Thursday November 15th, 2018 - 8:31:pm
topbanner

സ്റ്റേഷനിലിറങ്ങാനായി വാതിലിനരികെ നിന്നയാള്‍, ഭാര്യ നോക്കിനില്‍ക്കേ വീണു മരിച്ചു

akhila
 സ്റ്റേഷനിലിറങ്ങാനായി വാതിലിനരികെ നിന്നയാള്‍, ഭാര്യ നോക്കിനില്‍ക്കേ വീണു മരിച്ചു

ആലുവ: സ്റ്റേഷനിലിറങ്ങാനായി വാതിലിനരികെ നിന്നയാള്‍, ഭാര്യ നോക്കിനില്‍ക്കേ വീണു മരിച്ചു.

സ്റ്റേഷനിലിറങ്ങാനായി ബാഗുകളും മറ്റും വാതിലിനരികെ കൊണ്ടുവെയ്ക്കുന്നതിനിടെ നിരങ്ങിപ്പോയ ട്രോളി ബാഗ് പിടിക്കാന്‍ മുന്നോട്ടാഞ്ഞപ്പോഴാണ് തീവണ്ടിയില്‍ നിന്നു വീണ് മരിച്ചത്. ഇടപ്പള്ളി വിനായക നഗറില്‍ 'പ്രണവം' വീട്ടില്‍ വി. മോഹന(65)നാണ് ഭാര്യ ലളിത നോക്കി നില്‍ക്കെ തീവണ്ടിയില്‍ നിന്നു വീണ് മരിച്ചത്. ഇടപ്പള്ളിയില്‍ ഇറങ്ങാനായി വാതിലിനോട് അടുത്തു നില്‍ക്കുന്നതിനിടെ പുളിഞ്ചോട് വെച്ചാണ് അപകടമുണ്ടായത്.

ചെന്നൈ-ആലപ്പി എക്‌സ്പ്രസില്‍ ചെന്നൈയില്‍ താമസിക്കുന്ന മകളുടെ വീട്ടില്‍പ്പോയി മടങ്ങിവരികയായിരുന്നു മോഹനനും ലളിതയും. രാവിലെ എട്ടരയോടെ തീവണ്ടി ആലുവ വിട്ടു. ഇടപ്പള്ളിയില്‍ സ്റ്റോപ്പുണ്ടെന്ന് വണ്ടിയില്‍ വെച്ച് അറിഞ്ഞപ്പോള്‍ അവസാന നിമിഷം അവിടെ ഇറങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി വേഗം ബാഗുകളും മറ്റും എടുത്ത് വാതിലിനരികില്‍ വെച്ച് ഇറങ്ങാനൊരുങ്ങവേ പുളിഞ്ചോട് വളവില്‍ വെച്ചാണ് തെറിച്ചു വീണത്. ഒരാള്‍ തെറിച്ച് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരാരോ ചങ്ങല വലിച്ചു.

ഭാര്യ ലളിത എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. അപകടം നടന്ന പുളിഞ്ചോടില്‍ നിന്ന് ഏറെ മാറി മാന്ത്രയ്ക്കലിലാണ് വണ്ടി നിന്നത്. തീവണ്ടിയില്‍ നിന്ന് ആള്‍ വീണതറിഞ്ഞ് തിരഞ്ഞ നാട്ടുകാരാണ് പുല്ലുകള്‍ക്കിടയില്‍ മോഹനനെ കണ്ടെത്തിയത്. അവര്‍ പോലീസിനെയും ആലുവ റെയില്‍വേ സംരക്ഷണ സേനയേയും വിവരം അറിയിച്ചു. എട്ടരയോടെ അപകടം നടന്നെങ്കിലും ഒന്‍പതരയോടെയാണ് മോഹനനെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ എത്തിക്കുന്നത്. അല്പ സമയത്തിനകം മരിക്കുകയും ചെയ്തു.

റെയില്‍വേ ലൈനിനരിലൂടെ പോകുന്ന വൈദ്യുതപോസ്റ്റില്‍ തലയിടിച്ചതാണ് മരണകാരണം. മൃതദേഹം കാരോത്തുകുഴി ആശുപത്രി മോര്‍ച്ചറിയിലാണ്. ദീപയാണ് മകള്‍. ഏക മകന്‍ അജിത് പിള്ള സിങ്കപ്പൂരില്‍ ഐ.ടി. ഉദ്യോഗസ്ഥനാണ്. അപകടമുണ്ടായ സ്ഥലത്തുനിന്ന് ഇരുന്നൂറ് മീറ്ററോളം അകലെയാണ് വാഹനസൗകര്യം ഉണ്ടായിരുന്നത്. ഒന്‍പത് മണിയോടെ പോലീസ് സ്ഥലത്തെത്തിയിട്ടും മോഹനനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും മോഹനന്‍ വീണുകിടന്ന സ്ഥലത്തേക്ക് എത്താന്‍ പോലീസ് മടിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു.

സംഭവമറിഞ്ഞ് റെയില്‍വേ പോലീസും എത്തിയിരുന്നു. പിന്നീട് മോഹനനെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. അതിനു കഴിയാതെ പോലീസ് ജീപ്പ് എത്തിച്ചാണ് മോഹനനെ ആശുപത്രിയില്‍ കൊണ്ടുപോയത്. തെറിച്ചുവീണ ട്രോളിബാഗും നാട്ടുകാര്‍കണ്ടെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. പോക്കറ്റില്‍ നിന്ന് മോഹനന്റെയും ഭാര്യയുടെയും ആധാര്‍ കാര്‍ഡ് ലഭിച്ചിരുന്നു. വിലാസം ലഭിച്ചതിനാല്‍ വിവരം എളുപ്പത്തില്‍ ബന്ധുക്കളെ അറിയിക്കാന്‍ കഴിഞ്ഞു.

Read more topics: train, accident
English summary
train accident man dead
topbanner

More News from this section

Subscribe by Email