Friday April 26th, 2019 - 7:51:am
topbanner
topbanner

500 കോടി രൂപയുടെ വിവാഹം; 'ബിജെപി നേതാവിന് എവിടുന്നുകിട്ടി നോട്ടുകെട്ടുകള്‍'

NewsDesk
500 കോടി രൂപയുടെ വിവാഹം; 'ബിജെപി നേതാവിന് എവിടുന്നുകിട്ടി നോട്ടുകെട്ടുകള്‍'

തിരുവനന്തപുരം: രാജ്യമെങ്ങുമുള്ള ജനങ്ങള്‍ പുതിയ കറന്‍സി നോട്ടിനായി ബാങ്കുകളില്‍ ക്യൂ നില്‍ക്കുമ്പോള്‍ 500 കോടിരൂപ പൊടിച്ച് ബിജെപി നേതാവ് നടത്തിയ വിവാഹ മാമാങ്കത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. വിവാഹത്തിനാവശ്യമായ പണം ജനാര്‍ദ്ദന റെഡ്ഡിക്ക് എവിടുന്നു കിട്ടിയെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ബിജെപി നേതാവും കർണ്ണാടക മുൻ‌മന്ത്രിയുമായ ജനാർദ്ദന റെഡ്ഡിയുടെ മകളുടെ ആഡംബരവിവാഹമാണല്ലോ ഈ നോട്ടില്ലാക്കാലത്തെ വലിയ വിശേഷം. കുറച്ചൊന്നുമല്ല, 500 കോടി രൂപയാണു വിവാഹച്ചെലവ്! അദ്ധ്വാനിച്ചു സ്വന്തമായി പണമുണ്ടാക്കിയവർ ആ പണം നിത്യച്ചെലവിനു പിൻബലിക്കാനാകാതെയും പൊതിയാത്തേങ്ങപോലെ കിട്ടുന്ന 2000ന്റെ നോട്ടു മാറ്റാനാകാതെയും നെട്ടോട്ടമോടുമ്പോൾ നടക്കുന്ന ഈ 500 കോടി മാമാങ്കം ചില ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

കറൻസി നിരോധത്തിനു ശേഷം നടന്ന ഈ വിവാഹത്തിന്റെ ചെലവുകൾക്കുള്ള ഈ പണമത്രയും ജനാർദ്ദനറെഡ്ഡി എങ്ങനെ തരപ്പെടുത്തി? പിൻവലിക്കൽ പരമാവധി 12,000 -24,000 രൂപയായും നിരോധിച്ച നോട്ടു മാറ്റാനുള്ള പരിധി 2,000 – 4,000 രൂപയായുമൊക്കെ പരിമിതപ്പെടുത്തിയിരിക്കുന്ന ഈ വേളയിൽ ഒറ്റയാൾക്കു മാത്രമായി ഇത്രയേറെ തുക അംഗീകൃത നോട്ടുകളുടെ രൂപത്തിൽ എങ്ങനെ കിട്ടി? അതോ, പഴയ 1,000, 500 നോട്ടുകളായി കൈയിൽ സൂക്ഷിച്ചിരുന്നതാണോ? എങ്കിൽ നിരോധിക്കപ്പെട്ട ആ കറൻസികൾ എങ്ങനെ ചെലവാക്കാൻ ഈ പൗരന് ആര് അനുവാദം നൽകി? അതുമല്ലെങ്കിൽ, നോട്ടുനിരോധനക്കാര്യം റെഡ്ഡി നേരത്തേ അറിഞ്ഞിരുന്നോ? ഇത്രയും തുകയ്ക്കുള്ള പുതിയ കറൻസി ആരെങ്കിലും മുൻകൂട്ടി ഇദ്ദേഹത്തിനു ലഭ്യമാക്കിയോ? ഇതൊന്നുമല്ലെങ്കിൽ, വിവാഹച്ചെലവു മുഴുവൻ കറൻസിനിരോധത്തിനു മുമ്പ് അഡ്വാൻസായി ജോലിക്കാരടക്കം എല്ലാവർക്കും നൽകിക്കാണണം. അപ്പോഴും നിരോധം നേരത്തേ അറിയാതെ സാദ്ധ്യമല്ലല്ലോ. ഇവയിൽ ഏതെങ്കിലും സംഭവിക്കാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാൾക്ക് ഇത്ര വലിയ തുക ചെലവഴിച്ച് ഇത്തരമൊരു മാമാങ്കം നടത്താനാവില്ലല്ലോ.

പൗരസമൂഹത്തിനുമേൽ കൊടിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചു നിർദ്ദയം ദുരിതക്കയത്തിൽ തള്ളിയ നരേന്ദ്രമോദിയാണ് ഇതിനു മറുപടി പറയേണ്ടത്. ഒപ്പം റിസർവ്വ് ബാങ്ക് മേധാവികളും സമാധാനം പറയണം.

ഇത്ര വലിയ കള്ളപ്പണനിക്ഷേപം വെളുപ്പിക്കാൻ വേണ്ടപ്പെട്ടവർക്കെല്ലാം സൗകര്യം ഒരുക്കി നൽകിയാണ് മോദി നാടകീയമായി കറൻസി നിരോധനം പ്രഖ്യാപിച്ചത് എന്നതിനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തമാണിത്. യുപി തെരഞ്ഞെടുപ്പിനായെല്ലാം സമാഹരിച്ച കള്ളപ്പണമത്രയും അവർ വെളുപ്പിച്ചു സുരക്ഷിതമാക്കിയിട്ട് ആ സംസ്ഥാനത്തെ എതിർകക്ഷികളുടെ കള്ളപ്പണശേഖരം വെറും പാഴ്ക്കടലാസാക്കി മാറ്റാൻ കളിച്ച കളിയാണെന്ന ആരോപണവും കൂടുതൽ അംഗീകരിക്കപ്പെടുകയാണ്.

റെഡ്ഡിയുടെ മാമാങ്കം മാത്രമല്ല, ഗുജറാത്തില്‍ നിന്ന് മറ്റൊരു വാര്‍ത്തയും വന്നു .ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് പിടി കൂടി എന്നതായിരുന്നു . കൈക്കൂലി പിടികൂടുന്നത് ആദ്യം അല്ലെങ്കിലും അതിലെ കൌതുകം എല്ലാ നോട്ടുകളും പുതിയ രണ്ടായിരത്തിന്‍റെതായിരുന്നു എന്നതാണ് .ഇത്രയും കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളപ്പോള്‍ കൈക്കൂലി കൊടുത്തയാളിന് ഇത്രയും പണം , അതും പുതിയ കറന്‍സികള്‍ എവിടെ നിന്ന് കിട്ടി ? റിസർവ്വ് ബാങ്കും മറ്റു ബാങ്കുകളും വഴി നോട്ട് എത്തും മുന്‍പ് മറ്റു വല്ല വഴിയിലും നോട്ടെത്തിയോ!

ബംഗാളിലെയും മറ്റും ബിജെപിയുടെ പാർട്ടി അക്കൗണ്ടുകളിൽപ്പോലും നോട്ടുനിരോധത്തിനു മണിക്കൂറുകൾ മുമ്പ് ലക്ഷങ്ങളുടെയും കോടികളുടെയും 500, 1,000 നോട്ടുകൾ തിരക്കിട്ടു നിക്ഷേപിച്ച വാര്‍ത്തകളും നാം മാദ്ധ്യമങ്ങളിൽ കണ്ടു. ഇതെല്ലാം വെളിവാക്കുന്നത് നോട്ടുനിരോധവും സാമ്പത്തികനിയന്ത്രണങ്ങളുമൊന്നും ഒരു വിഭാഗത്തിനു ബാധകമല്ല എന്നതാണ്. അവർ ഒഴികെയുള്ള മഹാഭൂരിപക്ഷം പാവങ്ങൾക്കും ദുരിതപർവ്വവും!
എന്തൊക്കെയാണീ രാജ്യത്തു നടക്കുന്നത്! ആരോ സമൂഹമാദ്ധ്യമത്തിൽ ചോദിച്ചതുപോലെ ഇൻഡ്യ ഒരു ബനാനാ റിപബ്ലിക്കായി മാറിപ്പോയോ! പ്രതികരിക്കാൻ പോലും മറന്നു പോയ സമൂഹം. അതോ ചില ഭയങ്ങൾക്കു സ്വയം അടിയറ വച്ചിരിക്കുന്നോ?

നോട്ടുമാറ്റലിന്റെ പ്രശ്നം മാത്രമല്ല ഇതിൽ ഉള്ളത്. ജനാർദ്ദനറെഡ്ഡിയെപ്പോലെ സഹസ്രകോടീശ്വരരുടെയും അത്തരക്കാരുടെ ചങ്ങാതിമാരുടെയും കൂട്ടമാണ് ബിജെപി എന്ന രാഷ്ട്രീയപ്പാർട്ടി എന്നതാണ്. കള്ളപ്പണത്തിന്റെ മേലാണ് അവരുടെ നിലനിൽപ്പെന്ന് സമീപകാലസംഭവങ്ങളെല്ലാം വെളിപ്പെടുത്തുന്നു. ജനാർദ്ദനറെഡ്ഡി നടത്തുന്ന വിവാഹമാമാങ്കത്തിൽ പങ്കെടുക്കുന്നതു പാർട്ടി വിലക്കിയിട്ടുപോലും അതു മറികടന്ന് ആ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ യെദിയൂരപ്പതന്നെ അതിൽ സംബന്ധിച്ചിരിക്കുന്നു. സംഗതി വിവാദമാകുന്നു എന്നു കണ്ടപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പാണെന്ന് വിലക്കെന്നൊക്കെ നന്നായി അറിയാവുന്നതുകൊണ്ടാണല്ലോ യെദിയൂരപ്പ പോയത്.

കള്ളപ്പണത്തെപ്പറ്റി ഇത്ര വലിയവായിൽ സംസാരിക്കുന്ന ബിജെപിയും കേന്ദ്രസർക്കാരും മോദിയും എന്തുകൊണ്ടാണ് റെഡ്ഡിമാരുടെ സാമ്രാജ്യത്തെപ്പറ്റി അന്വേഷിക്കാത്തത്? ഒരു പൊലീസുകാരന്റെ മക്കൾ എങ്ങനെ ഇത്രവലിയ ഖനിവ്യവസായികളും കോടീശ്വരരുമായി? അവരുടെ പണമത്രയും വെള്ളപ്പണമാണോ? ചോദ്യങ്ങൾ അനവധിയാണ്. ബിജെപിയുടെ കള്ളപ്പണവിരോധത്തിന്റെ ആണിക്കല്ലിളക്കുന്നവയാണ് ആ ചോദ്യങ്ങളൊക്കെ. ഇൻഡ്യക്കാർ അതു ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതാണ് പുതിയ സംഭവവികാസങ്ങളുടെ ആകെത്തുക.

റെഡ്ഡിമാരുടെ വളർച്ചയുടെയും ചെയ്തികളുടയും വിസ്മയകരമായ കഥ വായിക്കാൻ താല്പര്യമുള്ളവർക്ക് ഇതേപ്പറ്റി ഏതാനും വർഷം മുമ്പ് ഞാൻ എഴുതിയ ലേഖനം എന്റെ ബ്ലോഗിൽ വായിക്കാം. ഇതാണു ലിങ്ക്:

English summary
thomas isaac facebook post over janardhana reddy daughter's marriage
topbanner

More News from this section

Subscribe by Email