Tuesday July 16th, 2019 - 12:21:am
topbanner
topbanner

തിറയാടാനെത്തി കലാകാരനെ വീട്ടമ്മയെ അപമാനിച്ചെന്ന് പേരില്‍ പിടികൂടിയതില്‍ പ്രതിഷേധം

NewsDesk
തിറയാടാനെത്തി കലാകാരനെ വീട്ടമ്മയെ അപമാനിച്ചെന്ന് പേരില്‍ പിടികൂടിയതില്‍ പ്രതിഷേധം

നാദാപുരം: ക്ഷേത്രത്തില്‍ തിറയാടാനെത്തിയ തെയ്യംകലാകാരനെ വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിനിടയാക്കി.

കൊയിലാണ്ടി ചെങ്ങോട്ട്കാവില്‍ താമസിക്കുന്ന വിഷ്ണുമംഗലത്തെ വട്ടക്കണ്ടിയില്‍ സജേഷിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്. കല്ലാച്ചി ഉണ്ണംനാട് ക്ഷേത്രത്തില്‍ തിറയാടാനെത്തിയപ്പോള്‍ നാദാപുരം എസ്.ഐ കെ.പി. അഭിലാഷും സംഘവും ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തെയ്യംകലാകാരന്മാരും പൊലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ഇതോടെ രണ്ടുമണിക്കൂറിലേറെ ഉത്സവം മുടങ്ങി.

സി.പി.എം അനുഭാവിയായ സജേഷിനെ കഴിഞ്ഞ തിരുവോണനാളില്‍ ഓണപ്പൊട്ടന്‍ കെട്ടിയതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതും മര്‍ദ്ദിച്ചതും വിവാദമായിരുന്നു. ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്ന് ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിവാദ പ്രസ്താവന കത്തിനില്‍ക്കുന്ന കാലത്തായിരുന്നു ഇത്.

വേഷം കെട്ടി ഗൃഹസന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. ഓണം വാമന ജയന്തിയാണെന്നും അതിനാല്‍ ഇതൊന്നും ഇവിടെ അനുവദിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് സജേഷ് അന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഇതിനിടെ ഓണപ്പൊട്ടനായെത്തിയ സജേഷ് വീട്ടില്‍കയറി തന്നെ അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി അനുഭാവിയായ വീട്ടമ്മയും പൊലീസില്‍ പരാതി നല്‍കി.

ഇവരുടെ പരാതിയില്‍ സജേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യാത്തതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് ബുധനാഴ്ച അറസ്റ്റുണ്ടായത്

ഇതോടെ അമ്പലത്തില്‍ തിറയാട്ടത്തിനെത്തിയ തെയ്യംകലാകാരന്മാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നു. സി.പി.എം നേതാക്കളായ കെ.പി. കുമാരന്‍ മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.പി. രാജന്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ എന്നിവരെത്തി തിറയാട്ടത്തിനായി യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല.

സമരം നടത്തുന്ന തെയ്യം കലാകാരന്മാരോട് ക്ഷേത്രം ഭാരവാഹികള്‍ ആചാരങ്ങള്‍ക്ക്് തടസ്സമുണ്ടാക്കരുതെന്നും ഉത്സവത്തിനെത്തണമെന്നും ആവശ്യപ്പെട്ടത് വാക്കേറ്റത്തിനിടയാക്കി. പ്രതിയെ വിട്ടയക്കില്ലെന്നും കോടതിയില്‍ ഹാജരാക്കാമെന്നും കുറ്റിയാടി സി.ഐ ടി. സജീവന്‍ സമരക്കാരെ അറിയിച്ചു. ഇതോടെ പൊലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യവുമായി കൂടുതല്‍ പേര്‍ സ്ഥലത്തെത്തി. ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചതോടെ പ്രതിഷേധക്കാര്‍ പിന്‍വാങ്ങി.

സ്ഥലത്തെത്തിയ സി.പി.എം ഏരിയ സെക്രട്ടറി പി.പി. ചാത്തു പൊലീസ് നടപടിയെ വിമര്‍ശിച്ചു. നാദാപുരം എസ്.ഐ സംഘ്പരിവാറിന്റെ പ്രാന്തപ്രചാരകനായി മാറുകയാണെന്നും ഒളിവില്‍ പോകാത്ത പ്രതിയെ ക്ഷേത്രത്തിലെത്തി അറസ്റ്റ് ചെയ്തത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നാദാപുരം ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് സജേഷിനോട് സ്‌റ്റേഷനില്‍ നേരത്തെ ഹാജരാകാന്‍ ആവശ്യപ്പൈട്ടങ്കിലും അനുസരിച്ചില്ലെന്നും ക്ഷേത്രപരിസരത്തുവെച്ച് കണ്ടപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുെന്നന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടും ബി.ജെ.പി നേതാക്കള്‍ മൗനംപാലിച്ചത് ചര്‍ച്ചയായിട്ടുണ്ട്.

Read more topics: theyyam, artist, arrest, nadapuram
English summary
theyyam artist arrested nadapuram
topbanner

More News from this section

Subscribe by Email