Saturday April 20th, 2019 - 2:12:pm
topbanner
topbanner

ജലസ്രോതസ്സുകളുടെ സംരക്ഷണം മുഖ്യലക്ഷ്യം: മന്ത്രി വി.എസ് സുനിൽകുമാർ

suvitha
ജലസ്രോതസ്സുകളുടെ സംരക്ഷണം മുഖ്യലക്ഷ്യം: മന്ത്രി വി.എസ് സുനിൽകുമാർ

ജലം സംരക്ഷിക്കുക എന്നാൽ ജലസ്രോതസ്സുകളെ സംരക്ഷിക്കലാണെന്ന് കൃഷി-മണ്ണുസംരക്ഷണ വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കാവിലുംപാറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ഓടേരിപൊയിൽ നീർത്തടം മണ്ണ് -ജല സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകളെ സംരക്ഷിക്കുകയാണ് ഹരിത കേരളം മിഷന്റെ മുഖ്യലക്ഷ്യം.

റോഡുകളും മിനാരങ്ങളും ഫ്‌ലാറ്റുകളും കെട്ടിപ്പൊക്കിയിട്ട് കുടിക്കാൻ വെള്ളമില്ലെങ്കിൽ എന്തു കാര്യം? തണ്ണീർത്തടങ്ങൾ നികത്തപ്പെടുകയോ മറ്റാവശ്യത്തിന് മാറ്റപ്പെടുകയോ ചെയ്തു. ഇത് നിർബാധം തുടരുന്നു. പാലക്കാട് ജില്ലയിൽ ഒരു ലക്ഷത്തിൽപരം കുളങ്ങൾ ഉണ്ടായിരുന്നിടത്ത് ഇന്ന് അവശേഷിക്കുന്നത് 32,000 ഓളം മാത്രമാണ്. 44 നദികൾ ഒഴുകുന്ന കേരളത്തിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. അണക്കെട്ടുകളിൽ വെള്ളമില്ല. കുളങ്ങളും കിണറുകളും വറ്റി.

തോടുകളും കായലുകളും നഷ്ടപ്പെട്ടു. മലീമസമായി. ജലസ്രോതസ്സുകളെ തണ്ണീർത്തടങ്ങളെ നീർത്തടങ്ങളെ ജനകീയ പരിപാടികളിലൂടെ തിരിച്ചു കൊണ്ടുവരികയാണ് ഹരിത കേരളത്തിന്റെ ലക്ഷ്യം. ഒപ്പം, മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ, കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ , സാമൂഹ്യ അവബോധത്തിലധിഷ്ഠിതമായ പദ്ധതികൾ നടപ്പിലാക്കണം. മാലിന്യം ജൈവവളമാക്കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കണം. ഇതിലൂടെ വിഷരഹിതമായ ഭക്ഷണം ഉണ്ടാക്കണം. കേരളത്തിന്റെ കാർഷിക സംസ്‌കാരം തിരിച്ചുകൊണ്ടു വരികയും ഹരിതകേരളത്തിലൂടെ ലക്ഷ്യമിടുന്നു.

കാർഷികാവശ്യത്തിന് മാത്രമല്ല പ്രദേശത്തിന്റെ ജലലഭ്യതയ്ക്ക് ശാശ്വത പരിഹാരം കൂടിയാണ് ഓടേരിപൊയിൽ നീർത്തട പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൊട്ടിൽപ്പാലം ബിന്ദു മൂവീസിൽ നിറഞ്ഞ സദസ്സിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.ജി ജോർജ് മാസ്റ്റർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സജിത്ത്, കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി ചന്ദ്രൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. ശ്രീധരൻ മാസ്റ്റർ, കാവിലുംപാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ തോട്ടംചിറ, മായ പുല്ലാട്ട്, കെ.ടി സുരേഷ്, അംഗങ്ങളായ റീന കുയ്യടി, കെ.കെ. മോളി, ഹരിത മിഷൻ കോ ഓർഡിനേറ്റർ പി. സുരേന്ദ്രൻ, കെ. കൃഷ്ണൻ, രാജു തോട്ടംചിറ, വി.പി. സുരേഷ്, സൂപ്പി മണക്കര, അഡ്വ. രതീഷ് കുമാർ, മത്തായി പൂതക്കുഴി, ഒ.പി. പത്മനാഭൻ, എം.ടി മനോജ് എന്നിവർ സംസാരിച്ചു.

കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് സ്വാഗതവും ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ ടി.പി. അയിഷ നന്ദിയും പറഞ്ഞു. മണ്ണിന്റെ ആരോഗ്യം നിലനിർത്തുതിനും ഭൂവിഭവ ശോഷണം നിയന്ത്രിക്കുന്നതിനുമായി മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് നബാർഡിന്റെ അടിസ്ഥാന സൗകര്യ വികസന നിധിയിൽ ഉൾപ്പെടുത്തി കാവിലുംപാറ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 16 വാർഡുകളിലായി രണ്ടര കോടി രൂപയുടെ നീർത്തട പദ്ധതിയാണ് നടപ്പിലാക്കുന്നത്. 1350 ഗുണഭോക്താക്കളാണ് 710 ഹെ്കടിൽ നടപ്പിലാക്കുന്ന പദ്ധതിക്കുള്ളത്.

English summary
The conservation of water resources is the main objective: Minister of Education VS Sunil Kumar
topbanner

More News from this section

Subscribe by Email