Monday November 19th, 2018 - 10:41:am
topbanner

ബിജെപിക്കാര്‍ കേരളത്തെ തകര്‍ക്കാന്‍ നില്‍ക്കുന്ന അഞ്ചാംപത്തികള്‍: തോമസ് ഐസക്ക്

NewsDesk
ബിജെപിക്കാര്‍ കേരളത്തെ തകര്‍ക്കാന്‍ നില്‍ക്കുന്ന അഞ്ചാംപത്തികള്‍: തോമസ് ഐസക്ക്

ബിജെപിക്കാര്‍ കേരളത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന അഞ്ചാംപത്തികളാണ്ന്നു ധനമന്ത്രി തോമസ് ഐസക്ക്. സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ വമ്പന്‍ ഗൂഢാലോചന ബിജെപി നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ കേരളീയര്‍ വലിയ പ്രക്ഷോഭത്തിനു തയ്യാറാകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ഇന്നു നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തിലെ അനുഭവത്തിന്റെയും സഹകരണബാങ്കുകള്‍ നശിച്ചാലെന്ത് എന്ന ബിജെപി നേതാവ് മുരളീധരന്റെ റ്റിവി ചര്‍ച്ചയിലെ ചോദ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: എനിക്ക് ഒരു കാര്യം ബോദ്ധ്യമായി. കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ വമ്പന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. കേരളത്തിലെ ബിജെപി ഘടകവും കേന്ദ്രത്തിലെ ചില തല്പരകക്ഷികളുമാണ് ഇതിനു പിന്നില്‍. സഹകരണബാങ്കുകള്‍ നശിച്ചാലെന്ത് എന്ന ഞെട്ടിക്കുന്ന ചോദ്യം ബിജെപി നേതാവ് മുരളീധരന്‍ ചാനല്‍ച്ചര്‍ച്ചയില്‍ ഉയര്‍ത്തിക്കേട്ടു.

സഹകരണബാങ്കുകള്‍ കള്ളപ്പണത്തിന്റെ കൂടാരങ്ങളാണെന്നാണ് ബിജെപിയുടെ പ്രചരണം. ഇന്നു ബാങ്കുകളുമായുള്ള ചര്‍ച്ചയില്‍ പ്രകടിപ്പിക്കപ്പെട്ട ഇക്കാര്യത്തിലെ നിസംഗത ഞെട്ടിക്കുന്നതായിരുന്നു. ഇവരുടേതല്ല നയതീരുമാനം എന്നതു ശരിതന്നെ. പക്ഷേ സഹകരണബാങ്കുകളുടെ സ്തംഭനാവസ്ഥ ഒരു പ്രശ്‌നമല്ല എന്ന മട്ടിലായിരുന്നു ഇവരുടെ പെരുമാറ്റം.
ബാങ്കുകള്‍ക്കെല്ലാമായി കേരളത്തില്‍ 6213 ബ്രാഞ്ചുകളാണ് ഉള്ളത്. ജില്ലാപ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാകട്ടെ 4800 ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. ഇവയെക്കൂടി ജനങ്ങള്‍ക്കു സമാശ്വാസം നല്‍കാന്‍ അണിനിരത്തിയാല്‍ പ്രതിസന്ധി എത്രയോ ലഘൂകരിക്കാന്‍ കഴിയും. എന്നാല്‍ ഇങ്ങനെയല്ല റിസര്‍വ്വ് ബാങ്കിന്റെ ചിന്ത.

ഇടപാടുകാര്‍ക്കു തങ്ങളുടെ അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവാദമുണ്ട്. പക്ഷേ പ്രാഥമികസഹകരണബാങ്കുകള്‍ തങ്ങളുടെ 80,000 കോടിരൂപ നിക്ഷേപത്തില്‍ 2,400 കോടിയോളം രൂപ മാത്രമാണ് ക്യാഷായി സൂക്ഷിക്കുന്നത്. വായ്പ നല്കിക്കഴിഞ്ഞു വരുന്ന ബാക്കി പണം ജില്ലാസഹകരണബാങ്കിലാണ് മുഖ്യമായി നിക്ഷേപിക്കുക. മറ്റു വാണിജ്യബാങ്കുകളിലും നിക്ഷേപിക്കാറുണ്ട്.

ഇതു പിന്‍വലിക്കാന്‍ പ്രാഥമികസംഘങ്ങള്‍ക്കു കഴിഞ്ഞാലേ അവിടെനിന്നു പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന ഇടപാടുകാര്‍ക്കു പണം നല്‍കാന്‍ കഴിയൂ. പക്ഷേ റിസര്‍വ്വ് ബാങ്ക് പറയുന്നത് മറ്റു ബാങ്കുകളില്‍നിന്ന് 24,000 രൂപ വീതമേ സഹകരണബാങ്കുകള്‍ക്കു പിന്‍വലിക്കാന്‍ കഴിയൂ എന്നാണ്. അപ്പോള്‍പ്പിന്നെ ഇടപാടുകാര്‍ക്കു പണം നല്‍കാന്‍ എന്തു ചെയ്യും?

അവര്‍ക്കു പണം അത്യന്താപേക്ഷിതമാണെങ്കില്‍ സഹകരണബാങ്കുകളിലെ പണം ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ആയോ ബാങ്കുകളിലേക്കു മാറ്റി അവിടെനിന്നു പിന്‍വലിക്കാമല്ലോ എന്നാണ് വാണിജ്യബാങ്കുകളുടെയും റിസര്‍വ്വ് ബാങ്കിന്റെയും ചിന്ത. അതോടെ കേരളത്തിലെ പ്രാഥമികസഹകരണബാങ്കുകള്‍ എന്ന തലവേദന റിസര്‍വ്വ് ബാങ്കിന് ഒഴിഞ്ഞുകിട്ടും.

ഇതിന്റെ പശ്ചാത്തലം, കേരളവികസനത്തിന്റെയും കാര്‍ഷികഗ്രാമീണവ്യവസ്ഥയുടെയും കൈത്താങ്ങായ സഹകരണമേഖലയെ തകര്‍ക്കുന്ന വൈദ്യനാഥന്‍ കമ്മീഷന്‍ പരിഷ്‌കാരങ്ങള്‍ സ്വീകരിക്കാന്‍ കേരളം വിസമ്മതിച്ചതാണ്. യുഡിഎഫ്എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരേ സമീപനമാണു കൈക്കൊണ്ടത്. അതുകൊണ്ട് പ്രാഥമികസഹകരണബാങ്കുകള്‍ ചില ഭേദഗതികളോടെ പഴയതുപോലെ തുടരുകയാണ്.

എന്നാല്‍, തങ്ങളുടെ ലക്ഷ്യം പ്രാഥമികസഹകരണബാങ്കുകളെ തകര്‍ത്തുകൊണ്ടു നേടാന്‍ ഇന്നത്തെ പ്രതിസന്ധി ഒരു അവസരമാക്കുകയാണ് തല്പരകക്ഷികളെല്ലാം. ഇതില്‍ അഞ്ചാംപത്തി പണിയാണ് കേരളത്തിലെ ബിജെപി സ്വീകരിക്കുന്നത്. ഇതിനെതിരെ കേരളീയര്‍ വലിയ പ്രക്ഷോഭത്തിനു തയ്യാറെടുക്കേണ്ടിവരും.

Read more topics: thomas isaac, bjp, kerala
English summary
thomas isaac against bjp kerala
topbanner

More News from this section

Subscribe by Email