Saturday July 20th, 2019 - 3:12:pm
topbanner
topbanner

നോട്ട് റദ്ദാക്കല്‍; സംവാദത്തിന് വെല്ലുവിളിച്ച് തോമസ് ഐസക്ക്; തയ്യാറെന്ന് സുരേന്ദ്രന്‍

NewsDesk
നോട്ട് റദ്ദാക്കല്‍; സംവാദത്തിന് വെല്ലുവിളിച്ച് തോമസ് ഐസക്ക്; തയ്യാറെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: കറന്‍സി നോട്ടുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ഐസക്കും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മില്‍ ഫേസ്ബുക്കില്‍ നടത്തുന്ന വാക്‌പോര് തുടരുന്നു.

ഏറ്റവും ഒടുവിലത്തെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക്ക് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സംവാദത്തിന് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച സുരേന്ദ്രന്‍ വരാമെന്ന് തന്റെ പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നവംബർ 8 മുതൽ ഞങ്ങൾ എടുത്തുവന്ന നിലപാട്, നോട്ട് റദ്ദാക്കിയതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാമെന്നല്ലാതെ കള്ളപ്പണക്കാരെ പിടിക്കാന്‍ പറ്റില്ലെന്നതാണ്. ഇതിനു വിപരീതമായി, പ്രചാരത്തിലിരുന്ന 15.5 ലക്ഷം കോടിയുടെ നോട്ടുകളിൽ 3-4 ലക്ഷം കോടിയെങ്കിലും തിരിച്ചു വരില്ല എന്ന് വെല്ലുവിളിച്ചു വാദിച്ചവരാണ് കെ. സുരേന്ദ്രനെപ്പോലെയുള്ള ബി.ജെ.പി. നേതാക്കള്‍. ഞാന്‍ അനൗപചാരികമായി മൂന്നു ദിവസം മുമ്പ് അറിഞ്ഞത് 14.5 ലക്ഷത്തോളം കോടി രൂപ തിരിച്ചുവന്നു എന്നാണ്. ഞാന്‍ വിചാരിച്ചു കെ. സുരേന്ദ്രനെപ്പോലുള്ളവർ തങ്ങളുടെ പഴയ വാദം വിഴുങ്ങി ക്യാഷ്ലെസ് സമ്പദ് വ്യവസ്ഥയില്‍ അഭിരമിച്ചു കഴിയുമെന്നാണ്. ഇന്നാണ് കെ. സുരന്ദ്രന്റെ പോസ്റ്റ് കണ്ടത്. മൂന്നു ലക്ഷം കോടിയെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷ തെറ്റിയിട്ടില്ല എന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. നോട്ട് നിരോധനം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് കള്ളപ്പണക്കാർക്ക് അതു വെളിപ്പെടുത്താൻ അവസരം നൽകുന്ന പദ്ധതിയായ ‘ഗരീബ് കല്യാണ്‍ യോജന’ സർക്കാർ പ്രഖ്യാപിച്ചത്. അതിനടിസ്ഥാനത്തില്‍ അദ്ദേഹം ഉയർത്തുന്ന ചോദ്യം ഇതാണ്: “അപ്പോള്‍പ്പിന്നെ മുഴുവന്‍ പണവും ബാങ്കിൽ തിരിച്ചുവരുമെന്നു പറയുന്നതില്‍ എവിടെയാണ് പിശക്? ഇനി ബാങ്കില്‍ വന്നത് മുഴുവൻ വൈറ്റ് മണിയാണെന്നും കള്ളപ്പണം കണ്ടെത്താൻ കഴിയില്ലെന്നും പറയുന്നത് എന്ത് അടിസ്ഥാനത്തില്‍? പ്രശ്നം പ്രതിപക്ഷത്തിന്റെ വേവലാതി മാത്രമാണ്.” ഇങ്ങനെ പോകുന്ന അദ്ദേഹത്തിന്റെ വാദങ്ങൾ.

ഗരീബ് കല്യാണ്‍ യോജന വഴി വന്നതെത്ര?, അല്ലാതെ വന്നതെത്ര? എന്നൊക്കെ കൃത്യമായി അറിയാൻ മാർഗ്ഗമുണ്ടല്ലോ. ഒക്ടോബർ വരെ നിലവിൽ ഉണ്ടായിരുന്ന ആംനെസ്റ്റി സ്കീം ഓര്‍ക്കുന്നുണ്ടല്ലോ . അരുണ്‍ ജെയ്റ്റിലി ബഡ്ജറ്റിൽ പ്രഖ്യാപിച്ച സ്കീമാണിത്. ഇതുപ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം അന്നു പുറത്തുവന്നു.

ഇതാണു സുഹൃത്തേ ഞങ്ങൾ തുടക്കം മുതൽ പറഞ്ഞുകൊണ്ടിരുന്നത്. കള്ളപ്പണം പിടിക്കാന്‍ അർദ്ധരാത്രി ഒരു ദിവസം നോട്ടു റദ്ദാക്കേണ്ട. രണ്ടോ മൂന്നോ മാസം സാവകാശം കൊടുത്ത് തിയ്യതി പ്രഖ്യാപിച്ച് ഗരീബ് കല്യാണ്‍ യോജന പോലെ ഒരു സ്കീം പ്രഖ്യാപിക്കുക. ഇന്നത്തേതുപോലെ കള്ളപ്പണം പിടിക്കാന്‍ നടപടികളും സ്വീകരിക്കാം. കള്ളപ്പണക്കാർ ഇന്നത്തേതുപോലെതന്നെ ആംനസ്റ്റി സ്കീമില്‍ പണം നിക്ഷേപിക്കുമല്ലോ. കള്ളപ്പണക്കാരല്ലാത്ത 99 ശതമാനം ജനങ്ങളേയും ഇങ്ങനെ കൊല്ലാക്കൊല ചെയ്യിക്കണമായിരുന്നോ? ഇനി അവർ കള്ളപ്പണമൊന്നും സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും പഴയ പണം മുഴുവൻ ബാങ്കില്‍ തിരിച്ചുവന്നുകഴിയുമ്പോൾ വരവിൽ കഴിഞ്ഞ് ഡെപ്പോസിറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ അന്വേഷിക്കാമല്ലോ. അഥവാ ആരെങ്കിലും ചോർന്നുപോയാലും എല്ലാവരും ബാങ്കിംഗ് വലയത്തില്‍ വരുമല്ലോ. എന്തിനായിരുന്നു അർദ്ധരാത്രിയിലെ നോട്ടുനിരോധന നാടകം?

സുരേന്ദ്രനടക്കമുള്ള ബി.ജെ.പി. നേതാക്കന്മാരോട്: ഒന്നരമായി എന്റെ പോസ്റ്റിനുകീഴിൽ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കൂ! നിങ്ങളുടെ എന്തു ചോദ്യത്തിനോട് വേണമെങ്കിലും സംവദിക്കുവാന്‍ തയ്യാർ. മോഡി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണ്.

തോമസ് ഐസക്കിന് മറുപടിയായി കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ്:

ബഹു ധനമന്ത്രി തോമസ് ഐസക്കിന്രെ മോദിവിരുദ്ധപ്രചാരണം തുടർന്നുകൊണ്ടേയിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹനടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുകയാണ്. മാത്രമല്ല ഇന്നലെ അദ്ദേഹം പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നു. സംഘികൾ അദ്ദേഹത്തിന്രെ പോസ്ടിനു കീഴെ കമന്രിടുന്നത് നിർത്തണമെന്നും. പരസ്യസംവാദത്തിന് ഞങ്ങൾ തയ്യാർ. എവിടെ വരണമെന്നും എപ്പോൾ വരണമെന്നും സാർ പറഞ്ഞാൽ മതി. പിന്നെ കമന്രുകൾ കാരണം വേവലാതിപ്പെടുന്ന അങ്ങ് വല്ലപ്പോഴും ഈ പേജിൽ ഒന്നു നോക്കിയാൽ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടും.

English summary
thomas isaac, k surendran facebook post on currency denominations
topbanner

More News from this section

Subscribe by Email