കണ്ണൂര്‍: ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മണികണ്ഠന് അറസ്റ്റില്‍. കൊയമ്പത്തൂര് മംഗലാപുരം പാസഞ്ചര്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസും ഷാഡോ പോലീസും ആര്.പി.എഫ് ഷാഡോ ടീമും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മണികണ്ഠന് പിടിയിലായത്.
ട്രെയിനില്‍ നിന്നിറങ്ങിയ മണികണ്ഠനെ പിന്തുടര്ന്നപ്പോള് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. രണ്ട് പൊതികളിലാക്കി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
കണ്ണൂര്‍ നഗരത്തിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറാനാണ് മണികണ്ഠന് കഞ്ചാവ് ശേഖരവുമായി എത്തിയതെന്ന് പോലീസ് പറഞ്ഞു. ആന്ധ്രയില്‍ നിന്നും കൊണ്ടു വന്നതാണ് കഞ്ചാവ് പൊതിയെന്ന് മണികണ്ഠന് മൊഴി നല്‍കിയിട്ടുണ്ട്. ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മണികണ്ഠനെ റിമാന്‍ഡ് ചെയ്തു.