Thursday May 24th, 2018 - 5:25:pm
topbanner

വാട്‌സ്ആപ്പ് ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍?; വര്‍ഗീയ കലാപശ്രമം; അഞ്ചുപേര്‍ കസ്റ്റഡിയില്‍

NewsDesk
വാട്‌സ്ആപ്പ് ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍?; വര്‍ഗീയ കലാപശ്രമം; അഞ്ചുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ട അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളെന്ന് സൂചന. സംഭവത്തില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയിലാണ്.

വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച വോയിസ് ഓഫ് ട്രൂത്ത് എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

കൊല്ലം സ്വദേശിയാണ് മുഖ്യസൂത്രധാരന്‍. കിളിമാനൂര്‍ സ്വദേശികളാണ് ബാക്കി നാലു പേരും. ഇതില്‍ രണ്ടു പേര്‍ സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരാണെന്ന് സൂചനയുണ്ട്. അതില്‍ ഒരാള്‍ നേരത്തെ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

കഠ്‌വ സംഭവവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനിടെ ആക്രമത്തിന് ആഹ്വാനം ചെയ്ത് തീവ്രസ്വഭാവമുള്ള സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്.

മഞ്ചേരി പോലീസ് സ്റ്റേഷനിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളത്. മലപ്പുറം എസ്.പി.ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കണ്ടെത്തിയത്.

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടായിരുന്നോ എന്നുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരനാണെന്ന് തിരൂര്‍ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് ഇയാള്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

Read more topics: WhatsApp, hartal, police
English summary
Five WhatsApp group admins taken into police custody for flash hartal

More News from this section

Subscribe by Email