Thursday February 21st, 2019 - 7:43:pm
topbanner

മാലിന്യ സംസ്‌കരണത്തിന് ജാബിര്‍ മോഡല്‍ പരിചയപ്പെടുത്തി തോമസ് ഐസക്

NewsDesk
മാലിന്യ സംസ്‌കരണത്തിന് ജാബിര്‍ മോഡല്‍ പരിചയപ്പെടുത്തി തോമസ് ഐസക്

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനായുള്ള പ്രവര്‍ത്തനം ജീവിതചര്യയാക്കി മാറ്റിയ സിപിഎം കേന്ദ്ര കമ്മറ്റി അംഗവും എംഎല്‍എയുമായ ഡോ. തോമസ് ഐസക് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സേവനം ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തി.

താമരശ്ശേരി സ്വദേശി ജാബിര്‍ അടുത്തകാലത്തായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളോടെയാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം കാണാം.


താമരശ്ശേരിക്കാരന്‍ ജാബിര്‍ കാരാട്ട് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് . പക്ഷേ പലരും ജാബിറിന് വട്ടാണെന്നാണ് പറയുന്നത്. കാരണം ഈ ബിരുദാനന്തര ബിരുദക്കാരന്‍ തൊഴിലായി സ്വീകരിച്ചിരിക്കുന്നത് ഗവേഷണമോ ഉദ്യോഗമോ അല്ല, മാലിന്യ സംസ്‌കരണമാണ്. ഇതുകൊണ്ട് ജീവിക്കാനുള്ള വക കിട്ടിയിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. അതുമില്ല. വട്ടെന്നല്ലാതെ എന്തുപറയാന്‍!

ഡല്‍ഹി പഠനം കഴിഞ്ഞ് ഗാന്ധി ഫെലോഷിപ്പ് നേടി മുംബെയിലെ അന്ധേരി ചേരിയില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് മാലിന്യ സംസ്‌കരണത്തിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞത്. അമീര്‍ഖാന്റെ ''സത്യമേവ ജയതേ'' എന്ന ടിവി പരമ്പരയില്‍ മാലിന്യം കമ്പോസ്റ്റാക്കുന്ന ഒരു സംരംഭകനെ കണ്ടു. സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പൊതുസേവകര്‍ കണ്ടെത്തുന്ന സഫലമായ പരിഹാരങ്ങളാണ് ഈ ടിവി പരമ്പരയുടെ പ്രമേയം. ഒന്നും വേസ്റ്റല്ല, സമ്പത്താക്കി മാറ്റാമെന്ന് ജാബിറിന് ബോധ്യപ്പെട്ടു . തുടര്‍ന്ന് കോയമ്പത്തൂരിനടുത്ത് വെല്ലൂര്‍ ശ്രീനിവാസന്റെ ശുചീകരണ തൊഴിലാളി സംഘത്തോടൊപ്പം പരിശീലിച്ചു.

നാട്ടില്‍ തിരിച്ചു വന്നിട്ട് പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ നോക്കി പരാജയപ്പെട്ടു . താമരശ്ശേരിക്കാര്‍ കാര്യങ്ങളെല്ലാം തലകുലുക്കി സമ്മതിക്കും. പക്ഷേ മാസംതോറും മാലിന്യം സംസ്‌കരിക്കുന്നതിന് ഒരു ചെറുഫീസ് കൊടുക്കാന്‍ സന്നദ്ധരല്ല. അതിലും എളുപ്പം വലിച്ചെറിയലാണ്. അങ്ങനെയാണ് വിവാഹം പോലുള്ള ആഘോഷങ്ങളുടെ മാലിന്യസംസ്‌കരണത്തിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞത്. ചെറിയൊരു ഫീസിന് ജാബിറിന്റെ ഗ്രീന്‍വേംസ് എന്ന സ്ഥാപനം ഇത്തരം വിശേഷങ്ങള്‍ പരിസര മലീനികരണം സൃഷ്ടിക്കാതിരിക്കുതിനുള്ള ഉപദേശങ്ങളും സഹായങ്ങളും നല്‍കും. സാമൂഹ്യ സംരംഭകന്‍ എന്നാണ് ജാബിര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

ആദ്യം ചെയ്യുന്നത് മാലിന്യം പരമാവധി കുറയ്ക്കാനാവും വിധം പേപ്പര്‍, പ്ലാസ്റ്റിക് തുടങ്ങി വലിച്ചെറിയുവയുടെ ഉപയോഗം കുറയ്ക്കാനുള്ള പ്ലാന്‍ തയ്യാറാക്കലാണ്. സ്റ്റീല്‍ അല്ലെങ്കില്‍ സെറാമിക് പ്ലേറ്റുകളും കപ്പുകളുമെല്ലാം വാടകയ്ക്ക് ലഭ്യമാക്കും. അവ കഴുകിയെടുക്കാന്‍ ടീമുമുണ്ട്. ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും അപ്പോള്‍തന്നെ ഇനം തിരിച്ച് ബിന്നുകളില്‍ ശേഖരിക്കുകയും റിസോഴ്‌സ് റിക്കവറി സെന്ററിലേയ്ക്ക് നീക്കം ചെയ്യും. ഭക്ഷണാവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കുകയാണ് പതിവ്.

കുന്നമംഗലത്ത് നടന്ന മര്‍ക്കസ് സമ്മേളനമായിരുന്നു ആദ്യത്തെ വമ്പന്‍ വെല്ലുവിളി. ഒര ലക്ഷത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്ത മൂന്ന് ദിവസത്തെ സമ്മേനമായിരുന്നു അത്. 25,000 രൂപയായിരുന്നു ഫീസ്. സമ്മേളനം കഴിഞ്ഞപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടൂ . ഇത്ര വൃത്തിയായി ഒരു മഹാസമ്മേളനം വിജയിപ്പിക്കുവാന്‍ കഴിയുമോ? തീര്‍ന്നില്ല. കമ്പോസ്റ്റ് വിറ്റപ്പോള്‍ കിട്ടിയ 16,000 രൂപ മര്‍ക്കസുകാര്‍ക്ക് തിരികെ കിട്ടി. മര്‍ക്കസിന്റെ യുവജന സമ്മേളനവും ജാബിര്‍ കരാറെടുത്തു. വിവാഹം തുടങ്ങിയ പരിപാടികള്‍ക്കും ഇപ്പോള്‍ ഓര്‍ഡര്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട് .

പക്ഷേ ലക്ഷങ്ങളും ചിലപ്പോള്‍ കോടികളും മുടക്കി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നവര്‍ക്ക് മാലിന്യ സംസ്‌കരണത്തിനായി കുറച്ചുപണം നീക്കിവയ്ക്കാന്‍ മടിയാണ്. സാമൂഹ്യ ഉത്തരവാദിത്തതോടെ നിങ്ങളുടെ ഒരു ആഘോഷം ധന്യമാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ജാബിറിനെ ബന്ധപ്പെടാം.
ഫോണ്‍ 9656363502

Viral News

English summary
thomas isaac's facebook post on waste management
topbanner

More News from this section

Subscribe by Email