Saturday May 25th, 2019 - 1:03:pm
topbanner
topbanner

നിപ്പ വൈറസിനുള്ള മരുന്നെത്തി; ഡോസ് അമിതമായാല്‍ വൃക്കയെ ബാധിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്  

rajani v
നിപ്പ വൈറസിനുള്ള മരുന്നെത്തി; ഡോസ് അമിതമായാല്‍ വൃക്കയെ ബാധിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്   

കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തി. 2000 റിബവൈറിന്‍ ടാബ്ലെറ്റുകളാണ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.രണ്ടാം ഘട്ടമായി നളെ 8000 ടാബ്ലെറ്റുകള്‍ കൂടി കെഎംസിഎല്‍ വഴി എത്തിക്കുമെന്ന് എന്‍എച്ച്എം സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു.

മരുന്നിന് പാര്‍ശ്വഫലങ്ങളുള്ളതിനാല്‍ ട്രയല്‍ നടത്തിയ ശേഷം മാത്രമേ രോഗികള്‍ക്ക് നല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന റിബവൈറിന്‍ ഹെപ്പറ്റൈറ്റിസ് സിയെയും വൈറല്‍ ഹെമറേജിക് ഫീവറിനെയും പ്രതിരോധിക്കാന്‍ വേണ്ടിയാണ് സാധാരണ ഉപയോഗിക്കുന്നത്.

അതുകൊണ്ടു തന്നെ പരിശോധനയ്ക്കു ശേഷം മാത്രമേ മരുന്ന് വിതരണം ചെയ്യുകയുള്ളു.ദോഷകരമായ പല പാര്‍ശ്വഫലങ്ങളുള്ള മരുന്നാണിതെന്നു പബ്ലിക് ഹെല്‍ത്ത് അഡി. ഡയറക്ടര്‍ കെ.ജെ.റീന പറഞ്ഞു. നിപ്പ ബാധിതര്‍ക്കു വലിയ ഡോസില്‍ മരുന്ന് നല്‍കേണ്ടിവരും. ഒരു കോഴ്‌സില്‍ 250 ടാബ്ലെറ്റുകള്‍ വേണ്ടിവരുമെന്നും റീന അറിയിച്ചു.

കേരളത്തില്‍ 13 പേര്‍ക്ക് നിപ്പ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. 22 പേരാണു രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികില്‍സ തേടിയത്. മലപ്പുറത്തുള്ളവര്‍ക്കു കോഴിക്കോട്ടുനിന്നാണു വൈറസ് ബാധിച്ചതെന്നും കണ്ടെത്തിയത്.

രോഗം ബാധിച്ചവരില്‍ 10 പേരാണു മരിച്ചത്. ബാക്കി മൂന്നുപേരില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ആളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ബാക്കി രണ്ടുപേരുടെ നില ഗുരുതരമാണെങ്കിലും കൂടുതല്‍ മോശമാകുന്നില്ലെന്നും  ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍.സരിത പറഞ്ഞു.മലപ്പുറം ജില്ലയില്‍ രോഗലക്ഷണം കണ്ടെത്തിയ എല്ലാവര്‍ക്കും വൈറസ് ബാധയുണ്ടായത് കോഴിക്കോട് നിന്നാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.

സമാനരോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുറക്കല്‍സ്വദേശിയായ മുപ്പതുകാരനാണ് ചികില്‍സയിലുളളത്. ഇയാളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറസ് റിസര്‍ച്ച് ഇന്‍സറ്റിറ്റിയൂട്ടിലേക്ക് അയച്ചു. നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മലപ്പുറത്തുകാരായ മൂന്നു പേരുടെ ബന്ധുക്കളും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്. ഇവര്‍ക്കും രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കും സഹായമെത്തിക്കാന്‍ ഇരുപതംഗ ദുരന്തനിവാരണസേന ജില്ലയിലെത്തി.

 

 

 

 

 

Read more topics: virus, medicine, kozhikode
English summary
virus medicine kozhikode
topbanner

More News from this section

Subscribe by Email