Saturday July 20th, 2019 - 10:51:am
topbanner
topbanner

പള്ളിക്കൽ ആറിന്റെ തീരങ്ങൾ സർവേ ചെയ്ത് കൈയേറ്റങ്ങൾ ഒഴിപ്പിക്കും : മന്ത്രി തോമസ് എെസക്

NewsDesk
പള്ളിക്കൽ ആറിന്റെ തീരങ്ങൾ സർവേ ചെയ്ത്  കൈയേറ്റങ്ങൾ ഒഴിപ്പിക്കും : മന്ത്രി തോമസ് എെസക്

പള്ളിക്കൽ ആറിനെ പുനരുജ്ജീവിപ്പിക്കുന്നതിന് ആറിന്റെ തീരങ്ങളിലെ കൈയേറ്റങ്ങൾ സർവെ ചെയ്ത് ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് എെസക് പറഞ്ഞു. നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി പള്ളിക്കൽ ആറിന്റെ പുനരുജ്ജീവനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തെങ്ങമം മണമ്പുറത്ത് ചേർന്ന ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈയേറ്റങ്ങൾ സർവേ ചെയ്ത് രേഖകൾ തയാറാക്കുന്നതിന് മന്ത്രി എഡിഎമ്മിനെ ചുമതലപ്പെടുത്തി. ജനപങ്കാളിത്തത്തോടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികളായിരിക്കും സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇറിഗേഷൻ വകുപ്പ് തന്നെ പല സ്ഥലങ്ങളിലും കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ആറിന്റെ വശങ്ങൾ കെട്ടിനൽകിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ വകുപ്പ് തന്നെ മുൻകാലങ്ങളിൽ ചെയ്ത ഇൗ തെറ്റായ പ്രവൃത്തി പള്ളിക്കൽ ആറിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമായതായും തെറ്റുകൾ തിരുത്തേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു കാലത്ത് പലസ്ഥലങ്ങളിലും 20 മീറ്റർ വരെ വീതിയുണ്ടായിരുന്ന ആറിന് ഇപ്പോൾ പലയിടത്തും ഏതാനും മീറ്റർ വീതി മാത്രമാണുള്ളത്. വ്യാപകമായ കൈയേറ്റം മൂലമാണ് ഇങ്ങനെ സംഭവിച്ചത്. മറ്റൊരു വലിയ പ്രശ്നം ആറിന്റെ മലിനീകരണമാണ്. ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും വീടുകളിലെയും മലിനജലം പള്ളിക്കൽ ആറിലേക്ക് ഒഴുക്കിവിടുന്നത് ആറിന്റെ തീരങ്ങളിലുടനീളം കാണാൻ കഴിയും. ശുചിത്വ മിഷന്റെ സഹായത്തോടെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഹോട്ടലുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും സഹായം നൽകുന്നതോടൊപ്പം ജനങ്ങളുടെ ഇടയിൽ ഇതു സംബന്ധിച്ച അവബോധമുണ്ടാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. സ്ഥാപനങ്ങൾക്ക് മാലിന്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് വരുന്ന ചെലവുകൾ ശുചിത്വമിഷൻ വഹിക്കുന്ന കാര്യവും പരിഗണിക്കും. ആറിലെ നീരൊഴുക്ക് വേനൽക്കാലത്തും ഉറപ്പുവരുത്തുന്നതിന് ഏറ്റവും പ്രധാനം വൃഷ്ടിപ്രദേശങ്ങളുടെ പുനരുജ്ജീവനമാണ്. വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം അവിടെത്തന്നെ ഉൗർന്നിറങ്ങാൻ അവസരമുണ്ടാക്കിയാൽ മാത്രമേ വേനൽകാലത്തും നദികളിൽ ജലസമൃദ്ധിയുണ്ടാകൂ.

തൊഴിലുറപ്പു പദ്ധതിയെ ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി നാടിനെ പച്ചപ്പണിയിക്കുന്നതിനോടൊപ്പം ജലസമൃദ്ധിയും ഉറപ്പുവരുത്തുന്നതിനുള്ള കർമപദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. മുൻപ് ചെയ്തിരുന്നതുപോലെ തൊഴിലുറപ്പ് എന്നാൽ പുല്ലുവെട്ട് എന്ന രീതിയിലേക്ക് മാറ്റാൻ അനുവദിക്കില്ല. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടായിരിക്കും തൊഴിലുറപ്പ് പദ്ധതിയിൻകീഴിലുള്ള ലേബർ ബജറ്റുകൾ തയാറാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങൾ തങ്ങളുടെ അധികാര അതിർത്തിയിലുള്ള കൈത്തോടുകളുടെയും കുളങ്ങളുടെയും പട്ടിക തയാറാക്കി ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. മണ്ണൊലിപ്പ് തടയുന്നതിന് കയർ ഭൂവസ്ത്രം വിരിക്കുന്നതിനുള്ള നടപടികളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

എല്ലാ പഞ്ചായത്തുകളും നീർത്തട പ്ലാനുകൾ തയാറാക്കുന്നതോടൊപ്പം ജലസംരക്ഷണത്തെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തണം. സർക്കാർ അധികാരമേറ്റ് ഒരു വർഷം കൊണ്ട് അൻപതിനായിരം കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ പണത്തിന്റെ ലഭ്യതയെക്കുറിച്ച് ആശങ്കവേണ്ടന്നും മന്ത്രി പറഞ്ഞു.

ഒരുവശത്ത് പണം മുടക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ മറുവശത്ത് ജനങ്ങളെ അണിനിരത്തിയുള്ള ഹരിതകേരളം പോലെയുള്ള പദ്ധതികളിലൂടെ നഷ്ടപ്പെട്ട പ്രകൃതി വിഭവങ്ങളെ വീണ്ടെടുക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. ചില കാര്യങ്ങളിൽ പഠനങ്ങൾ ആവശ്യമുള്ളതിനാലാണ് വിവിധ മിഷനുകൾ സർക്കാർ രൂപീകരിച്ചിട്ടുള്ളത്.

ഒാരോ മേഖലയിലും ആവശ്യമായ പഠനം നടത്തി നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മിഷനുകൾ ആവശ്യമായ ഉപദേശങ്ങൾ നൽകും. കേരളത്തിന്റെ പലഭാഗങ്ങളും മരുഭൂമിയാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന ഒരു കാലഘട്ടത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചും ജലസംരക്ഷണം ഉറപ്പാക്കിയും സ്വാഭാവിക ആവാസവ്യവസ്ഥ നിലനിർത്തുവാനുള്ള സർക്കാരിന്റെ യത്നങ്ങളിൽ എല്ലാവരുടേയും സഹകരണമുണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. പള്ളിക്കൽ ആറിന്റെ സംരക്ഷണം സംബന്ധിച്ച് പ്രദേശവാസികളിലും വിദ്യാർഥികളിലും അവബോധം ഉണ്ടാക്കുന്നതിന് ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി വിവിധ സ്കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പള്ളിക്കൽ ആറിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട മെഗാ ക്വിസ് മത്സരം നടത്താനും മന്ത്രി നിർദേശിച്ചു.

അടൂർ, കുന്നത്തൂർ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പള്ളിക്കൽ ആറിന്റെ പുനരുജ്ജീവനം ഒരുജനതയുടെ ചിരകാല അഭിലാഷത്തിന്റെ പൂർത്തീകരണമാണ്. ജലദൗർലഭ്യവും കുടിവെള്ള ക്ഷാമവും രൂക്ഷമായ സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് പള്ളിക്കൽ ആറിന്റെ തീരവാസികൾ പദ്ധതിയെ നോക്കികാണുന്നത്. പള്ളിക്കൽ ആറിനെ അതിന്റെ ഗതകാല പ്രൗഡിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടാകുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.

ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ പുനരുജ്ജീവനത്തിന് ബജറ്റിൽ തുക അനുവദിച്ചതുപോലെ വിപ്ലവകരമായ മറ്റൊരു ചുവടുവയ്പാണ് പള്ളിക്കൽ ആറിന്റെ പുനരുജ്ജീവന പദ്ധതി എന്നും നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഉൗർജം പകരുന്ന ഇൗ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന് ഒരു ഉദാത്ത ഉദാഹരണമായി മാറുമെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ പറഞ്ഞു.

പള്ളിക്കൽ ആറിന്റെ തീരങ്ങളിലെ കൈയേറ്റങ്ങൾ സർവെ ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം അടിയന്തിരമായി ആരംഭിക്കുമെന്ന് യോഗത്തിൽ സംസാരിച്ച ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അനു എസ്.നായർ പറഞ്ഞു. തുടർന്ന് പള്ളിക്കൽ ആറിന്റെ സംരക്ഷണം സംബന്ധിച്ച് രാഷ്ട്രീയ നേതാക്കളുടേയും സാമൂഹ്യ പ്രവർത്തകരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും വിദ്യാർഥികളുടേയും നിർദേശങ്ങൾ മന്ത്രി ശ്രവിച്ചു. സഹ്യപർവതം പൊട്ടിച്ച് കരിങ്കല്ലുകൊണ്ടുവന്ന് കൽക്കെട്ട് നിർമിച്ച് ആറിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന സംസ്കാരം നാം അവസാനിപ്പിക്കണമെന്നും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള തനതു സംരക്ഷണ പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തേണ്ടതെന്നും യോഗത്തിൽ സംസാരിച്ച സി.പി.എെ ജില്ലാ സെക്രട്ടറി എ.പി ജയൻ പറഞ്ഞു. ജലസംരക്ഷണത്തെക്കുറിച്ച് ഒരു പുതിയ അവബോധം ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ നദികളുടെ പുനരുജ്ജീവനം പോലെയുള്ള ഇത്തരം പ്രവർത്തനങ്ങൾ വിജയപ്രദമായിരിക്കുമെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവശങ്കരപ്പിള്ള പറഞ്ഞു.

പള്ളിക്കൽ ആറിന്റെ തീരത്തെ ഒരു കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാലുവർഷം താൻ നടത്തിയ ശ്രമങ്ങൾ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.കെ ഗോപൻ വിവരിച്ചു. ഒരേക്കർ സ്ഥലത്തെ കൈയ്യേറ്റം ഒഴിപ്പിച്ചെടുത്തെങ്കിലും റവന്യു വകുപ്പിന്റെ അലംഭാവംമൂലം വീണ്ടും കൈയേറുന്ന അവസ്ഥയുണ്ടായതായും സർക്കാർ വകുപ്പുകളുടെ ഭാഗത്തുനിന്ന് ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ ഉണ്ടായാൽ മാത്രമേ കൈയേറ്റം അവസാനിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

പള്ളിക്കൽ ആറ് ശുഷ്കമായിക്കൊണ്ടിരിക്കുകയാണെന്നും അമിതമായി മാലിന്യങ്ങൾ നിറഞ്ഞതുമൂലം കോളിഫോം ബാക്ടീരിയയുടെ അളവ് കൂടി ഉപയോഗ ശൂന്യമായ ജലമാണ് ഇപ്പോൾ പള്ളിക്കൽ ആറിലേതെന്നതും ഏറെ ആശങ്കാജനകമാണെന്നും ഇൗ ദുസ്ഥിതിയിൽ നിന്നും ആറിനെ സംരക്ഷിക്കുക വരുംതലമുറയ്ക്ക് വേണ്ടി നാം ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കർത്തവ്യമാണെന്നും പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ബി ഹർഷകുമാർ പറഞ്ഞു.

നവകേരള പദ്ധതിയുടെ ഭാഗമായി ജലസ്രോതസുകൾ സംരക്ഷിക്കാൻ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയിൻകീഴിലാണ് പള്ളിക്കൽ ആറിന്റെ പുനരുജ്ജീവനവും ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ഏഴംകുളം, കൊടുമൺ, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് പഞ്ചായത്തുകളിലൂടെയും അടൂർ മുനിസിപ്പാലിറ്റിയിലൂടെയും കടന്നുപോകുന്ന പള്ളിക്കൽ ആറിന്റെ പതന സ്ഥലം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വട്ടക്കായൽ പ്രദേശമാണ്.

ആറിന്റെ ഉത്ഭവ സ്ഥാനമായ കളരിത്തറക്കുന്ന് മുതൽ പതനസ്ഥലമായ വട്ടക്കായൽ വരെയുള്ള നീരൊഴുക്ക് സുഗമമാക്കുക, തീരങ്ങൾ ഹരിതാഭമാക്കുക, ആറിനെ മാലിന്യമുക്തമാക്കുക, കാർഷിക മേഖലയ്ക്ക് ഉണർവേകുക, കൈയേറ്റങ്ങൾ തടയുക തുടങ്ങിയ പ്രവർത്തനങ്ങൾ ജനകീയ കൂട്ടായ്മയിലൂടെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക വിവിധ വകുപ്പുകൾ ചേർന്ന് കണ്ടെത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇതു സംബന്ധിച്ച് നടന്ന പ്രഥമ ജനകീയ കൂട്ടായ്മയിൽ ഉരിത്തിരിഞ്ഞുവന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ റീസർവേ നടത്തി കൈയേറ്റങ്ങൾ ഒഴിപ്പിക്കുക, ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ പള്ളിക്കൽ ആറിനെ പൂർണമായും മാലിന്യമുക്തമാക്കുന്നതിനുള്ള ബൃഹദ് പദ്ധതി തയാറാക്കുക, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ വിശദമായ നീർത്തട പ്ലാൻ തയാറാക്കുക, തോടുകളുടെ പുനരുജ്ജീവനത്തിനും വൃഷ്ടിപ്രദേശങ്ങളിലെ ജലസംഭരണശേഷി വർപ്പിക്കുന്നതിനുള്ള നടപടികൾ ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി ആരംഭിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൻകീഴിലുള്ള തൊഴിലാളികളെ പള്ളിക്കൽ ആറിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ പങ്കാളികളാക്കുക തുടങ്ങിയ നിർദേശങ്ങൾ അംഗീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തു.

യോഗത്തിൽ അടൂർ നഗരസഭാ ചെയർപേഴ്സൺ ഷൈനി ജോസ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജൻ, വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.മുരുകേഷ്, ബി.സതികുമാരി, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി, ഏഴംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണൻ, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജീഷ് കുമാർ, അടൂർ ആർ.ഡി.ഒ ആർ.രഘു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഒാർഡിനേറ്റർ എസ്.സാബിർ ഹുസൈൻ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.ജി രാജൻ ബാബു, സി.പി.എെ എം ജില്ലാ സെക്രട്ടറി ഉദയഭാനു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: thomas isaac, pathanamthitta,
English summary
thomas isaac about pallikkalar pathanamthitta
topbanner

More News from this section

Subscribe by Email