Wednesday September 19th, 2018 - 4:59:am
topbanner
Breaking News

കാരുണ്യ പദ്ധതി നിര്‍ത്തില്ല; പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജം: തോമസ് ഐസക്ക്

Jikku Joseph
കാരുണ്യ പദ്ധതി നിര്‍ത്തില്ല; പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജം: തോമസ് ഐസക്ക്

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ചികിത്സാസഹായം നല്‍കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ചില വാര്‍ത്തകളില്‍ കാണുന്നതുപോലെ ഈ പദ്ധതിയെ സ്വാഭാവികമരണത്തിനു വിട്ടുകൊടുക്കേണ്ട സാഹചര്യം ഇല്ലെന്നും വരുന്ന ചില വാര്‍ത്തകള്‍ വാസ്തവമല്ലെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യ, സുകൃതം അടക്കം 9 ചികില്‍സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുമെന്ന വാര്‍ത്തയോടാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

സമഗ്ര ആരോഗ്യപദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇതാണ് മറ്റ് പദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന രീതിയില്‍ വാര്‍ത്ത പടരാന്‍ ഇടയാക്കിയതെന്നും ധനമന്ത്രി വിശദീകരിച്ചു. ഡിസംബര്‍ 31 വരെ 29,270 രോഗികള്‍ക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചു. 2017 ഫെബ്രുവരി 9 ന് ധനവകുപ്പ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപകൂടി അനുവദിക്കുകയുണ്ടായി. ഇതടക്കം ബഡ്ജറ്റില്‍ വകയിരുത്തിയ 250 കോടിയും കൈമാറിയിട്ടുണ്ട്. ഇനി കൊടുക്കുവാനുള്ളത് 139 കോടി രൂപയാണ്. അതിനു മാര്‍ച്ച് 31 വരെ സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചുവര്‍ഷക്കാലത്തെ യു.ഡി.എഫ് ഭരണത്തിന്‍കീഴില്‍ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ആകെ നല്‍കിയത് 775 കോടി രൂപയാണ്. ഒരു വര്‍ഷംപോലും ബഡ്ജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ കൂടുതല്‍ പണം കാരുണ്യയ്ക്ക് അനുവദിച്ചിട്ടില്ല. അതുകൊണ്ട് യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോള്‍ കാരുണ്യഫണ്ടിലേക്ക് 391 കോടിരൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യ പദ്ധതിയെ മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഔദാര്യം പോലെയാണ് മുന്‍സര്‍ക്കാര്‍ കണ്ടിരുന്നതെന്നും ആ നില മാറ്റി അത് പൗരന്മാരുടെ അവകാശമാക്കി മാറ്റുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു

Read more topics: thomas isaac, health, schemes
English summary
thomas isaac says wont stop health schemes
topbanner

More News from this section

Subscribe by Email