Saturday March 23rd, 2019 - 6:34:am
topbanner
topbanner

വാക്‌സിനേഷന് എതിരായ പ്രചാരണം പ്രാകൃതം: ശൈലജ ടീച്ചർ

Mithun muyyam
വാക്‌സിനേഷന് എതിരായ പ്രചാരണം പ്രാകൃതം: ശൈലജ ടീച്ചർ

കണ്ണൂർ: വാക്‌സിനേഷന് എതിരെ പ്രാകൃതമായ മനസ്സുകളുടെ പ്രചാരണമാണ് നടക്കുന്നതെന്നും ശാസ്ത്രീയ യുഗത്തിൽ അതിനനുസരിച്ച രീതിയിൽ ജീവിക്കുകയാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

30 ദിവസം മാത്രം പ്രായമായ തന്റെ പേരക്കുട്ടി ഇഫയ ജഹനാരയ്ക്ക് തുള്ളിമരുന്ന് നൽകിയാണ് ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. വാക്‌സിൻ വിരുദ്ധർക്ക് ഒരു സന്ദേശം നൽകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. നമ്മുടെ കാലാവസ്ഥയും ഭക്ഷണവുമൊന്നും തനിയെ പ്രതിരോധം ഉണ്ടാകുന്നതിന് സഹായകരമല്ല. മാത്രമല്ല, രോഗാണുക്കൾ കാലക്രമേണ കൂടുതൽ പ്രതിരോധശേഷി ആർജിക്കുകയാണ്. അതിനാൽ, എല്ലാവരും കൂട്ടായി വാക്‌സിനേഷനിലൂടെ പ്രതിരോധശേഷി ആർജിക്കുകയാണ് വേണ്ടത്. രോഗം വരാൻ സാധ്യതയുള്ളവർ മാത്രമല്ല, എല്ലാവരും വാക്‌സിനേഷനെടുക്കണം. വാക്‌സിനേഷന് എതിരായി നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന കാമ്പയിനുകൾ ഫലം ചെയ്യുന്നുവെന്നാണ് കാണുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യദൗത്യം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.വി. ലതീഷിന്റെ മകൻ കർണവിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പോളിയോ തുള്ളിമരുന്ന് നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. ഇന്ദിര പ്രേമാനന്ദ്, കൗൺസിലർ അഡ്വ. ലിഷ ദീപക്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. സന്ദീപ്, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുരേഷ്, സതേൺ റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ ടി. രാജകുമാർ, ലോകാരോഗ്യ സംഘടന പ്രതിനിധികളായ ഡോ. എം. രത്‌നേഷ്, ഡോ. ആർ. ശ്രീനാഥ്, കണ്ണൂർ ജില്ലാ സാമൂഹികനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി, ഐ.എം.എ കണ്ണൂർ പ്രസിഡൻറ് ഡോ. എം.കെ. അനിൽകുമാർ, കണ്ണൂർ ഐ.എ.പി പ്രസിഡൻറ് ഡോ. ഡി.കെ അജിത് സുഭാഷ് തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാനത്തെ അഞ്ച് വയസ്സിന് താഴെയുള്ള 26 ലക്ഷത്തോളം കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ തുള്ളിമരുന്ന് നൽകുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. 2014ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചെങ്കിലും അയൽരാജ്യങ്ങളിൽ പോളിയോ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇന്ത്യയിൽ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾക്കായി മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ രോഗാണു സംക്രമണം തടയുന്നതിനാണ് പൾസ് പോളിയോ ഇമ്യൂണൈസേഷൻ നടത്തുന്നത്. രോഗപ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ തുള്ളിമരുന്ന് ലഭിച്ച കുട്ടികൾക്ക് പോളിയോ രോഗത്തിനെതിരെ വ്യക്തിഗത രോഗപ്രതിരോധശക്തി ലഭിക്കുന്നുണ്ടെങ്കിലും പോളിയോ രോഗാണു സംക്രമണം തടയുന്നതിന് പൾസ് പോളിയോ പരിപാടിയിലൂടെ നൽകുന്ന തുള്ളിമരുന്നും അത്യാവശ്യമാണ്.

ദേശീയ പൾസ് പോളിയോ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാ നവജാത ശിശുക്കൾക്കും പൾസ് പോളിയോ വാക്‌സിൻ നൽകുന്നു. കഴിഞ്ഞ 30 വർഷങ്ങളായി ഉപയോഗത്തിലുള്ളതും തീർത്തും സുരക്ഷിതവുമായ ഈ തുള്ളിമരുന്ന് വയറിളക്കമോ മറ്റ് രോഗങ്ങളോ ഉള്ള കുട്ടികൾക്കും പോളിയോ വാക്‌സിൻ കൊടുക്കാം. പോളിയോ കൊടുക്കുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് രോഗങ്ങൾക്കുള്ള മരുന്നും കൊടുക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കണ്ണൂർ ജില്ലയിൽ അഞ്ചു വയസ്സിനു താഴെയുള്ള 1,87,233 കുട്ടികളും ഇതരസംസ്ഥാനക്കാരുടെ 1157 കുട്ടികളും ഉണ്ട്. സർക്കാർ ആശുപത്രികൾ, സി.എച്ച്.സികൾ, പി.എച്ച്.സികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അംഗൻവാടികൾ, സ്‌കൂളുകൾ, സ്വകാര്യ ആശുപത്രികൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലായി 1898 ബൂത്തുകൾ കണ്ണൂർ ജില്ലയിൽ സജ്ജീകരിച്ചിരുന്നു. ആരോഗ്യവകുപ്പു ജീവനക്കാർ, ആശാപ്രവർത്തകർ, കുടുംബശ്രീ വളണ്ടിയർമാർ, അംഗൻവാടി ജീവനക്കാർ, നഴ്‌സിംഗ് വിദ്യാർഥികൾ, സന്നദ്ധസംഘടനാപ്രതിനിധികൾ തുടങ്ങി പ്രത്യേക പരിശീലനം നേടിയ വളിയർമാരും സൂപ്പർവൈസർമാരും വാക്‌സിൻ വിതരണത്തിൽ പങ്കാളികളായി. ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ 55 ട്രാൻസിറ്റ് ബൂത്തുകളും 178 മൊബൈൽ ബൂത്തുകളും പ്രവർത്തിച്ചു.

 

Read more topics: kannur, vaccination, campaign,
English summary
vaccination against campaign bad thinking: Shailaja
topbanner

More News from this section

Subscribe by Email