topbanner
Monday October 23rd, 2017 - 10:36:pm
topbanner

ആവശ്യമില്ലാത്ത മരുന്ന് വാങ്ങിക്കൂട്ടി; ശിക്ഷ ലഭിച്ച ഉദ്യോഗസ്ഥര്‍ നേടിയത് കോടികള്‍

NewsDesk
ആവശ്യമില്ലാത്ത മരുന്ന് വാങ്ങിക്കൂട്ടി; ശിക്ഷ ലഭിച്ച ഉദ്യോഗസ്ഥര്‍ നേടിയത് കോടികള്‍

തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കി ഒന്നരക്കോടി രൂപയുടെ അഴിമതി നടത്തിയ കേസിലാണ് മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.

അഞ്ചു വര്‍ഷം വീതംതടവും 1.4 കോടി രൂപ പിഴയുമാണ് വിധിച്ചത്. 2002-2003 വര്‍ഷം തലസ്ഥാനജില്ലയിലേക്ക് ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ വാക്‌സിന്‍ സ്വകാര്യ കമ്പനികളില്‍നിന്ന് അധികം വാങ്ങി അഴിമതി നടത്തിയ കേസിലാണ് മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ വി കെ രാജന്‍, ഡിഎംഒ കെ ഷൈലജ എന്നിവര്‍ക്ക് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ ശിക്ഷ വിധിച്ചത്.

ശിക്ഷിക്കപ്പെട്ട ഓരോരുത്തരും അഴിമതി നിരോധന വകുപ്പ് പ്രകാരം 50 ലക്ഷം രൂപയും കൃത്രിമമായ രേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകളില്‍ 2 ലക്ഷവും ഒടുക്കണം. മറ്റു പ്രതികളായ സ്‌റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ജി സദാശിവന്‍നായര്‍, ഫാര്‍മസിസ്റ്റ് എ മുഹമ്മദ് എന്നിവരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വിട്ടയച്ചു.

പ്രത്യേക സാഹചര്യമില്ലാതിരിക്കെ അഴിമതി ലക്ഷ്യംവച്ച് ഗൂഢാലോചന നടത്തി മരുന്ന് വാങ്ങി ഒന്നരക്കോടിയോളം രൂപ (1,49,17,280 രൂപ) നഷ്ടം വരുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഈസമയം ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ വാക്‌സിന്റെ വന്‍തോതിലുള്ള ആവശ്യം ഉണ്ടായിരുന്നില്ല. വാക്‌സിന്‍ ശീതീകരിച്ച് സൂക്ഷിക്കാനുള്ള പ്രത്യേക സംവിധാനമായ ഐസ്ലൈന്‍ഡ് റെഫ്രിജറേറ്ററുകള്‍ (ഐഎല്‍ആര്‍) പിഎച്ച്‌സികളിലും ഇല്ലാതിരിക്കെയാണ് മരുന്ന് വാങ്ങിക്കൂട്ടിയത്. അതുമൂലം ഈ മരുന്നുകള്‍ ഇന്‍സുലിന്‍ മരുന്നുകളുടെ കൂടെയാണ് ആശുപത്രികളില്‍ സൂക്ഷിച്ചത്. പിഎച്ച്‌സിയില്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനു പകരം ഇന്‍സുലിന്‍കുത്തിവച്ചത് വിവാദമായി. തുടര്‍ന്നാണ് വന്‍ അഴിമതി പുറത്തായത്.

ഒന്നും രണ്ടും പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജരേഖകള്‍ ചമച്ച് വാക്‌സിന്‍ വന്‍തോതില്‍ വാങ്ങുകയായിരുന്നുവെന്ന് കണ്ടെത്തി. കുറ്റവിമുക്തരായ രണ്ടു പ്രതികളും സ്‌റ്റോര്‍ സൂപ്രണ്ടായിരുന്ന പരേതനായ അഗസ്റ്റിന്‍ തോമസും ഈ വാക്‌സിന്‍ ആവശ്യമുണ്ടെന്ന് കാണിച്ച് ഇന്‍ഡന്‍ഡ് നല്‍കി. വ്യാജരേഖകള്‍ ചമച്ചുനല്‍കിയ ഇന്‍ഡന്‍ഡ് പ്രകാരം, ഡിഎംഒ ആയ ഷൈലജ മരുന്നിന് ഓര്‍ഡര്‍ നല്‍കി. ഇവരുടെ ശുപാര്‍ശകളെല്ലാം അന്ന് ഡയറക്ടറായിരുന്ന ഒന്നാം പ്രതി വി കെ രാജന്‍ പരിശോധന കൂടാതെ അംഗീകരിച്ചു. ജില്ലയിലെ പിഎച്ച്‌സികളിലെ ഡോക്ടര്‍മാരുടെ യോഗം വിളിച്ച് ഈ വാക്‌സിനുകള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് ഭീഷണിസ്വരത്തില്‍ രാജനും ഷൈലജയും പറഞ്ഞതായി ഡോക്ടര്‍മാര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മറ്റു ജില്ലകളിലൊന്നും ഈ വാക്‌സിന്‍ ആരും ആവശ്യപ്പെട്ടിരുന്നില്ല.

English summary
5 Years' Jail for Former Thiruvananthapuram Health Services Directors in Corruption Case
topbanner topbanner

More News from this section

Subscribe by Email