Friday May 24th, 2019 - 12:41:pm
topbanner
topbanner

കൈകൂപ്പി അഭ്യർത്ഥിക്കുന്നു: ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ വിളിക്കണം: ചെന്നിത്തല

bincy
കൈകൂപ്പി അഭ്യർത്ഥിക്കുന്നു: ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ വിളിക്കണം: ചെന്നിത്തല

തിരുവനന്തപുരം∙ പ്രളയക്കെടുതിയിൽ പെട്ടുപോയവരെ രക്ഷപ്പെടുത്താൻ രക്ഷാചുമതല പൂർണമായും സൈന്യത്തിന് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്ന് കൈകൂപ്പി അഭ്യർഥിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ ജീവൻ രക്ഷിക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യത്തെ വിളിക്കണമെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി തന്നെ പുച്ഛിച്ചു തള്ളിയതായും ചെന്നിത്തല വെളിപ്പടുത്തി.

പ്രളയക്കെടുതി നമ്മെ ബാധിച്ചുതുടങ്ങിയിട്ട് ഇത് നാലാം ദിവസമാണ്. സംസ്ഥാനത്തുടനീളം അതിദയനീയമായ കാഴ്ചയാണ്. ഈ ദീനരോദനങ്ങൾക്കു മുന്നിൽ നിസഹായരായി നിൽക്കാനേ നമുക്കാകൂ. പ്രത്യേകിച്ചും ചെങ്ങന്നൂർ, തിരുവല്ല, പന്തളം, റാന്നി, ആറൻമുള, പറവൂർ, അങ്കമാലി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലെല്ലാം അതിദയനീയമായ കാഴ്ചയാണ്.

ഇപ്പോൾ ഏറ്റവും ഗുരുതരമായ പ്രശ്നമുണ്ടായിരിക്കുന്നത് കുട്ടനാട്ടിലാണ്. അവിടെനിന്ന് നൂറുകണക്കിന് പേരാണ് ഞങ്ങളെ വിളിക്കുന്നത്.പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് വിദേശത്തുനിന്ന് ഉൾപ്പെടെ നൂറുകണക്കിന് സഹായാഭ്യർഥന വരുന്നു. ഇവയെല്ലാം മുഖ്യമന്ത്രിക്കും സർക്കാർ സംവിധാനങ്ങൾക്കും കൈമാറുകയാണ് ചെയ്യുന്നത്.

പ്രളയക്കെടുതിയിൽ ജനം വലഞ്ഞുതുടങ്ങിയിട്ട് നാലു ദിവസമായിട്ടും കാര്യമായ പരിഹാരമുണ്ടാക്കാൻ കഴിയാത്തത് വേദനാജനകമാണ്. കേരളം ഒന്നിച്ചു കൈകോർത്തു നിന്നിട്ടും എല്ലാവരെയും രക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്. ഇത്രവലിയ സേനാസംവിധാനമുള്ള രാജ്യമാണ് നമ്മുടേതെന്ന് ഓർക്കണം.

നാലും അഞ്ചും ദിവസമായി കുടിവെള്ളവും മരുന്നും ഭക്ഷണവും കിട്ടാതെ വലയുന്ന എത്രയോ പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. പതിനായിരക്കണക്കിനു പേർ വെള്ളത്തിനു നടുവിൽ ഒറ്റപ്പെട്ടിരിക്കുന്നു. ഇത്തരം ദയനീയമായ ഒരു അവസ്ഥ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഈ ദാരുണ സാഹചര്യത്തിൽ കേരളത്തിലെ പ്രതിപക്ഷം പൂർണമായും സർക്കാരിനോടു യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം സർക്കാരിനെ അറിയിക്കുന്നുണ്ട്. മുഖ്യമന്ത്രി എന്നെ വിളിച്ചപ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം പോയി ദുരന്തമേഖലകൾ സന്ദർശിച്ചു.

ഇത്തരം സന്ദർഭങ്ങളിൽ കൂടുതലായി സൈന്യത്തിന്റെ സഹായം തേടുകയാണ് വേണ്ടതെന്ന് ശരിക്ക് അറിയാവുന്ന ആളാണ് ഞാൻ. നേരത്തെ അസമിന്റെ ചുമതലുണ്ടായിരുന്ന സമയത്ത് അവിടെ പ്രളയം ബാധിച്ചപ്പോൾ അവർ നടത്തിയ രക്ഷാപ്രവർത്തനം ഞാൻ കണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ പൂർണമായും രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്നത് സൈന്യത്തിനു മാത്രമാണ്. സർക്കാർ കലക്ടർമാരോടും അവർ തഹസിൽദാർമാരോടും തഹസിൽദാർമാർ വില്ലേജ് ഓഫിസർമാരോടും പറഞ്ഞാൽ മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. ഇത് അറിയാവുന്നതുകൊണ്ടാണ് സേനയെ വിളിക്കണമെന്ന് ആദ്യം മുതലേ പറയുന്നത്.

ഇന്നു മുതലാണ് കുറച്ചെങ്കിലും സൈന്യം ഊർജിതമായി രംഗത്തിറങ്ങിയത്. ഈ സാഹചര്യത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ശബ്ദം സർക്കാരിനു മുന്നിലെത്തിക്കാൻ എനിക്കു ബാധ്യതയുണ്ടെന്നുള്ള ഉറച്ച ബോധ്യമുണ്ട്. ഇക്കാര്യം ഞാൻ മുഖ്യമന്ത്രിയോടു പറഞ്ഞപ്പോൾ അദ്ദേഹം എന്നെ പുച്ഛിച്ചു തള്ളി. എന്നെ പുച്ഛിക്കുന്നതിൽ കുഴപ്പമില്ല.

English summary
Requests handwriting, abusing pride, calling the army: Chennithala
topbanner

More News from this section

Subscribe by Email