Tuesday September 25th, 2018 - 8:49:am
topbanner

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപ സമ്മാനം

Aswani
ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപ സമ്മാനം

തിരുവനന്തപുരം: ഈ മണ്‍സൂണ്‍ സീസണില്‍ ലോകോത്തര നിലവാരത്തിലുള്ള ഒരു ടൂറിസം ഉത്പന്നമായി സംസ്ഥാന ടൂറിസം വകുപ്പ് “ചാമ്പ്യന്‍സ് ബോട്ട് ലീഗ്“ അവതരിപ്പിക്കുകയാണ്. തികച്ചും വ്യത്യസ്തവും നവീനവുമായ ഈ സംരംഭം വള്ളംകളിക്ക് കൂടുതല്‍ ആവേശവും പ്രചാരവും നല്‍കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വള്ളംകളി ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കായികോത്സവമാണ്. എന്നാല്‍ കുറേക്കാലമായി വള്ളംകളികളുടെ പകിട്ട് കുറഞ്ഞുവരുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.

കാഴ്ചക്കാരില്ലാത്തതോ, കായികപ്രേമികളില്ലാത്തതോ അല്ല അതിന്റെ കാരണം. വന്‍ സാമ്പത്തിക ബാധ്യതയാണ് വള്ള ടീമുകള്‍ക്ക് ഉണ്ടാകുന്നത്. ഇതുമൂലം വള്ളപ്പുരകളില്‍ വള്ളങ്ങള്‍ വെള്ളം കാണാതെ ഇരിക്കുന്ന സാഹചര്യം പോലുമുണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വള്ളം കളി മത്സരങ്ങളെ ടൂറിസം വകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റേയും നേതൃത്വത്തില്‍ ഒരു കായിക മേളയായി അന്തരാഷ്ട്രനിലവാരത്തില്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം.

ഇതു വഴി കേരളത്തിലേയ്ക്ക് കായിക പ്രേമികളുടെയും വിനോദസഞ്ചാരികളുടെയും വരവിന് ആക്കം കൂട്ടുവാന്‍കഴിയും. ചാമ്പ്യൻസ് ബോട്ട് ലീഗില്‍ 13 വേദികളിലായി 13 വള്ളംകളിമത്സരങ്ങളാണ് നടത്തുക. ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കള്‍ക്ക് ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക.

ഓരോ വേദികളിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 1 ലക്ഷം രൂപയും വീതം സമ്മാനത്തുക ലഭിക്കും. ഇത് മാത്രമല്ല ലീഗിന് യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരവേദിക്കും ബോണസ് 4 ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്യും. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും മികച്ച സമയത്തിൽ എത്തിച്ചേരുന്ന 9 ചുണ്ടൻ വള്ളങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മത്സരിക്കാൻ യോഗ്യത നേടുന്നത്.

ചാമ്പ്യൻസ് ബോട്ട് ലീഗ് സമയക്രമം

ആലപ്പുഴ നെഹ്‌റു ബോട്ട് റേസ് (ആഗസ്ത് 11), പുളിങ്കുന്ന് ആലപ്പുഴ (ഓഗസ്റ്റ് 18) , കരുവാറ്റ ,ആലപ്പുഴ (ഓഗസ്റ്റ് 28 ), കോട്ടപ്പുറം തൃശൂർ  (സെപ്റ്റംബർ 1) , താഴത്തങ്ങാടി കോട്ടയം (സെപ്റ്റംബർ 9), പൂത്തോട്ട എറണാകുളം (സെപ്റ്റംബർ 15), പിറവം എറണാകുളം (സെപ്റ്റംബർ 22),കൈനകരി ആലപ്പുഴ (സെപ്റ്റംബർ29), കവണാറ്റിങ്കര കോട്ടയം (ഒക്ടോബർ 6),  മദർ തെരേസ റേസ് മാവേലിക്കര  (ഒക്ടോബർ 13), കായംകുളം ആലപ്പുഴ (ഒക്ടോബർ 20),  കല്ലട കൊല്ലം (ഒക്ടോബർ27),  പ്രസിഡന്‍റ് ബോട്ട്  ട്രോഫി (കൊല്ലം നവംബർ 1).

എല്ലാമത്സരങ്ങളും ഉച്ചക്ക് ശേഷം 2:30 മുതൽ വൈകുന്നേരം 5.00 മണിവരെ യാണ് നടത്തുന്നത്. മൂന്ന് ടീമുകൾ വീതം പങ്കെടുക്കുന്ന മൂന്ന് ഹീറ്റ്സുകളായി പ്രാഥമിക മത്സരങ്ങൾ നടക്കുകയും അതില്‍ മികച്ച സമയക്രമത്തില്‍ എത്തുന്ന മൂന്ന് വള്ളങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഫൈനൽ മത്സരം നടത്തുന്നതുമായിരിക്കും. 4,5,6സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ലൂസേഴ്സ് ഫൈനൽ മത്സരം ഉണ്ടായിരിക്കുന്നതാണ്.

ഓരോ മത്സരത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 10,7,4 എന്ന രീതിയിൽ പോയിന്റുകൾ നൽകുന്നതായിരിക്കും. ലൂസേഴ്സ് ഫൈനലിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3 ,2 ,1 എന്ന രീതിയിൽ പോയിന്റുകൾ നൽകുന്നതായിരിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിൽ ക്യൂമുലേറ്റീവ് പോയിന്റ് ടേബിള്‍ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. നവംബർ 1 നു കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ ചാമ്പ്യൻസ് ബോട്ട് ലീഗിന് സമാപനം കുറിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനല്‍ വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രസിഡന്റ്സ് ട്രോഫി വേദിയില്‍ വിതരണം ചെയ്യും.

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സംസ്ഥാനതല സംഘാടക സമിതിയുടെ രക്ഷാധികാരി മുഖ്യമന്ത്രിയും അധ്യക്ഷന്‍ ടൂറിസം വകുപ്പ് മന്ത്രിയും, ഉപാധ്യക്ഷന്‍ ധനകാര്യവകുപ്പ് മന്ത്രിയും, ടൂറിസം സെക്രട്ടറി കണ്‍വീനറും ആയിരിക്കും. വള്ളം കളി മത്സരം നടക്കുന്ന വേദികളിലെ പ്രാദേശിക സബ്കമ്മറ്റി അധ്യക്ഷന്‍ അതാത് പ്രദേശത്തെ എംഎല്‍എയും, കണ്‍വീനർ ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുമായിരിക്കും.

ചാമ്പ്യന്‍സ് ലീഗിന്‍റെ 5 വര്‍ഷ കാലയളവിലെ ചുമതലയും നടത്തിപ്പിനുമായി ഇക്കാര്യത്തില്‍ പ്രാവീണ്യവും മുന്‍പരിചയമുള്ള എക്സ്ക്ലൂസിവ് സ്പോർട്ട്സ് മാനേജ്മെൻറ് ഏജൻസികളില്‍ നിന്നുമാത്രം അപേക്ഷ ക്ഷണിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. ഏജന്‍സികളുടെ അന്തിമ തെരെഞ്ഞെടുപ്പ് സര്‍ക്കാരിന്റെ അനുമതിയ്ക്ക് വിധേയമായിരിക്കും. ഇതിനായി പ്രത്യേക കരാര്‍ ഉടമ്പടികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

English summary
The Champions Boat League first prize winners got prize of Rs 25 lakh
topbanner

More News from this section

Subscribe by Email