Wednesday December 19th, 2018 - 4:58:am
topbanner

മലയാളികൾ സാംസ്കാരിക ഉപഭോഗ സംസ്കാരത്തിലേക്ക് മാറണം: മന്ത്രി തോമസ് എെസക്ക്

NewsDesk
മലയാളികൾ സാംസ്കാരിക ഉപഭോഗ സംസ്കാരത്തിലേക്ക്  മാറണം: മന്ത്രി തോമസ് എെസക്ക്

വലിയ വീടുകൾ പണിയാനും ആവശ്യത്തിലേറെ ഭക്ഷണത്തിനും പണം ചെലവഴിക്കുന്ന മലയാളികൾ സാംസ്കാരിക ഉപഭോഗത്തിലേക്ക് മാറണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് എെസക്ക് പറഞ്ഞു. പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയുടെ സമാപന ചടങ്ങ് കൈരളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ഉപഭോഗത്തിലേക്ക് മാറുന്നതിനുളള പിന്തുണ സർക്കാർ നൽകും. നല്ല സംഗീതം ആസ്വദിക്കാനും സിനിമകൾ കാണാനും പണം ചെലവഴിക്കണം. കേരളത്തിലെ സാംസ്കാരിക സൗകര്യങ്ങൾ ഇതിനായി മെച്ചപ്പെടണം. എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

സാംസ്കാരിക രംഗത്ത് നടപ്പാക്കാൻ കഴിയുന്ന നൂതന ആശയങ്ങൾ എഴുതി അയച്ചു നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിവിധ മേഖലയിലുളള കലാകാരൻമാർക്ക് പ്രതിമാസം സർക്കാർ നിശ്ചിത തുക നൽകുന്നത് പരിഗണിയ്ക്കാം. ഇവർ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുവാക്കൾക്കിടയിലുമെത്തി കലയെ പരിപോഷിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈകൊളളണം. ചലച്ചിത്ര അക്കാദമി നിശ്ചയിക്കുന്ന ഡോക്യുമെന്ററികൾക്ക് സബ്സിഡി നൽകുന്നതും പരിഗണിക്കും. മികച്ച ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും പാക്കേജ് അക്കാദമി തയ്യാറാക്കി തിയേറ്ററുകളിൽ പ്രദർശിപ്പിക്കണം. മേളകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഒാൺലൈൻ മേള നടത്തുന്നത് അക്കാദമി പരിഗണിക്കണം.

ഇൗ സർക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഫിലിം ഫെസ്റ്റിവൽ സമുച്ചയം യാഥാർത്ഥ്യമാക്കും. ഇത്തരം മേളകളെ സംസ്ഥാന സർക്കാർ എല്ലാവിധത്തിലും പിന്തുണയ്ക്കും. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച ഇൗ കാലത്ത് ഭരണകൂടങ്ങൾ ചിത്രങ്ങൾ നിരോധിച്ചാലും ജനങ്ങളിലേക്ക് അവ എത്തും. ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവർ നിസഹായരാണെന്ന് വരുത്തിതീർക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. മികച്ച ചിത്രങ്ങൾ വീണ്ടുമൊരുക്കി ഇത്തരം പ്രതിരോധങ്ങളെ നേരിടണമെന്ന് മന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കുമുളള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.

മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചലച്ചിത്രകാരൻ കെ.പി. കുമാരൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു , ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, സെക്രട്ടറി മഹേഷ് പഞ്ചു, ഫിക്ഷൻ ജ്യൂറി ചെയർ പേഴ്സൺ റിതു സരിൻ, ലോംങ്ങ് ഡോക്യുമെന്ററി ജൂറി ചെയർമാൻ ആൻഡ്രൂ വെയിൽ എന്നിവർ പങ്കെടുത്തു.

Read more topics: thomas isaac, malayali,
English summary
thomas isaac about malayali attitude
topbanner

More News from this section

Subscribe by Email