Wednesday September 19th, 2018 - 1:39:pm
topbanner
Breaking News

പരിചയം നടിച്ച് വീട്ടില്‍ രാത്രി തങ്ങിയ യുവതി ആറരപ്പവന്‍ സ്വര്‍ണവുമായി മുങ്ങി

NewsDesk
പരിചയം നടിച്ച് വീട്ടില്‍ രാത്രി തങ്ങിയ യുവതി ആറരപ്പവന്‍ സ്വര്‍ണവുമായി മുങ്ങി

തൃശ്ശൂര്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന പരിചയം പുതുക്കാനെത്തിയ യുവതി ആറരപ്പവന്‍ സ്വര്‍ണവുമായി മുങ്ങിയതായി പരാതി. പെരുമ്പിള്ളിശ്ശേരി പൂത്തറക്കല്‍ റോഡില്‍ സോപാനം നഗറില്‍ ചിറാപറമ്പില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഉണ്ണികൃഷ്ണന്റെ ഭാര്യ വിദ്യ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ വഴിയില്‍വെച്ചു പരിചയപ്പെട്ടതാണ് സ്ത്രീയെന്ന് പരാതിയില്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ മാസം 20-ന് ഇവര്‍ പെരുമ്പിള്ളിശ്ശേരിയിലെ വീട് അന്വേഷിച്ചെത്തി. മകള്‍ പ്രസവിച്ചുകിടന്ന ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയിലുമെത്തി പരിചയം പുതുക്കി. പിന്നീട് കഴിഞ്ഞയാഴ്ച പലഹാരങ്ങളുമായി കുഞ്ഞിനെ കാണാന്‍ വീട്ടില്‍ വന്നു കൂടുതല്‍ അടുപ്പംകാട്ടി.

ഭവനപദ്ധതി മുഖേന ജില്ലയില്‍ രണ്ടിടത്ത് വിദ്യയ്ക്ക് വീട് ശരിയാക്കിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു. ഇതിനായി വിദ്യയെ കൊടുങ്ങല്ലൂരില്‍ ട്രഷറി, ബാങ്ക് എന്നിവയടക്കം പല സ്ഥലങ്ങളിലും കൊണ്ടുപോയി.

കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെയെത്തിയ സ്ത്രീ മഴമൂലം പിറ്റേന്നുപോകാം എന്നുപറഞ്ഞ് വീട്ടില്‍ തങ്ങി. മകള്‍ വൃന്ദ അണിഞ്ഞത് സ്വര്‍ണമല്ലേ എന്ന് ചോദിച്ചുറപ്പിച്ചു. പിറ്റേന്ന് രാവിലെ ആറോടെ വിദ്യയെയും അവരുടെ വൃദ്ധയായ അമ്മയെയും കൂട്ടി ഓട്ടോയില്‍ കൂര്‍ക്കഞ്ചേരി സെന്ററിലേയ്ക്ക് കൊണ്ടുപോയി. വീട് ലഭിക്കുന്ന കാര്യത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാണണം എന്നു പറഞ്ഞായിരുന്നു ഇത്.

എന്നാല്‍, ഓട്ടോയില്‍നിന്ന് ഇറങ്ങിയ സ്ത്രീ പിന്നീട് തിരിച്ചുവന്നില്ല. വസ്ത്രങ്ങള്‍ അടങ്ങിയ കവര്‍ ഉപേക്ഷിച്ചാണ് സ്ത്രീ സ്ഥലംവിട്ടത്. തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് കുടുംബം അറിയുന്നത്.

വിദ്യയുടെ മകള്‍ വൃന്ദ(24)യുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ച നാലരപ്പവന്റെ താലിമാല, ഒരു പവന്റെ നെക്ലസ്, അരപ്പവന്റെ മോതിരം, അരപ്പവന്റെ കൈചെയിന്‍ എന്നിവയാണ് മോഷ്ടിച്ചത്.

ഉടന്‍ ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കി. ബാങ്കിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ചിത്രം, ഇവര്‍ ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പര്‍ എന്നിവ മുഖേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കറുത്ത്, ഉയരം കുറഞ്ഞ, ചുരിദാര്‍ ധരിച്ച സ്ത്രീക്ക് 45 വയസ്സ് ഉണ്ടാകുമെന്ന് വീട്ടുകാര്‍ പറയുന്നു.

Read more topics: woman, gold, ornaments, thrissur
English summary
woman loots gold ornaments from thrissur
topbanner

More News from this section

Subscribe by Email