സംസ്ഥാനത്തെ ഹോട്ടലുകളിലും തട്ടുകടകളിലും മറ്റ് വഴിയോര പലഹാരക്കടകളിലും പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ രാസപദാർത്ഥങ്ങൾ കലർന്നതെന്ന് റിപ്പോർട്ട്.
കേരളത്തിലെ പൊതുവിപണിയിൽ ബ്രാൻഡ് നെയിം ഇല്ലാത്ത ലൂസ് വെളിച്ചെണ്ണ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നും ഇത് രാസപദാർത്ഥങ്ങൾ കലർന്ന ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണയാണെന്നുമുള്ള രാസപരിശോധനാ ഫലങ്ങൾ പുറത്തുവന്നു.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ലൂസ് വെളിച്ചെണ്ണയിൽ മായമുണ്ടെന്ന് സംശയം തോന്നിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ ഓഫീസിൽ പരിശോധനയ്ക്കയച്ചു. ഒരുമാസത്തിന് ശേഷം പരിശോധനാഫലം വന്നു.
വെളിച്ചെണ്ണ യാതൊരു ഗുണനിലവാരമില്ലാത്തതാണ്, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ല. അപകടമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യവും കണ്ടെത്തി. ഈ റിസൽട്ട് നഗരസഭാ ആരോഗ്യവിഭാഗം ഭക്ഷ്യസുരക്ഷാ ഓഫീസർമാർക്ക് കൈമാറിയെങ്കിലും നാളിതുവരെ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
പൊതുജനങ്ങളുടെ ആരോഗ്യം തകരാറിലാക്കാൻ ഇത് ധാരാളമാണ്. ഇക്കാര്യം നേരിട്ട് ചൂണ്ടിക്കാട്ടിയിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്താനോ, നടപടിയെടുക്കാനോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.