Friday June 5th, 2020 - 9:48:am

തൃശൂരിൽ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച സംഭവം: യുവാവ് അറസ്റ്റില്‍

Mithun Muyyam
തൃശൂരിൽ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച  സംഭവം: യുവാവ് അറസ്റ്റില്‍

തൃശൂര്‍: വെള്ളിക്കുളങ്ങര മൂന്നുമുറി പെട്രോള്‍ പമ്പില്‍വച്ച് യുവാവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുമുറി ഒമ്പതുങ്ങല്‍ സ്വദേശി വട്ടപ്പറമ്പില്‍ ബിനീത്(29)എന്ന കരിമണിയെയാണ് കോയമ്പത്തൂര്‍ ജനറല്‍ ആശുപത്രി പരിസരത്തുനിന്നും പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിരവധി വധശ്രമം, കവര്‍ച്ച, അടിപിടി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ കരിമണി. കഴിഞ്ഞ 19ന് മൂന്നുമുറിയിലെ ശ്രീദുര്‍ഗ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ ബിനീതും മറ്റു രണ്ട് യുവാക്കളുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യുവാക്കളുടെ കൈയിലുണ്ടായിരുന്ന പെട്രോള്‍ കുപ്പി തട്ടിപ്പറിച്ച് യുവാക്കളില്‍ ഒരാളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍കൊണ്ട് തീ കൊളുത്തി.

ഇതിന് പുറമെ യുവാക്കളുടെ ബൈക്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വന്തം സ്‌കൂട്ടറില്‍ രക്ഷപ്പെടുകയും ചെയ്തു. കുപ്പിയില്‍ പെട്രോള്‍ വാങ്ങിയശേഷം യുവാക്കള്‍ 2000രൂപയുടെ നോട്ടാണ് നല്കിയത്. പമ്പ് ജീവനക്കാരന്‍ നല്കിയ ബാക്കി പണം എണ്ണിനോക്കി തിട്ടപ്പെടുത്തുന്നതിനിടെ പെട്രോള്‍ അടിക്കാനെത്തിയ കരിമണി യുവാക്കളോട് ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് ഗൗനിക്കാതെ യുവാക്കള്‍ പണം എണ്ണിതിട്ടപ്പെടുത്തുന്ന പ്രവര്‍ത്തിയില്‍ മുഴുകി. ഇതില്‍ കുപിതനായ കരിമണി സ്‌കൂട്ടറില്‍ നിന്നിറങ്ങിച്ചെന്ന് യുവാക്കളുമായി തര്‍ക്കമുണ്ടാക്കി. ഈ തര്‍ക്കമാണ് കൈയാങ്കളിയിലും പെട്രോളൊഴിച്ച് കത്തിക്കലിലും കലാശിച്ചത്. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. തലയ്ക്ക് പരുക്കേറ്റ കരിമണി പിന്നീട് സ്‌കൂട്ടറില്‍ കോയമ്പത്തൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു.

ജില്ലാ റൂറല്‍ പോലീസ് മേധാവി എം.കെ. പുഷ്‌കരന്‍ ഐ.പി.എസിന്റെ നിര്‍ദേശാനുസരണം ചാലക്കുടി ഡിവൈ.എസ്.പി: സി.എസ്. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇയാള്‍ ചികിത്സക്കായി വന്നിരുന്നതായും ചില ദിവസങ്ങളില്‍ പകല്‍ സമയം ഇയാള്‍ ആശുപത്രി പരിസരങ്ങളില്‍ ചെലവഴിക്കുന്നതായും പോലീസിന് വിവരം ലഭിച്ചു.

ഇതനുസരിച്ച് ആശുപത്രി പരിസരത്ത് നിരീക്ഷണം നടത്തിവന്ന പോലീസ് കഴിഞ്ഞദിവസം രാവിലെ ചൈന്നയില്‍നിന്നും കോയമ്പത്തൂരിലെത്തിയ കരിമണിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ കരിമണിക്ക് വെള്ളിക്കുളങ്ങര സ്്‌റ്റേഷനില്‍ ഐസ്‌ക്രീം വില്പനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന കേസിലും വാസുപുരത്തെ ഒരു യുവാവിനെ വടിവാള്‍കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച കേസിലും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വരന്തരപ്പിള്ളിയില്‍ മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറിയ കേസും ചാരായം വാറ്റി വില്പന നടത്തിയ കേസിലും അടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.

ഇയാള്‍ക്കെതിരെ കാപ്പ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തില്‍ ക്രൈം സ്‌ക്വാര്‍ഡ് എസ്.ഐ: വത്സകുമാര്‍ വി.എസ്., സതീശന്‍ മടപ്പാട്ടില്‍, മൂസ പി.എം., സില്‍ജോ വി.യു., ഷിജോ തോമസ് എന്നിവരും ഉണ്ടായിരുന്നു.

Read more topics: trissur, arrested, man,
English summary
youth was arrested in trissur
topbanner

More News from this section

Subscribe by Email