Tuesday September 18th, 2018 - 9:07:pm
topbanner
Breaking News

ആറുകളും തോടുകളും വറ്റി; ശുദ്ധജലവും എത്താതായി; ജലക്ഷാമം രൂക്ഷമായതോടെ കോട്ടയത്തെ പടിഞ്ഞാറന്‍മേഖലകൾ ദുരിതത്തിൽ...

fasila
ആറുകളും തോടുകളും വറ്റി; ശുദ്ധജലവും എത്താതായി; ജലക്ഷാമം രൂക്ഷമായതോടെ കോട്ടയത്തെ പടിഞ്ഞാറന്‍മേഖലകൾ ദുരിതത്തിൽ...

കോട്ടയം: പ്രളയത്തിനുശേഷം ആറുകളും തോടുകളും വറ്റിയതോടെ പടിഞ്ഞാറന്‍മേഖലയില്‍ ജലക്ഷാമം രൂക്ഷം. ജലഅതോറിറ്റിയുടെ പൈപ്പിലൂടെ ശുദ്ധജലം എത്താത്തതും ദുരിതം ഇരട്ടിയാക്കി. കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലകള്‍, തിരുവാതുക്കല്‍, അയ്മനം, ആര്‍പ്പൂക്കര, ഇല്ലിക്കല്‍, പതിനഞ്ചില്‍ക്കടവ്, ചീപ്പുങ്കല്‍ തുടങ്ങിയ മേഖലകളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്.

വെള്ളപ്പൊക്കത്തില്‍ പൈപ്പ് ലൈനിലുണ്ടായ പ്രശ്‌നങ്ങള്‍ക്കു പുറമേ വെള്ളം പമ്പ് ചെയ്യുന്ന കേന്ദ്രങ്ങളില്‍ ചെളിനിറഞ്ഞ് തടസം നേരിട്ടതാണ് ജലവിതരണം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നേരത്തെ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും വെള്ളംകിട്ടിയിരുന്നു. ഇപ്പോള്‍ വല്ലപ്പോഴും മാത്രമാണ് ജലമെത്തുന്നത്. പൂവത്തുംമൂട്ടിലെ പമ്പ് ഹൗസിലെ കിണറില്‍ ചളിനിറഞ്ഞ് ശുദ്ധജലം പമ്പിംഗ് തടസപ്പെട്ടു.

രണ്ടുപ്രളയത്തിലും ട്രാന്‍സ്‌ഫോമര്‍ മുങ്ങിയപേരൂരിലെ പമ്പ് ഹൗസിലെ ജലവിതരണവും നിര്‍ത്തിവക്കേണ്ട സാഹചര്യവും കുടിവെള്ളവിതരണത്തെ ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് പടിഞ്ഞാറന്‍മേഖലയില്‍ പലയിടത്തും അഞ്ചടിവെള്ളം വരെ ഉയര്‍ന്നിരുന്നു. വീടുകളുടെ കട്ടളപ്പൊക്കത്തില്‍വരെ ജലമെത്തിയിരുന്നു. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ എക്കല്‍ അടിഞ്ഞ് തോടുകളുടെ ജലസംഭരണശേഷിയും കുറഞ്ഞു.

ഇതിനൊപ്പം താപനില ഉയര്‍ന്നത് ചൂടിന്റെ കാഠിന്യം വര്‍ധിപ്പിച്ചു. പടിഞ്ഞാറന്‍ മേഖലയിലെ പലതോടുകളുടെയും വെളളം വറ്റി വള്ളങ്ങള്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കുമരകം ബോട്ട് ജെട്ടി തോട്ടിലെ വെള്ളം താഴ്ന്നതിനാല്‍ വേഗംകുറച്ചാണ് ജലഗതാഗതവകുപ്പ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്.

കോടിമത ഭാഗത്ത് കുടിവെള്ളം ലഭ്യമല്ലാതായിട്ട് വര്‍ഷം അഞ്ച് കഴിഞ്ഞു. റോഡ് നിര്‍മ്മാണത്തിനിടെ പൈപ്പ് ലൈന്‍ നശിച്ചുപോയത് ഇതുവരെ പുതുക്കി പണിതിട്ടില്ല. ഇവര്‍ക്കു കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി ഒന്നുമായിട്ടില്ല. ചിലയിടങ്ങളില്‍ വേനല്‍ക്കാലത്തിന് സമാനമായരീതിയിലാണു കിണറുകളില്‍ വെളളംവറ്റിയത്. മീനച്ചില്‍, മണിമല, പമ്പ, അഴുത നദികളിലാണ് ജലനിരപ്പ് താഴ്ന്നത്.

ജില്ലയിലെ പ്രധാനനദിയായ മീനച്ചിലാര്‍ കൂടുതല്‍ ഭീഷണിയാണ് നേരിടുന്നത്. കൂടുതല്‍ കൈവഴികളുള്ള മീനച്ചിലാറില്‍ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. പ്രളയത്തിനുശേഷം തീരങ്ങള്‍ വ്യാപകമായി മണ്ണിടിഞ്ഞ് നീരുറവകളുടെ സ്‌ത്രോസുകളും അടഞ്ഞു. വരുംദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം കൂടിയാല്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകും.

Read more topics: flood, kottayam, west zone
English summary
water shortages in kottayam west zone
topbanner

More News from this section

Subscribe by Email