Wednesday November 21st, 2018 - 8:02:pm
topbanner

24000 രൂപവീതമെങ്കിലും പിൻവലിക്കാൻ പണം എത്തിച്ചേതീരൂ: ധനമന്ത്രി

NewsDesk
24000 രൂപവീതമെങ്കിലും പിൻവലിക്കാൻ പണം എത്തിച്ചേതീരൂ: ധനമന്ത്രി

ശമ്പളവും പെൻഷനും 24000 രൂപവീതമെങ്കിലും വിതരണം ചെയ്യാനുള്ള പണം ശമ്പളദിവസങ്ങളിൽ റിസർവ്വ് ബാങ്ക് കൃത്യമായി എത്തിച്ചേതീരൂ എന്ന് ധനമന്ത്രി ഡോ: റ്റി.എം. തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ആദ്യദിവസമായ ഇന്നലത്തെ വിതരണത്തിനു രാവിലേ തരാമെന്നു സമ്മതിച്ച പണത്തിന്റെ പകുതിയോളമേ ഉച്ചയായിട്ടും ട്രഷറികളിൽ എത്തിച്ചിരുന്നുള്ളൂ.

നാട്ടിൻപുറങ്ങളിലുള്ള 42 ട്രഷറികളിൽ 11 30 വരെയും ഒറ്റപ്പൈസ എത്തിക്കാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ഒരുമണി ആകുമ്പോഴും 22 ട്രഷറികളിൽ പണം എത്താനുണ്ട്. ഇതാണു സ്ഥിതിയെങ്കിൽ ഇന്നും നാളെയുമൊക്കെ ഉണ്ടാകാൻ പോകുന്ന സാഹചര്യത്തെപ്പറ്റി ഉത്ക്കണ്ഠയുണ്ടെന്നും അതു മറച്ചുവയ്ക്കുന്നില്ലെന്നും ധനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ ദിവസങ്ങളിൽ കൂടുതൽ പണം എത്തിച്ചേ പറ്റൂ.

റിസർവ്വ് ബാങ്കും വാണിജ്യബാങ്ക് അധികൃതരും 30നു നടന്ന ചർച്ചയിൽ സമ്മതിച്ചത് ഒന്നാം തീയതി രാവിലെ ട്രഷറിക്ക് 500 കോടി രൂപ നോട്ടായി നൽകാമെന്നാണ്. എന്നാൽ, നോട്ടുദൗർലഭ്യത്തിന്റെ പേരിൽ അധികൃതർ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്നു നടന്ന ചർച്ചയിൽ, ആദ്യദിവസം അന്നത്തെ ആവശ്യത്തിനുള്ള രൂപ എത്തിച്ചുകൊള്ളാം എന്നു സമ്മതിച്ചു. എന്നാൽ, ആവശ്യമായ 160 കോടിരൂപയിൽ ഉച്ചയ്ക്ക് ഒരുമണിവരെ കിട്ടിയത് കേവലം 89 കോടി രൂപയാണ്. ഇതിൽ 75 കോടി മാത്രമാണ് 11 30 വരെ ലഭിച്ചത്.

ആവശ്യമുള്ള മുഴുവൻ പണവും ലഭിച്ചത് വളരെ കുറച്ചു ട്രഷറികളിലാണ്. പല ട്രഷറിയിലും കൂടുതൽ പണം വന്നില്ലെങ്കിൽ 24,000 വച്ചുകൊടുക്കാൻ പറ്റാതെവരും. 24,000 രൂപ ഓരോരുത്തരുടെയും അവകാശമാണ്. അതു നിഷേധിക്കാൻ സർക്കാരിനാവില്ല. കൂടുതൽ നോട്ടുകൾ തന്നേതീരൂ എന്ന് മന്ത്രി പറഞ്ഞു.

ബാങ്കുകളിലാകട്ടെ, പലയിടത്തും ആവശ്യത്തിനു നോട്ടില്ലാത്തതിനാൽ പ്രശ്നങ്ങളുണ്ട്. ബാങ്കുകളിൽ അക്കൗണ്ടുള്ള സ്വകാര്യമേഖലയിലെ ശമ്പളക്കാരുടെ കാര്യമാണു കഷ്ടം. അവരിൽ പലർക്കും പണം പിൻവലിക്കാൻ പറ്റുന്നില്ല. സർക്കാർ ജീവനക്കാർക്കു ലഭിക്കുന്ന സേവനം പോലും ബാങ്കുകൾ അവർക്കു നൽകുന്നില്ല.

ജീവനക്കാർക്കും പെൻഷൻകാർക്കും അക്കൗണ്ടുള്ള ട്രഷറിയിൽ പണം ഇല്ലെങ്കിൽ പണമുള്ള ഏതു ട്രഷറിയിൽനിന്നും ചെക്കു നൽകി 24000 രൂപവരെ പിൻവലിക്കാം. ബാങ്കുകളിലെപ്പോലെ ട്രഷറികളിലും ഇപ്പോൾ കോർബാങ്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ചെക്കു നൽകി പണം പിൻവലിക്കാൻ മുമ്പത്തെപ്പോലെ സ്വന്തം അക്കൗണ്ടുള്ള ശാഖയിൽത്തന്നെ പോകണമെന്നില്ലെന്ന് മന്ത്രി വിശദീകരിച്ചു. അടുത്തുള്ള ഏതു ട്രഷറിശാഖയിൽ പണമുണ്ട് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞുകൊടുക്കും.

ബില്ലു പാസാക്കിയാൽ റിസർവ്വ് ബാങ്കിന്റെ നടപടിക്രമം അനുസരിച്ച് ബാങ്ക് അക്കൗണ്ടിൽ പണം എത്താൻ മൂന്നുമണിക്കൂർ വരെ സമയം എടുക്കാം. അതിനുമുമ്പ് ബാങ്കിൽ ചെന്ന് അന്വേഷിക്കുമ്പോൾ ബില്ലു പാസായി പണം അക്കൗണ്ടിൽ വന്നില്ല എന്നു കേട്ടാൽ ആശങ്കപ്പെടേണ്ടതില്ല. അതിനുള്ള സാവകാശം കണക്കാക്കി ബാങ്കിലും ട്രഷറിയിലും പോയാൽ മതിയാകും.

തോട്ടം തൊഴിലാളികളുടെ കാര്യത്തിൽ വേതനത്തിനുള്ള തുക തൊഴിലുടമ കളക്ടറുടെ അക്കൗണ്ടിൽ നൽകിയാൽ കറൻസി തരപ്പെടുത്തി നൽകാനുള്ള ശ്രമം കളക്ടർ നടത്തും. സംഘടിതമേഖലയിലെ ശമ്പളം മുഴുവൻ കൊടുക്കാൻ പോയിട്ട് 24000 വീതം കൊടുക്കാൻപോലും നോട്ടില്ല. മറ്റെല്ലാ മേഖലയെയും ഇതു ബാധിക്കും.

പണം എത്തും എന്ന ഉറപ്പ് അധികൃതർ നൽകിയിട്ടുള്ളതിനാൽ 24,000 രൂപ ആവശ്യപ്പെടുന്ന ആർക്കും അത്രയും തുകതന്നെ നൽകും. കേന്ദ്രം ഉറപ്പു നൽകിയിട്ടുള്ള അവകാശമാണ് 24,000 രൂപ. അതിനാൽ, ട്രഷറിയിൽ കിട്ടിയ പണത്തിലെ കുറവു പരിഗണിച്ച് ട്രഷറിയുദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് തീരുമാനിച്ച് ആരുടെയും തുകയിൽ കുറവു വരുത്താൻ പാടില്ലെന്ന് കർശനനിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ നടപടി ജനങ്ങളിൽ ആശങ്കയും ഭീതിയും വളർത്താൻ സാദ്ധ്യതയുള്ളതാകയാൽ ആ ആശങ്കകൾ ലഘൂകരിക്കാനുള്ള നടപടികളാണ് തുടക്കം മുതലേ കേരളസർക്കാർ സ്വീകരിച്ചുവരുന്നതെന്നും അതിനാണ് ഇത്തരം വിശദാംശങ്ങൾ പങ്കുവയ്ക്കുന്നതെന്നും തോമസ്  ഐസക്ക് പറഞ്ഞു.

ശമ്പളം, പെൻഷൻ വിതരണം: ചില വിശദാംശങ്ങൾകൂടി

കേന്ദ്രം എത്തിച്ച 111 കോടിയും ട്രഷറിയിൽ ഉണ്ടായിരുന്ന തലേന്നു സൂക്ഷിച്ച മിച്ചവും (cash balance) ചേർത്ത് മൊത്തം വിതരണം ചെയ്തത് 122 കോടിരൂപ. ഇനി ട്രഷറിയിൽ മിച്ചമുള്ളത് കേവലം 12 കോടി രൂപമാത്രമാണ്. ട്രഷറികൾക്കുമാത്രം 250-300 കോടി രൂപ കിട്ടിയാലേ നാളത്തെ (ഡിസംബർ 2) ശമ്പളവും പെൻഷനും വിതരണം ചെയ്യാനാവൂ.

 ആകെ 4.35 ലക്ഷം പെൻഷൻകാരിൽ 59,000 പേർക്കു മാത്രമാണ് ഇന്നു പെൻഷൻ നൽകാൻ കഴിഞ്ഞത്. ഇന്നു വാങ്ങിയവരിൽ ഭൂരിപക്ഷവും ചെറിയ പെൻഷൻ ഉള്ളവരാണ്. വലിയ തുക പെൻഷൻ കിട്ടുന്നവർ അടുത്തദിവസങ്ങളിലാണു വരിക.

Read more topics: thomas isaac, salary, treasury
English summary
thomas isaac about salary treasury
topbanner

More News from this section

Subscribe by Email