Tuesday June 25th, 2019 - 9:29:pm
topbanner
topbanner

ടൂറിസം വികസനത്തിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

suvitha
ടൂറിസം വികസനത്തിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

പത്തനംതിട്ട: തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ടൂറിസം സംരംഭങ്ങള്‍ വികസിപ്പിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ മുന്നോട്ടു വരണമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സീതത്തോട്-ഗവി ജനകീയ ടൂറിസത്തിന്റെ ഭാഗമായി സീതത്തോട് ഗ്രാമപഞ്ചായത്ത് ആങ്ങമൂഴിയില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.

പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാതെയും മലിനപ്പെടുത്താതെയും അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് സഞ്ചാരികളെ അനുവദിക്കുന്ന രീതിയിലുള്ള ഉത്തരവാദിത്ത ടൂറിസം വികസന പരിപാടികള്‍ ഏറ്റെടുക്കുന്നതിനാണ് പുതിയ ടൂറിസം നയം വിഭാവനം ചെയ്യുന്നത്. ശബരിമലയോട് അടുത്ത പ്രദേശമെന്ന നിലയിലും അന്തര്‍ദേശീയ പ്രശസ്തമായ ഗവി ടൂറിസം മേഖലയിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിലും ആങ്ങമൂഴിയുടെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിന് കഴിയണം. തദ്ദേശഭരണസ്ഥാപനങ്ങളും ജനങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ ടൂറിസം ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് 16 കുട്ടവഞ്ചികള്‍ കര്‍ണാടകത്തിലെ ഹൊഗ്‌നക്കലില്‍ നിന്നും എത്തിച്ചിട്ടുള്ളത്. നാലുപേര്‍ക്ക് ഇരിക്കാവുന്ന കുട്ടവഞ്ചിയിലെ ഒന്നരക്കിലോമീറ്റര്‍ യാത്രയ്ക്ക് 400 രൂപയാണ് ഈടാക്കുന്നത്. ഇതിനായി ആങ്ങമൂഴി ജംഗ്ഷനില്‍ ഗ്രാമപഞ്ചായത്ത് പ്രത്യേക ടൂറിസം ഓഫീസ് തുറന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും നടന്നു വരുന്നു.

ടൂറിസം പദ്ധതിയുടെ അടുത്ത ഘട്ടമായി കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ലഘുഭക്ഷണശാലകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഒന്‍പതു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജു ഏബ്രഹാം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ്, ജില്ലാ പഞ്ചായത്തംഗം പി.വി. വര്‍ഗീസ്, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. നന്ദകുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ബീന മോഹനന്‍, സജിനി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാനു സലിന്‍, ജേക്കബ് വളയംപള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീന ഷിബു, വി. കുമാര്‍, സതി മധു, സൂസന്‍ മേബിള്‍ സലിന്‍, സുമേഷ് കുമാര്‍ ബി.എസ്, ശ്യാമള ഉദയഭാനു, ബീന മുഹമ്മദ് റാഫി, ഡി. അച്ചന്‍കുഞ്ഞ്, സ്വാഗതസംഘം ചെയര്‍മാന്‍ പി.ആര്‍. പ്രമോദ്, ഡി. അശോക് കുമാര്‍, ജോബി ടി.ഈശോ തുടങ്ങിയവര്‍ പങ്കെടുത്തു.

കുട്ടവഞ്ചിയില്‍ കന്നി യാത്രക്കാരായി മന്ത്രിയും എംഎല്‍എമാരും

സീതത്തോട്-ഗവി ജനകീയ ടൂറിസത്തിന്റെ ഭാഗമായി ആങ്ങമൂഴിയില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരിയില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ അടൂര്‍പ്രകാശ്, രാജു ഏബ്രഹാം എന്നിവര്‍ കന്നി യാത്രക്കാരായി. ആദ്യ കുട്ടവഞ്ചിയില്‍ മന്ത്രിയും എംഎല്‍എമാരും കക്കാട്ടാറിന്റെ സൗന്ദര്യം ആസ്വദിച്ച് മുന്നോട്ടു നീങ്ങിയപ്പോള്‍ തൊട്ടു പിന്നാലെയുള്ള വഞ്ചിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധുവും മറ്റ് ജനപ്രതിനിധികളും സവാരി നടത്തി.

അഞ്ച് കുട്ട വഞ്ചികളിലായി ഒരു കിലോമീറ്ററോളം ജനപ്രതിനിധികളും പൊതുജനങ്ങളും സവാരി നടത്തി ആങ്ങമൂഴി കുട്ടവഞ്ചി സവാരിയുടെ ഉദ്ഘാടനം അവിസ്മരണീയമാക്കി. സവാരിക്കു ശേഷം എത്തിയ മന്ത്രിയെയും ജനപ്രതിനിധികളെയും ഘോഷയാത്രയോടെ സമ്മേളന സ്ഥലത്തേക്ക് ആനയിച്ചു.

English summary
Local bodies should initiatives for tourism development: Minister Kadannappalli Ramachandran
topbanner

More News from this section

Subscribe by Email