Thursday January 17th, 2019 - 4:51:pm
topbanner

സ്ത്രീക്കും പുരുഷനുമപ്പുറം; 'മഴവില്ല്' പുതിയ മാറ്റത്തിന്റെ തുടക്കം: മുഖ്യമന്ത്രി

Aswani
സ്ത്രീക്കും പുരുഷനുമപ്പുറം;  'മഴവില്ല്' പുതിയ മാറ്റത്തിന്റെ തുടക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് പൊതുസമൂഹം സ്വീകരിക്കുന്ന മനോഭാവത്തില്‍ മാറ്റമുണ്ടാകാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി നടപ്പാക്കുന്ന 'മഴവില്ല്' എന്ന സമഗ്രപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം സ്വത്വത്തില്‍ അഭിമാനത്തോടെ ജീവിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള അവകാശത്തിനൊപ്പമാണ് സര്‍ക്കാര്‍ എന്നതിന് തെളിവാണ് പുതിയതായി നടപ്പാക്കുന്ന പദ്ധതികള്‍. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം.

പൊതുയിടങ്ങളില്‍ ഈ സമൂഹത്തിന്റെ സാന്നിധ്യം ഉണ്ടാക്കാനും അവരുടെ ശബ്ദം കേള്‍പ്പിക്കാനും സര്‍ക്കാരിന്റെ പദ്ധതികളിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്ത്രീയും പുരുഷനുമെന്ന രണ്ടു വിഭാഗത്തിനുമപ്പുറത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നൊരു വിഭാഗം കൂടിയുണ്ട് എന്ന തരത്തില്‍ സമൂഹത്തിനെ മാറ്റിയെടുക്കാന്‍ കുറച്ചെങ്കിലും നമുക്ക് സാധിച്ചിട്ടുണ്ട്. മുമ്പും നമുക്കിടയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹമുണ്ടായിരുന്നെങ്കിലും അവര്‍ ആട്ടിപ്പായിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് പല അംഗീകാരങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.

കൊച്ചി മെട്രോയില്‍ ജോലി സംവരണം ഏര്‍പ്പെടുത്തിയതിലൂടെ ലിംഗ നീതിയുടെ പുതിയ അധ്യായം തുറന്നു. അന്താരാഷ്ട്രതലത്തില്‍ പോലും ഈ നീക്കത്തിന് അംഗീകാരം ലഭിച്ചു. ഇംഗ്ലണ്ടിലെ ഗാര്‍ഡിയന്‍ പത്രം മാതൃകാപരമായ നീക്കമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. തൊഴിലില്ലായ്മയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹം നേരിടുന്ന പ്രശ്‌നം. ഇത് പരിഹരിക്കാന്‍ നൈപുണ്യ-ഡ്രൈവിംഗ് പരിശീലനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇപ്പോള്‍ വിദ്യാഭ്യാസ പൂര്‍ത്തീകരണത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സാക്ഷരതാ മിഷന്‍ വഴി തുടര്‍ വിദ്യാഭ്യാസത്തിനുള്ള അവസരം സൃഷ്ടിച്ചത് ഇതിനുദാഹരണമാണ്.

സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കുന്നതിന് ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ ഉടന്‍ ആരംഭിക്കും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സ്വത്വം അറിയുന്നതിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. പലതരത്തിലുള്ള ആക്രമണങ്ങളാണ് ഇവര്‍ നേരിടുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കുടുംബം, വിദ്യാഭ്യാസം, തൊഴിലിടം എന്നിവിടങ്ങളില്‍ മറ്റുള്ളവരെ പോലെ മനുഷ്യാവകാശം ഇവര്‍ക്കുമുണ്ട്. ഇത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പി.ബി. നൂഹ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, കെ.എസ്.എസ്.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ സ്വാഗതവും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ ശ്യാമ എസ്. പ്രഭ നന്ദിയും പറഞ്ഞു.

English summary
beyond men and women; 'mazhavillu' makes a new change : chief minister
topbanner

More News from this section

Subscribe by Email