Friday September 21st, 2018 - 8:18:pm
topbanner

60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍; മാസംതോറും 100 രൂപ കൂട്ടും: ധനമന്ത്രി

NewsDesk
60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍; മാസംതോറും 100 രൂപ കൂട്ടും: ധനമന്ത്രി

അര്‍ഹരായ ആര്‍ക്കും ക്ഷേമപ്പെന്‍ഷന്‍ നഷ്ടമാവില്ലെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അര്‍ഹരായ ആര്‍ക്കെങ്കിലും ഇപ്പോള്‍ കിട്ടാതെവന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കു മുന്‍കാലപ്രാബല്യത്തോടെ അതു നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇതേച്ചൊല്ലി ആര്‍ക്കും പരിഭ്രാന്തി വേണ്ട. 'ഏതെങ്കിലുമൊരു പെന്‍ഷന്‍ ഉറപ്പാക്കി അറുപതു കഴിഞ്ഞ എല്ലാവരെയും സാമൂഹികസുരക്ഷാവലയില്‍ കണ്ണിചേര്‍ക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യം. ആയിരം രൂപയായി വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വര്‍ഷംതോറും നൂറു രൂപവീതം ഉയര്‍ത്തുകയും ചെയ്യും.' അദ്ദേഹം വിശദീകരിച്ചു.

രണ്ടുതരം ക്ഷേമപ്പെന്‍ഷനുകളാണു സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന വയോജന, വിധവ, വികലാംഗ, കര്‍ഷകത്തൊഴിലാളി പെന്‍ഷനുകളാണ് ഒന്ന്. ഇത്തരം പെന്‍ഷന്‍ വാങ്ങുന്നവര്‍ ഇന്ന് 39.24 ലക്ഷം പേരാണ്. കെട്ടിടനിര്‍മ്മാണം, കയര്‍, മത്സ്യം, ആര്‍ട്ടിസാന്‍ തുടങ്ങിയ രംഗങ്ങളിലെ തൊഴിലാളികള്‍ക്കായി അതതു ക്ഷേമനിധികളില്‍നിന്നു നല്‍കുന്ന പെന്‍ഷനാണു രണ്ടാമത്തേത്. ഇതു വാങ്ങുന്നവര്‍ 10.3 ലക്ഷം പേരും. മൊത്തം 49.5 ലക്ഷം പേര്‍.

എന്നാല്‍, കേരളത്തില്‍ 60 വയസു കഴിഞ്ഞവര്‍ ആകെ 43 ലക്ഷമേ ഉള്ളൂ. ഇവരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആദായനികുതി നല്‍കുന്നവര്‍, ഒരു ഹെക്ടറില്‍ കൂടുതല്‍ ഭുമിയുള്ളവര്‍ തുടങ്ങിയവര്‍ നിയമപ്രകാരം ക്ഷേമപ്പെന്‍ഷന് അര്‍ഹരല്ല. ഇവരെക്കൂടി മാറ്റിയാല്‍ അര്‍ഹതയുള്ളവരുടെ എണ്ണം 35 ലക്ഷത്തോളമേ വരൂ. ഇതിനേക്കാള്‍ 14 ലക്ഷം കൂടുതല്‍ പേര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട് എന്നര്‍ത്ഥം. പലരും ഒന്നിലേറെ പെന്‍ഷനുകള്‍ വാങ്ങുന്നുമുണ്ട്.

ഇതില്‍ അനര്‍ഹരെയും ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവരെയും ഒഴിവാക്കി കൃത്യത വരുത്തിയാലേ അര്‍ഹരായ ബാക്കിയുള്ളവരെ കണ്ടെത്തി അവര്‍ക്കുകൂടി പെന്‍ഷന്‍ നല്‍കി സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും പെന്‍ഷന്‍തുക വര്‍ദ്ധിപ്പിക്കുവാനും കഴിയൂ എന്നു ധനമന്ത്രി വ്യക്തമാക്കി. ഇതനുസരിച്ചുള്ള പരിശോധനകള്‍ നടന്നു വരികയാണ്. പല ഏജന്‍സികള്‍ നല്‍കിവരുന്ന പെന്‍ഷനുകള്‍ പൊതു വിവരസഞ്ചയത്തില്‍ ആക്കുകയാണിപ്പോള്‍. ഇതു പൂര്‍ത്തിയായാല്‍ മാസാമാസം കൃത്യമായി പെന്‍ഷന്‍ നല്‍കാനാകും.

അനര്‍ഹരെ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കഴിഞ്ഞ ഓണകാലത്തു പ്രഖ്യാപിച്ചതാണ്. വികലാംഗപ്പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മറ്റൊരു ക്ഷേമപ്പെന്‍ഷനുകൂടി അര്‍ഹതയുണ്ടെങ്കില്‍ അതു വാങ്ങുന്നതിനു തടസമില്ല. തൊഴിലാളികള്‍ അംശദായം അടയ്ക്കുന്ന ക്ഷേമനിധികള്‍ സ്വന്തം ഫണ്ടില്‍നിന്നു പൂര്‍ണ്ണമായും നല്‍കുന്ന പെന്‍ഷന്‍ കിട്ടുന്നവര്‍ക്കും ഈ ഇളവുണ്ട്. നിലവില്‍ ക്ഷേമപ്പെന്‍ഷനു പുറമെ ഏതെങ്കിലുമൊരു കേന്ദ്രപെന്‍ഷന്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സംസ്ഥാനപെന്‍ഷനു പുറമെ കേന്ദ്രപെന്‍ഷനിലെ കേന്ദ്രവിഹിതം തുടര്‍ന്നും ലഭിക്കും. മറ്റെല്ലാവര്‍ക്കും ഒരു പെന്‍ഷനു മാത്രമേ അര്‍ഹത ഉണ്ടാവൂ.

സംസ്ഥാനസര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന 39.24 ലക്ഷം പെന്‍ഷന്‍കാരില്‍ 33.59 ലക്ഷം പേരുടെ പെന്‍ഷന്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ചു വിതരണം നടത്തിവരികയാണ്. ബാക്കിയുള്ളവരുടെയെല്ലാം റദ്ദാക്കി എന്ന പത്രവാര്‍ത്ത തെറ്റാണ്. ഇവരില്‍ 4.35 ലക്ഷം പേര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടില്ല. ഇവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കിയിട്ടില്ലെന്നേയുള്ളൂ. രേഖകള്‍ ഹാജരാക്കിയാല്‍ പരിശോധിച്ച് അര്‍ഹരാണെന്നു കണ്ടാല്‍ മുന്‍കാലപ്രാബല്യത്തോടെ പെന്‍ഷന്‍ നല്‍കും.

ഇതുവരെ പരിശോധിച്ചതില്‍ 82000 ഇരട്ടിപ്പുകള്‍ കണ്ടെത്തി. അനര്‍ഹരായി 27000 പേരെയാണു കണ്ടത്. ഇപിഎഫ് പെന്‍ഷന്‍കാര്‍ 22000 പേരുണ്ട്. ഇവര്‍ക്ക് തുടര്‍ന്നും ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനുള്ള തീരുമാനവും എടുക്കും. കൂടാതെ അര്‍ഹതയുള്ള ആരെങ്കിലും അബദ്ധത്തില്‍ ഒഴിവാക്കപ്പെട്ടാല്‍ അവര്‍ക്ക് അര്‍ഹത ചൂണ്ടിക്കാട്ടി ആക്ഷേപം നല്‍കാം. രേഖകള്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ ഭൗതികപരിശോധന നടത്താം. കൂടുതല്‍ പേരുണ്ടെങ്കില്‍ അദാലത്തുകളും ആലോചിക്കും.

തിരിച്ചറിയല്‍ രേഖയും ഒരു സത്യപ്രസ്താവനയുമാണ് രേഖകളായി ആശ്യപ്പെട്ടിട്ടുള്ളത്. കയര്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധികളാണു രേഖകള്‍ പൂര്‍ണ്ണമായി ഹാജരാക്കിയത്. ചില ബോര്‍ഡുകള്‍ ഭാഗികമായി നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കും. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പെന്‍ഷന്‍ വിപുലപ്പെടുത്തും.

'യുഡിഎഫ് കാലത്തെപ്പോലെ അഞ്ഞൂറോ അറുനൂറോ രൂപയാണെങ്കില്‍ രണ്ടു പെന്‍ഷന്‍ വേണമെങ്കിലും നല്‍കാം. പക്ഷേ, മാന്യമായ തുക നല്‍കുമ്പോള്‍ അതു പറ്റില്ല. കഴിഞ്ഞ ഓണത്തിന് 40,000 രൂപവരെ കിട്ടിയവരുണ്ട്. ഇത് ക്രമപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന മിച്ചം ലാഭമായി എടുക്കാനല്ല, കൂടുതല്‍പേര്‍ക്കു പെന്‍ഷന്‍ നല്‍കാനും പെന്‍ഷന്‍തുക കൂട്ടാനുമായാണ് ഉപയോഗിക്കുക.' തോമസ് ഐസക്ക് പറഞ്ഞു. കൂടുതല്‍ തുക പെന്‍ഷന്‍ വേണമെന്നുള്ളവര്‍ക്ക് പൂര്‍ണ്ണ സൗജന്യമല്ലാത്ത, കോണ്‍)ട്രിബ്യൂട്ടറി രീതിയിലുള്ള പെന്‍ഷന്‍ പദ്ധതി ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Read more topics: thomas isaac, pension
English summary
thomas isaac about above 60 years pension
topbanner

More News from this section

Subscribe by Email