തിരുവനന്തപുരം: മലബാറിന്റെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് തുടക്കമാവുന്നു. മലബാര്‍ മേഖലയിലെ വിവിധ നദികളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം 30ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് പറശിനിക്കടവില്‍ നിര്‍വഹിക്കും. അഞ്ച് വര്‍ഷം കൊണ്ട് രണ്ടു ലക്ഷം പുതിയ തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
325 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 53 കോടി രൂപയുടെ ഭരണാനുമതിയായി. എട്ടു നദികളില്‍ ആറു നദികളിലെ പദ്ധതി കേരളം നടപ്പാക്കും. രണ്ടു നദികളിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് കേന്ദ്രാനുമതിയായിട്ടുണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ട് സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ മലബാര്‍ മേഖലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാഹി നദിയില്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ആന്റ് കളരി ക്രൂയിസ്, അഞ്ചരക്കണ്ടി നദിയില്‍ പഴശിരാജ ആന്റ് സ്പൈസസ് ക്രൂയിസ്, വളപട്ടണം നദിയില്‍ മുത്തപ്പന് ആന്റ് മലബാരി ക്യൂസിന് ക്രൂയിസ്, വളപട്ടം നദിയില്‍ ബേര്‍ഡ്സ് ആന്റ് അഗ്രി ക്രൂയിസ്, തെയ്യം ക്രൂയിസ്, കുപ്പം നദിയില്‍ കണ്ടല്‍ ക്രൂയിസ്, പെരുമ്പ നദിയില്‍ മ്യൂസിക് ക്രൂയിസ്, കവ്വായി നദിയിലും വലിയ പറമ്പ കായലിലുമായി ഹാന്റ്ലൂം ആന്റ് ഹാന്റിക്രാഫ്സ് ക്രൂയിസ്, തേജസ്വിനി നദിയില്‍ വാട്ടര്‍ സ്പോര്‍ട്ട് ആന്റ് റിവര്‍ ബാത്തിംഗ് ക്രൂയിസ്, വലിയ പറമ്പ കായലിലൂടെ മോഡല്‍ റെസ്പോണ്സിബിള് വില്ലേജ് ക്രൂയിസ്, ചന്ദ്രഗിരി നദിയില്‍ യക്ഷഗാന ക്രൂയിസ് എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുക.
പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയായിട്ടാവും ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, പദ്ധതിയുടെ ആര്‍ക്കിടെക്റ്റ് മധുകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.