര്‍ത്തുന്ന തലക്കെട്ടുകള്‍ നല്‍കുക എന്നുള്ളത് തന്നെയാണ് ഈ മേഖലയില്‍ വിജയിക്കുന്നതിനുള്ള ഏക പോംവഴി.

മസാല വാര്‍ത്തകള്‍ വായിക്കാന്‍ ആളുകളുള്ള കാലം വരെ മീഡിയകള്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുമെന്ന കാര്യം തീര്‍ച്ചയാണ്. അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ വായിക്കാതിരിക്കുകയും അവയുടെ ലിങ്കുകള്‍ ഒഴിവാക്കുകയും ഷെയര്‍ ചെയ്യാതിരിക്കുക എന്നത് മാത്രമാണ് വായനക്കാര്‍ ചെയ്യേണ്ട്ത.

Read more topics: tips, online, media,
English summary
online media masala news prefer
topbanner

More News from this section

Subscribe by Email