തൃശൂര്‍: കാശ്മീരിലെ കഠ്വയില് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി.
തൃശൂര്‍ പാടൂര്‍ അധ്യാപക ദമ്പതിമാരായ ഷിഹാബിന്റെയും നര്‍ഗിസിന്റെയും മകള്‍ മെഹര്‍ ഫാത്തിമയും, ഷിഹാബിന്റെ സഹോദരിയുടെ മകള്‍ നദ ഫാത്തിമയുമാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
കശ്മീരീ പെണ്‍കുട്ടിക്കായി വലിയ പോസ്റ്റര്‍ തയ്യാറാക്കിയും നഗര, ഗ്രാമ പ്രദേശങ്ങളില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തും ഇരുവരും മുതിര്‍ന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റി.
രക്ഷിതാക്കളുടെ സഹായത്തോടെ ചാര്‍ട്ട് പേപ്പര്‍ വെട്ടി ചെറു കാര്‍ഡുകളുണ്ടാക്കി അതില്‍ പര്‍പ്പിള്‍ തുണിച്ചീന്തും അതേ നിറത്തില്‍ ഒരു വളയും പിന് ചെയ്തുവച്ചാണ് വിതരണം ചെയ്തത്.
വിഷുദിനത്തില്‍ പാടൂര്‍, കളമശ്ശേരി, മതിലകം, കൈപ്പമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ കാര്‍ഡുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. കുട്ടികളുടെ പ്രതിഷേധത്തോട് ജനങ്ങള്‍ അനുഭാവം പ്രകടിപ്പിച്ചു. ഗൗരവത്തോടെ വിഷയത്തെ കാണാനും സമീപിക്കാനും പ്രതികരിക്കാനും തയ്യാറായ കുട്ടികളെ ഏവരും അഭിനന്ദിക്കുകയും ചെയ്തു.