Sunday February 17th, 2019 - 9:45:am
topbanner

ചെങ്ങന്നൂരിലെ വിജയം സര്‍ക്കാറിനും മുന്നണിക്കും ലഭിച്ച അംഗീകാരമെന്ന് വൈക്കം വിശ്വന്‍

Jikku Joseph
ചെങ്ങന്നൂരിലെ വിജയം സര്‍ക്കാറിനും മുന്നണിക്കും ലഭിച്ച അംഗീകാരമെന്ന് വൈക്കം വിശ്വന്‍

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാറിന്റെ ജനോപകാരപ്രദമായ തീരുമാനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ജനവിധിയാണ് ചെങ്ങന്നൂരില്‍ ഉണ്ടായിരിക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിതെന്നും, അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ വിലയിരുത്തല്‍ ആകുമെന്ന പ്രതിപക്ഷ പ്രചാരണത്തെ അതിജീവിച്ചു, സര്‍ക്കാറിനും മുന്നണിക്കും ലഭിച്ച അംഗീകാരമായി ഈ വിജയത്തെ കാണുന്നു, എല്ലാ വോട്ടര്‍മാരെയും അഭിനന്ദിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് ബി.ജെ.പി കോട്ടകള്‍ പിടിച്ചടക്കിയായിരുന്നു സജി ചെറിയാന്റെ വിജയം.

സജി ചെറിയാന് 67303 വോട്ടു ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് യു.ഡി.എഫിന്റെ ഡി.വിജയകുമാറിന് 46347 വോട്ടുകള്‍ മാത്രം നേടാനായുള്ളൂ. കഴിഞ്ഞ തവണ 42682 വോട്ടു നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള ഇക്കുറി 35270 വോട്ടാണ് നേടിയത്. 2016-ല്‍ 7983 ആയിരുന്നു എല്‍.ഡി.എഫിന്റെ മത്സരാര്‍ത്ഥി അന്തരിച്ച കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് ലഭിച്ചത്. ചെങ്ങന്നൂരിലെ എക്കാലത്തേയും മികച്ച ഭൂരിപക്ഷമാണിത്.

തുടക്കം മുതലേ ലീഡ് വിട്ടുകൊടുക്കാതെയാണ് സജി ചെറിയാന്‍ മുന്നേറിയത്. കോണ്‍ഗ്രസ് ബി.ജെ.പി കോട്ടകള്‍ പിടിച്ചുള്ള മുന്നേറ്റമാണ് നടന്നത്. ഒരിക്കല്‍ പോലും മറ്റ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് പിടിച്ചില്ലെന്നതാണ് ശ്രദ്ധേയം. ഡി.വിജയകുമാറിനെ മണ്ഡലം തിരിച്ചുപിടിക്കാനായി രംഗത്തിറക്കിയപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം പ്രകടമാക്കിയ പി.എസ് ശ്രീധരന്‍ പിള്ളയെ ബി.ജെ.പിയും രംഗത്തിറക്കിയിരുന്നു.

പ്രമുഖ നേതാക്കളും ദേശീയ നേതാക്കള്‍ വരെ ത്രികോണ മത്സരത്തില്‍ മണ്ഡലത്തിലിറങ്ങി. ഭരണത്തെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്ന് ആദ്യമേ തന്നെ വിലയിരുത്തിയിരുന്നു. ഏതായാലും പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണ് ഈ വിജയം.

Viral News

English summary
vaikom viswan about chengannoor by-election result
topbanner

More News from this section

Subscribe by Email